|    Dec 14 Fri, 2018 8:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെയ്യാറ്റിന്‍കര കൊലപാതകം ഐജി ശ്രീജിത്ത് അന്വേഷിക്കും

Published : 12th November 2018 | Posted By: kasim kzm

തിരുവനന്തപുരം: വാക്തര്‍ക്കത്തിനിടെ സനല്‍ എന്ന യുവാവ് കാറിനു മുന്നില്‍ വീണു കൊല്ലപ്പെട്ട കേസില്‍, സനലിനെ തള്ളിയിട്ട ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍.
ഡിവൈഎസ്പി ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയും തമിഴ്‌നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറുമാണ് പിടിയിലായത്. അതിനിടെ, ഡിവൈഎസ്പി പ്രതിയായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് നല്‍കിയതായി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ കേസ് നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
ഡിവൈഎസ്പിക്കും ബിനുവിനും രക്ഷപ്പെടാന്‍ ആദ്യം കാര്‍ ഏര്‍പ്പാടാക്കിയത് പിടിയിലായ അനൂപാണ്. ഇയാളെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകത്തിനു ശേഷം ഹരികുമാര്‍ രക്ഷപ്പെട്ട കാര്‍ അന്വേഷണ സംഘം കണ്ടെത്തി. അനൂപില്‍ നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലത്തെ ഹരികുമാറിന്റെ കുടുംബ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയില്‍ നിന്നു രക്ഷപ്പെട്ട ഹരികുമാറിനും സംഘത്തിനും ഒളിച്ച് താമസിക്കാന്‍ അവസരമൊരുക്കുകയും സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുകയും ചെയ്തത് ഇന്നലെ അറസ്റ്റിലായ നെടുമങ്ങാട് സ്വദേശിയും തൃപ്പരപ്പിലെ ലോഡ്ജ് മാനേജറുമായ സതീഷായിരുന്നു. കൊലയ്ക്കുശേഷം ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും എത്തിയത് സതീഷിനരികിലാണ്. ഇവര്‍ക്ക് രണ്ടു സിം കാര്‍ഡുകളും രക്ഷപ്പെടാനുള്ള മറ്റു സജ്ജീകരണങ്ങളും ഇയാള്‍ ഒരുക്കി. പ്രതികള്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തൃപ്പരപ്പില്‍ നിന്നു പോയെന്നും സതീഷ് പോലിസിനോട് പറഞ്ഞു.
ഹരികുമാര്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. അടിക്കടി താവളം മാറുന്ന ഇയാള്‍ കാറിലാണു യാത്ര ചെയ്യുന്നത്. കേസില്‍ ഹരികുമാറിനെ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘത്തിനു ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss