|    Jan 25 Wed, 2017 3:12 am
FLASH NEWS

നെന്മേനി ഗ്രാമപ്പഞ്ചായത്തിനെതിരേ ആരോപണങ്ങളുമായി പ്രതിപക്ഷം

Published : 15th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തില്‍ ഇടതുപക്ഷ ഭരണസമിതി സ്വജനപക്ഷപാതവും ഏകപക്ഷീയവുമായ തീരുമാനങ്ങളുമാണ് നടപ്പാക്കുന്നതെന്നു പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫണ്ട് വിഹിതം എല്ലാ വാര്‍ഡുകളിലേക്കും തുല്യമാക്കണമെന്ന നിയമം അട്ടിമറിച്ചു. ഭക്ഷ്യ വസ്തുക്കള്‍ മാവേലി സ്‌റ്റോറുകളില്‍ നിന്ന് എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് മറ്റ് ഏജന്‍സികളില്‍ നിന്നു വാങ്ങാനുള്ള തീരുമാനവുമായി ഭരണസമിതി മുന്നോട്ടുപോവുകയാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സുല്‍ത്താന്‍ ബത്തേരി രൂപത സൗജന്യമായി 40 സെന്റ് ഭൂമി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ വിവരം മെംബര്‍മാരില്‍ നിന്നു മറച്ചുവച്ചു. ഭരണസമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതിനു പകരം മുന്‍ ധാരണയുടെ അടിസ്ഥനത്തില്‍ തീരുമാനം പ്രഖ്യാപിക്കുന്ന നയമാണ് തുടരുന്നത്. മാലിന്യ സംസ്‌കരണത്തിനും തെരുവുനായ ശല്യം പരിഹരിക്കാനും പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും ഒരു നടപടിയും സ്വീകരിച്ചില്ല. തെരുവുവിളക്കുകള്‍ നന്നാക്കാനോ പുതിയതു സ്ഥാപിക്കാനോ സാധിച്ചിട്ടില്ല. 60 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തൃതിയുള്ള വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് നികുതി ഒഴിവാക്കിയ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെട്ടില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി പല സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈയടക്കി വച്ചിരിക്കുകയാണ്. ഇതു തിരിച്ചെടുക്കാന്‍ നടപടിയില്ല. ചീരാല്‍ ബസ്‌സ്റ്റാന്റിന് മുന്‍ ഭരണസമിതി അനുവദിച്ച 35 ലക്ഷം രൂപ വകമാറ്റി റോഡ് ടാറിങ് നടത്തുകയാണ് ചെയ്തത്. ആദിവാസികളുടെ ഫണ്ട് കെട്ടിക്കിടക്കുമ്പോഴും തല ചായ്ക്കാനിടമില്ലാതെ നിരവധി കുടുംബങ്ങള്‍ പ്ലാസ്റ്റിക് ഷെഡ്ഡില്‍ കഴിയുകയാണ്. വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കിണറുകളും കുളങ്ങളും ടാങ്കുകളും മാലിന്യം നിറഞ്ഞും മോട്ടോറുകള്‍ തുരുമ്പെടുത്തും നശിക്കുന്നു. പാടശേഖര സമിതികള്‍ക്ക് കൃഷിഭവന്‍ മുഖേന നല്‍കിയ യന്ത്രങ്ങളും നശിക്കുകയാണ്- പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി കെ തങ്ങള്‍, സൂസണ്‍ അബ്രഹാം, മിനി തോമസ്, ലളിത കുഞ്ഞന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക