|    Sep 25 Tue, 2018 3:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നു തുറക്കും

Published : 29th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയജലത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ഉച്ചയ്ക്കു രണ്ടിന് ആദ്യവിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പറന്നിറങ്ങും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു. വെള്ളം കയറി താറുമാറായ റണ്‍വേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുകയും ജീവനക്കാരുടെ ലഭ്യത എയര്‍ലൈനുകള്‍ ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആഗസ്ത് 15 മുതലാണ് വിമാനത്താവളം അടച്ചിട്ടത്. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ വരുന്ന ചുറ്റുമതിലിന്റെ രണ്ടര കിലോമീറ്റര്‍ തകര്‍ന്നിരുന്നു. പാര്‍ക്കിങ് സ്റ്റാന്റുകളും ടെര്‍മിനല്‍ കെട്ടിടങ്ങളും വെള്ളത്തിലായി. റണ്‍വേക്ക് കേടുപാട് പറ്റിയില്ലെങ്കിലും വെള്ളം ഇറങ്ങിയതോടെ പല ഭാഗത്തും ചളിയടിഞ്ഞു. മൊത്തം 300 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.
യുദ്ധകാലാടിസ്ഥാനത്തില്‍ എട്ടു ദിവസം ആയിരത്തോളം പേര്‍ നടത്തിയ തീവ്രപ്രയത്‌നത്തിന് ഒടുവിലാണ് വിമാനത്താവളം പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. തകര്‍ന്ന ചുറ്റുമതില്‍ പത്തടി ഉയരത്തില്‍ രണ്ടര കിലോമീറ്റര്‍ നീളത്തില്‍ താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. കേടായ മറ്റു സംവിധാനങ്ങളും പുനസ്ഥാപിച്ചു. എട്ടു സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം ചാര്‍ജിങ് നടത്തി. 30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിക്കിടന്ന ചളിയാണ് നീക്കം ചെയ്തത്.
ഈ മാസം 27ന് തന്നെ റണ്‍വേ ഉപയോഗക്ഷമമാക്കിയിരുന്നു. ഇന്ന് ഉച്ച മുതല്‍ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയുന്നവിധമാണ് അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ആരംഭിച്ച കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് ഉച്ചയോടെ അവസാനിപ്പിക്കും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss