|    Nov 19 Sun, 2017 4:44 am
FLASH NEWS

നെയ്യാറ്റിന്‍കര നഗരസഭാ പൊതുശ്മശാന പദ്ധതി അനിശ്ചിതത്വത്തില്‍

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം:  നാട്ടുകാരുടെ എതിര്‍പ്പ് മൂലം നെയ്യാറ്റിന്‍കര നഗരസഭ സ്മൃതിപഥം പൊതുശ്മശാന പദ്ധതി അനിശ്ചിതത്വത്തില്‍. നഗരസഭയുടെ ബജറ്റിലാണ് സ്മൃതിപഥം എന്ന പേരില്‍ പൊതുശ്മശാനം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. രണ്ട് കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കാന്‍ നഗരസഭ ശ്രമിക്കുന്ന സ്ഥലത്തെല്ലാം നാട്ടുകാരുടെ എതിര്‍പ്പ് ഉയരുന്നതിനാലാണ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതെന്നാണ് നഗരസഭയുടെ വാദം. വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നതാണ് നഗരസഭാ പ്രദേശത്ത് ശാന്തികവാടം മാതൃകയില്‍ പൊതുശ്മശാനം വേണമെന്നത്. പനങ്ങാട്ടുകരിയിലെ നഗരസഭയുടെ സ്ഥലത്ത് പദ്ധതി ആദ്യം നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും സമീപവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവിടെ ആരംഭിക്കാനായില്ല. തുടര്‍ന്ന് കൃഷ്ണപുരം ഗ്രാമത്ത് പദ്ധതി നടപ്പിലാക്കാന്‍ ശ്രമം നടത്തി. ഇവിടെയും പ്രാദേശികമായ എതിര്‍പ്പ് ഉയര്‍ന്നുവന്നതോടെ പദ്ധതി നടപ്പിലാക്കാനായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്് മാമ്പഴക്കരയില്‍ പൊതുശ്മശാനവും ചവര്‍ സംസ്‌കരണകേന്ദ്രവും തുടങ്ങാനായി പദ്ധതി തയ്യാറാക്കി. ഇവിടെ ഇതിനെതിരേ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ രണ്ട് പദ്ധതികളും നഗരസഭ ഉപേക്ഷിച്ചു. ഇപ്പോള്‍ സ്മൃതിപഥം പദ്ധതി തയ്യാറാക്കിയെങ്കിലും പദ്ധതി എവിടെ ആരംഭിക്കണമെന്ന കാര്യത്തില്‍ നഗരസഭയ്ക്ക് യാതൊരു നിശ്ചയവുമില്ല. കാരണം പ്രാദേശികമായി ഉയരുന്ന എതിര്‍പ്പാണ്. നഗരസഭയ്ക്ക് തൊഴുക്കലില്‍ അമ്പത് ഏക്കറിലേറെ സ്ഥലമുണ്ട്. പണ്ട് ഇവിടെ ശ്മശാനമായിരുന്നു. ഇവിടെ പൊതുശ്മശാനം നിര്‍മിക്കണമെന്ന് വിവിധ സംഘടനകള്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഒരു വിഭാഗക്കാരുടെ എതിര്‍പ്പ് കണക്കിലെടുത്ത് ഇവിടെ തുടങ്ങാന്‍ നഗരസഭ തയ്യാറായില്ല. ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇത്തരത്തി ല്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കകരിക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക