|    Dec 14 Fri, 2018 5:35 pm
FLASH NEWS

നെട്ടൂര്‍ നിവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമാവുന്നു

Published : 15th August 2016 | Posted By: SMR

മരട്: നെട്ടൂര്‍ റെയില്‍വേ ഗേറ്റില്‍ ദുരിതത്തിലാവുന്ന യാത്രാക്ലേശത്തിനെതിരേ തേജസ് നല്‍കിയ വാര്‍ത്ത തുണയായി. നെട്ടൂര്‍ നിവാസികളെ കാല്‍ നൂറ്റാണ്ടുകളായി ദുരിതത്തിലാക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാര സാധ്യത തെളിയുന്നു.
തീരദേശ റെയില്‍ പാത വന്നതോടെ ഒറ്റപ്പെട്ടുപോയ നെട്ടൂര്‍ പടിഞ്ഞാറന്‍ മേഖലയില്‍ താമസിക്കുന്നവരുടെയും ഇതിലൂടെ ദിനംപ്രതി യാത്ര ചെയ്യുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ മണിക്കൂറുകളോളമുള്ള ദുരിതപൂര്‍ണമായ യാത്രാ ക്ലേശത്തെകുറിച്ച് തേജസ് വാര്‍ത്ത നല്‍കിയിരുന്നു.
പ്രദേശത്തിന്റെ വികസനത്തിനും യാത്രയ്ക്കും തടസ്സമാവുന്ന അമ്പലക്കടവ് റോഡിലെ റെയില്‍വേ ഗേറ്റിന്റെ സ്ഥാനത്ത് തുരങ്ക പാത അനുമതിക്കായുള്ള റവന്യൂ വകുപ്പിന്റെയും മരട് നഗരസഭയുടെയും രേഖകള്‍ ഡിവിഷന്‍ കൗണ്‍സിലറും മുന്‍ പൊതുമരാമത്ത് സമിതി അധ്യക്ഷനുമായ ബോബന്‍ നെടുംപറമ്പില്‍ റെയില്‍ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ബൂട്ടാനിക്ക് കൈമാറി. ഭൂമി ഏറ്റെടുക്കല്‍ നടപടിക്കുള്ള ജില്ലാ കലക്ടറുടെ എന്‍ഒസി, മരട് നഗരസഭ കൗണ്‍സില്‍ തീരുമാനം എന്നിവയാണ് കൈമാറിയത്. തുരങ്ക പാത വരുമ്പോള്‍ ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിലവിലെ കാന ആഴം കൂട്ടി വാദ്യാപ്പിള്ളി തോട്ടിലേക്ക് തുറന്നുവിടുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം റെയില്‍വേ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി റെയില്‍വേ ഗേറ്റുമാന്‍മാരെ ഒഴിവാക്കുന്ന പദ്ധതിയില്‍പെടുത്തിയാണ് തുരങ്ക പാത നിര്‍മിക്കുന്നത്. റെയില്‍വേ സുരക്ഷാ ബോര്‍ഡിന്റെ അനുമതി കിട്ടിയാലുടന്‍ നടപടി തുടങ്ങുമെന്ന് ഡിവിഷനല്‍ മാനേജര്‍ പറഞ്ഞു. റെയില്‍വേ സഹമന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയില്‍ പെടുത്തിയിരിക്കുന്നത്.
നെട്ടൂരില്‍ റെയില്‍വേ ഗേറ്റ് അടക്കുന്നത് മൂലം പലപ്പോഴും അര മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടിവന്നതും ഇത് ഒരു വര്‍ഷത്തോളമായി തുടര്‍ന്ന് വന്നതുമെല്ലാം തേജസ് വാര്‍ത്തയാക്കിയിരുന്നു.
അന്ന് നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് ബോബന്‍ നെടുംപറമ്പില്‍ പരാതി നല്‍കുകയും ഇടപെടുകയും ചെയ്തു. നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളും ആരാധനാലയത്തിലേക്ക് പോകുന്നവരും പെട്ടെന്ന് ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോവാനും സാധിക്കാതെ വരികയും ദുരിതത്തിലാവുകയും ചെയ്തിട്ടുണ്ട്. റയില്‍വേ സ്‌റ്റേഷന്റെ ശോച്യാവസ്ഥയെ കുറിച്ചും വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് അതിനും പരിഹാരമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss