|    Jun 19 Tue, 2018 2:21 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നെയ്ത്തുശാലകളില്‍ ദുരിതബാല്യം

Published : 7th January 2016 | Posted By: G.A.G

slug-pathayorathഏതാണ്ട് അടിമപ്പണിയോട് അടുത്തുനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കുട്ടികളും കൗമാരപ്രായക്കാരും ഫാക്ടറികളില്‍ കഠിനാധ്വാനം ചെയ്യുന്നു. ഇവരില്‍ കൂടുതലും പെണ്‍കുട്ടികള്‍. തമിഴ്‌നാട്ടില്‍ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍മാണ യൂനിറ്റുകളുടെ മറച്ചുവയ്ക്കപ്പെട്ട മുഖമാണിത്. 1980കള്‍ വരെ നെയ്ത്ത് ഫാക്ടറികള്‍ മുതിര്‍ന്ന പുരുഷ തൊഴിലാളികളെയാണ് പ്രധാനമായും ജോലിക്കു വച്ചിരുന്നത്.

അവര്‍ സുരക്ഷിത സാഹചര്യങ്ങളില്‍ നിയമപ്രകാരമുള്ള കൂലി വാങ്ങി അടിസ്ഥാനപരമായ സാമൂഹിക സുരക്ഷിതത്വത്തോടെ പണിയെടുത്തുപോന്നു. കഴിഞ്ഞ മുപ്പതു കൊല്ലമായി ഈ തൊഴിലാളികള്‍ക്കു പകരം ഗണ്യമായ തോതില്‍ കുട്ടികളെക്കൊണ്ടാണ് പണിയെടുപ്പിക്കുന്നത്. ‘ക്യാംപ് കൂലി സമ്പ്രദായം’ എന്നാണതിന്റെ പേര്. ഭീകരമായ ഈ ഏര്‍പ്പാടിന്റെ ഭാഗമായി പതിനായിരക്കണക്കിനു കുട്ടികളും കൗമാരപ്രായക്കാരുമായ തൊഴിലാളികളും തടവറകള്‍ക്കു സമാനമായ പാര്‍പ്പിടങ്ങളില്‍ അടച്ചിടപ്പെടുന്നു. ദിവസം പത്തു മണിക്കൂറോ അതില്‍ കൂടുതലോ നേരം യാതൊരു ഇടവേളയുമില്ലാതെ പാതിയടിമപ്പണിയെന്നു പറയാവുന്ന സാഹചര്യങ്ങളില്‍ പണിയെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. എന്തു വില കൊടുത്തും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന സമകാലിക യുഗത്തിലെ മേക്കിങ് ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഇതുവഴി നിശ്ശബ്ദതയുടെ ഗൂഢാലോചന മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായും പീഡനാത്മകമായും പണിയെടുപ്പിക്കുകയെന്നത് ഈ യാഥാര്‍ഥ്യത്തിന്റെ ഭാഗമാണ്.

രാജ്യത്ത് കൃഷി കഴിഞ്ഞാല്‍ പിന്നെ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും അധികം ആളുകളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്ന മേഖല വസ്ത്രനിര്‍മാണമാണ്. 35 ദശലക്ഷം പേര്‍ എന്നാണ് കണക്ക്. നൂല്‍നൂല്‍പ്, നെയ്ത്ത്, തയ്യല്‍, ഉടുപ്പു നിര്‍മാണം എന്നിവയടങ്ങുന്ന ഈ ശൃംഖല ഇന്ത്യയുടെ വിദേശനാണയശേഖരത്തിനു ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. ഇന്ത്യയിലെ നെയ്ത്തുശാലകളില്‍ 65 ശതമാനവും തമിഴ്‌നാട്ടിലാണ്. തമിഴ്‌നാടാണ് പരുത്തി നൂല്‍ നിര്‍മാണത്തിന്റെ സിരാകേന്ദ്രം. ആഗോള ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന നിരവധി കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു വേണ്ടി തുണി വാങ്ങുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്.

ആഗോള വിപണിയുടെ ആവശ്യങ്ങള്‍ നിവൃത്തിക്കുന്നതിനു വേണ്ടി ഇന്ത്യന്‍ നിര്‍മാതാക്കള്‍ മുതിര്‍ന്ന തൊഴിലാളികള്‍ക്കു പകരം കൗമാരക്കാരെയാണ് ഈയിടെയായി പകരം നിയമിച്ചിട്ടുള്ളത്. ഇവരില്‍ മിക്ക ആളുകളും പെണ്‍കുട്ടികളാണ്. ദാരിദ്ര്യബാധിതമായ കാര്‍ഷിക മേഖലകളില്‍ നിന്നുള്ളവരും താഴ്ന്ന ജാതിക്കാരുമാണ് ഇവര്‍. പ്രാദേശിക കങ്കാണിമാരാണ് ഈ കൗമാരത്തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്നത്. കുട്ടിയൊന്നിന് അവര്‍ക്കു രണ്ടായിരം രൂപ വീതം കമ്മീഷന്‍ കിട്ടുമെന്നാണ് അറിവ്. തമിഴ്‌നാട്ടിലെ നെയ്ത്തു മില്ലുകളില്‍ ഏതാണ്ട് 38,000 കൗമാരപ്രായക്കാരായ തൊഴിലാളികളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, ട്രേഡ് യൂനിയനുകളും ഇത്തരം പ്രവണതകള്‍ക്കെതിരായി പ്രയത്‌നം നടത്തുന്നവരും പറയുന്നത് യഥാര്‍ഥ എണ്ണം പത്തും പതിനഞ്ചും ഇരട്ടി കൂടുതലാണെന്നാണ്. ഈ കുട്ടികളുടെ കടക്കെണിയില്‍ അകപ്പെട്ട രക്ഷിതാക്കള്‍ വീണുപോവുന്നത് മുന്‍കൂറായി ലഭിക്കുന്ന തുക എന്ന ആകര്‍ഷണത്തിലാണ്.

ഏതാണ്ട് 5000 രൂപയാണ് മുന്‍കൂര്‍ തുക. ഈ തുക കൃഷി പിഴച്ചുപോയതു മൂലമുണ്ടായ നിരന്തരമായ കടബാധ്യതകളില്‍ നിന്നു മോചനം നേടാന്‍ അവരെ സഹായിക്കുന്നു. ഫാക്ടറി സൈറ്റില്‍ തന്നെയുള്ള പാര്‍പ്പിടങ്ങളിലേക്കാണ് പെണ്‍കുട്ടികളെ അയക്കുന്നത്. അവര്‍ക്ക് പ്രതിമാസം ഏതാണ്ട് ആയിരം രൂപ കിട്ടും. മൂന്നു കൊല്ലം പൂര്‍ത്തിയാവുമ്പോള്‍ 35,000 രൂപ മുതല്‍ 60,000 രൂപ വരെ ഒന്നിച്ചു കൊടുക്കുകയും ചെയ്യുമെന്നാണ് വാഗ്ദാനം. സ്ത്രീധനത്തുക എന്ന നിലയിലാണിത്. ഒപ്പം പാത്രങ്ങളും സാരികളും നല്‍കും. ‘സുമംഗലി’ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. (സന്തോഷത്തോടെ ദാമ്പത്യജീവിതം നയിക്കുന്നവളാണ് തമിഴില്‍ സുമംഗലി). ദരിദ്രരും കടക്കെണിയില്‍ അകപ്പെട്ടവരുമായ അവരുടെ മാതാപിതാക്കള്‍ മുന്‍കൂര്‍ ലഭിക്കുന്ന പണത്തിനാലും തങ്ങളുടെ കുട്ടിക്ക് സുരക്ഷിതത്വവും ഭക്ഷണവും ലഭിക്കുമെന്ന ഉറപ്പിനാലും ആകര്‍ഷിക്കപ്പെടുന്നു. കരാര്‍ അവസാനിക്കുമ്പോള്‍ ലഭിക്കുന്ന സ്ത്രീധനത്തുക ഇപ്പറഞ്ഞതിനു പുറമെയാണ്.

ഒന്നും എഴുതാത്ത കരാര്‍പത്രങ്ങളില്‍ ഒപ്പിട്ട് രക്ഷിതാക്കള്‍ ഫാക്ടറി ഉടമസ്ഥര്‍ക്കു നല്‍കുകയും അവര്‍ ഈ കരാര്‍പത്രങ്ങള്‍ കൈയില്‍ വയ്ക്കുകയും ചെയ്യുന്നു. നിയമം അവ്യക്തവെളിച്ചം മാത്രം പായിക്കുന്ന മേഖലകളിലാണ് ഇതെല്ലാം നടക്കുന്നത്. ഉയര്‍ന്ന മതിലുകളാലും കമ്പിവേലികളാലും ചുറ്റപ്പെട്ട ഈ ഫാക്ടറികള്‍ക്കുള്ളിലേക്ക് കടക്കാന്‍ എനിക്ക് അനുമതി ലഭിക്കുക അസാധ്യമായിരുന്നു. എന്നാല്‍, ഇന്നു നടക്കുന്ന ഇത്തരം അടിമത്തരൂപങ്ങള്‍ക്കെതിരായി പ്രചാരണം നടത്തുന്ന ആളുകള്‍ എന്നെ ഊട്ടക്കമ്മാണ്ട്, ഡിണ്ടിഗല്‍ എന്നീ ജില്ലകളിലുള്ള ഇക്കൂട്ടത്തില്‍പ്പെട്ട ചില പെണ്‍കുട്ടികളെ കാണാന്‍ കൂട്ടിക്കൊണ്ടുപോയി. ആറു മാസത്തെ ഒഴിവിനു വീട്ടില്‍ വന്നതായിരുന്നു ഈ കുട്ടികള്‍. ചിലര്‍ ഈ പദ്ധതി പൂര്‍ത്തിയാക്കിയതിനു ശേഷം വിരമിച്ചുവന്നവരായിരുന്നു. അവര്‍ പറഞ്ഞ കഥകള്‍ നടുക്കവും അസ്വാസ്ഥ്യവും ഉളവാക്കുന്നവയാണ്. അവര്‍ പണിയെടുത്തിരുന്ന മില്ലുകളിലെ യന്ത്രങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഉല്‍സവദിവസങ്ങളിലൊഴിച്ച് ഒരിക്കലും പണി നിര്‍ത്തിയിരുന്നില്ല. തൊഴിലാളികള്‍ മൂന്നു ഷിഫ്റ്റുകളിലായിട്ടാണ് പണിയെടുത്തത്. തൊഴിലാളികളില്‍ ഭൂരിപക്ഷവും അവിടെത്തന്നെ താമസിക്കുന്ന കൗമാരപ്രായക്കാരായ പെണ്‍കുട്ടികളായിരുന്നു.

ആദ്യ ഷിഫ്റ്റില്‍ പണിയെടുക്കാന്‍ വേണ്ടി അവര്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കണം. ഒന്നര മണി വരെ പണിയെടുക്കണം. ഇടയ്ക്ക് ചുരുങ്ങിയ സമയം മാത്രം ചായ കഴിക്കാന്‍ ഇടവേളയുണ്ട്. പിന്നീട് ഒന്നോ രണ്ടോ മണിക്കൂര്‍ വൃത്തിയാക്കലും കണക്കെടുപ്പ് നടത്തലുമാണ്. എന്നിട്ട് അവര്‍ സ്വന്തം മുറികളില്‍ പോയി ടിവി കാണുകയോ വിശ്രമിക്കുകയോ ചെയ്യും. എന്നാല്‍, വൈകുന്നേരം മറ്റൊരു ഷിഫ്റ്റില്‍ ഉള്ള പെണ്‍കുട്ടികള്‍ക്കു വേണ്ടി അര മണിക്കൂര്‍ പകരപ്പണിയെടുക്കണം. അതായത്, ഫാക്ടറിക്ക് ഉല്‍പാദനസമയം നഷ്ടപ്പെടുന്നില്ല. ഇതിനു പിന്നാലെ രാത്രി ഷിഫ്റ്റുണ്ട്. ഫാക്ടറി പരിസരങ്ങളില്‍ നിന്നു പോവാന്‍ അവര്‍ക്ക് അനുവാദമില്ല. സ്വന്തം വീടുകളില്‍ താമസിക്കുന്ന ചുരുക്കം ചിലരുണ്ട്. അവരെ ദിവസവും ഫാക്ടറികളിലേക്കു കയറ്റിക്കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവരുകയുമാണ് ചെയ്യാറുള്ളത്. ഈ പെണ്‍കുട്ടികള്‍ പറഞ്ഞത്, ഇടയ്ക്കിടെ ചീത്തവിളിയും തല്ലും തങ്ങള്‍ക്കു നേരിടേണ്ടിവരാറുണ്ടെന്നാണ്. ലൈംഗിക ചൂഷണത്തിന്റെ കഥകളും അടക്കിപ്പിടിച്ച ശബ്ദത്തില്‍ ചിലര്‍ പറഞ്ഞു. സുരക്ഷാ പരിശീലനമില്ല.

അപകടങ്ങള്‍ അസാധാരണമല്ല. അവരുടെ ശ്വാസകോശങ്ങളില്‍ പഞ്ഞിത്തുണ്ടുകള്‍ കയറി ശ്വാസംമുട്ട് അനുഭവപ്പെടും. അമിത പണിയോടൊപ്പം വൃത്തിഹീനവും വെളിച്ചം കടക്കാത്തതുമായ പാര്‍പ്പിടങ്ങളിലെ താമസവും കൂടിയാവുമ്പോള്‍ നിരവധി രോഗങ്ങള്‍ അവരെ ബാധിക്കുകയായി. ഇടയ്ക്കിടെ ഉണ്ടാവുന്ന തലവേദനയെയും വയറുവേദനയെയും ഉറക്കമില്ലായ്മയെയും ക്ഷീണത്തെയും ആര്‍ത്തവപ്രശ്‌നത്തെയും വന്ധ്യതയെയും ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങളെയും കുറിച്ചെല്ലാം ഈ പെണ്‍കുട്ടികള്‍ക്കു പരാതിയുണ്ട്. നിരാശാരോഗം ബാധിക്കുകയും ആത്മഹത്യകള്‍ ഉണ്ടാവുകയും ചെയ്യുന്ന അനുഭവവുമുണ്ട്. പക്ഷേ, അവയൊക്കെ മൂടിവയ്ക്കുകയാണ് പതിവ്. സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം കുട്ടികളെ തൊഴിലില്‍ നിന്നു വിമുക്തരാക്കാനും അവരെ പഠനമുറികളിലേക്കും കളിക്കളങ്ങളിലേക്കും കൊണ്ടുവരാനും വേണ്ടി നാം ദീര്‍ഘകാലം പോരാടി. എന്നാല്‍, ഇന്ന് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ഈ കുട്ടികള്‍ ഒരു തലമുറ മുമ്പ് പ്രായപൂര്‍ത്തിയായവര്‍ മാത്രം പണിയെടുത്തിരുന്ന ഫാക്ടറികളിലേക്കു തന്നെ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഇതൊരു വൈരുധ്യം തന്നെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss