|    May 28 Sun, 2017 12:08 pm
FLASH NEWS

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ക്രാഫ്റ്റ് റിക്കവറി ടീം സജ്ജമായി

Published : 1st August 2016 | Posted By: SMR

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യാത്ര സുഖകരമാക്കുന്നതിനും വേണ്ടിയുള്ള ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീം (ഡാര്‍ട്ട്) പൂര്‍ണ സജ്ജമായി. ഇതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ ജര്‍മനി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീമിന് ലഭ്യമായി.
യന്ത്രത്തകരാര്‍ മൂലം റണ്‍വേയിലോ സമീപത്തോ കേടുപറ്റിക്കിടക്കുന്ന വിമാനങ്ങള്‍ അറ്റകുറ്റപ്പണിക്കായി ഹാംഗറിലേക്കു മാറ്റാന്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള ടീമാണ് കൊച്ചി എയര്‍ക്രാഫ്റ്റ് റിക്കവറി ടീം. കേടുപറ്റിയ വിമാനത്തെ എത്രയും വേഗത്തില്‍ മാറ്റുന്നതിലൂടെ റണ്‍വേ ഏറെനേരം അടച്ചിടുന്നത് ഒഴിവാക്കാനാവും.
ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അനുശാസിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എട്ടംഗ ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീമിന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഫ്രാപോര്‍ട്ട് എജി ഫയര്‍ ട്രെയിനിങ് സെന്ററില്‍നിന്നാണ് പരിശീലനം ലഭിച്ചത്. ഇതുകൂടാതെ 18 പേര്‍ക്ക്  നെതര്‍ലന്‍ഡ്‌സിലെ റെസ്‌ക്യൂടെക് എന്ന സ്ഥാപനം കൊച്ചിയിലെത്തി പരിശീലനം നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ എത്തിയതിനുശേഷം വീല്‍ സംവിധാനം തകരാറിലായ വിമാനങ്ങളെ വലിച്ചുകൊണ്ടുപോവുന്നതിനുള്ള ഡിബോഗിങ് കിറ്റ്, ചളിയിലാണ്ട വിമാനത്തെ ഉയര്‍ത്താനുള്ള എയര്‍ക്രാഫ്റ്റ് ടെതറിങ് എക്യുപ്‌മെന്റ്, ലാന്‍ഡിങ് ഗിയര്‍ കേടുവന്ന വിമാനത്തെ നീക്കാനുള്ള ഡോളി ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴേകാല്‍ കോടി രൂപയുടെ ഉപകരണങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചിട്ടുള്ളത്. മൂന്ന് ജീപ്പുകളും ഡാര്‍ട്ടിനായി സിയാല്‍ നല്‍കിയിട്ടുണ്ട്.
മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്റെ നിര്‍ദേശപ്രകാരം 2012ലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീം രൂപീകരിച്ചത്. അന്ന് ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍നിന്ന് വഴുതി ചെറിയ അപകടം സംഭവിച്ചിരുന്നു. മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ റിക്കവറി ടീം കൊച്ചിയിലെത്തിയാണ് കേടുപറ്റിയ വിമാനത്തെ ഹാംഗറിലേക്ക് മാറ്റിയത്. ഇതേത്തുടര്‍ന്നാണ് കൊച്ചിയിലും ഡാര്‍ട്ട് സംവിധാനം വേണമെന്ന ചിന്തയുണ്ടായത്.
മറ്റു വിമാനത്താവളങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം എയര്‍ക്രാഫ്റ്റ് റിക്കവറിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൊച്ചിയിലെ ഡാര്‍ട്ട് ടീമിന് കഴിയും. ഇന്ത്യയിലാദ്യമായി നെടുമ്പാശ്ശേരിയിലാണ് എയര്‍പോര്‍ട്ട് ഓപറേറ്റര്‍ എന്ന നിലയില്‍ എയര്‍ക്രാഫ്റ്റ് റിക്കവറി ടീം സജ്ജമാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day