|    Jan 22 Sun, 2017 10:01 pm
FLASH NEWS

നെടുമ്പാശ്ശേരി പോലിസ് സ്‌റ്റേഷനില്‍ ദലിത് വിദ്യാര്‍ഥിക്ക് ക്രൂരപീഡനം; മര്‍ദ്ദനം ലോക്കപ്പിന് എതിര്‍വശമുള്ള കാമറ തിരിച്ചുവച്ച്

Published : 16th May 2016 | Posted By: swapna en

vijesh

കൊച്ചി: ബൈക്ക് മോഷണമാരോപിച്ച് അനാഥനായ ദലിത് വിദ്യാര്‍ഥിക്ക് പോലിസിന്റെ ക്രൂരമര്‍ദ്ദനം. നായത്തോട് ജി മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥി കറുകുറ്റി ഇടക്കുന്ന് മങ്ങാട്ട് ഹൗസില്‍ വിജേഷ് ബാബു(16)വിനാണു മര്‍ദ്ദനമേറ്റത്. അവശനായ വിജേഷ് അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ സംരക്ഷണയിലാണ്. ക്രൂരമര്‍ദ്ദനമേറ്റതായി മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നു.
അച്ഛനും അമ്മയും ഉപേക്ഷിച്ച വിജീഷ് കറുകുറ്റിയിലെ ഇമ്മാനുവല്‍ ഓര്‍ഫനേജിലെ അന്തേവാസിയാണ്. അവധിക്കാലത്ത്് മാതൃസഹോദരന്റെ വീട്ടിലെത്തിയ കുട്ടിയെ അവിടെനിന്നാണ് പോലിസ് കൊണ്ടുപോയത്. രാവിലെ 11.30ന് വീട്ടിലെത്തിയ മൂന്ന് പോലിസുകാര്‍ വിജേഷിനെ അന്വേഷിച്ചു. കുട്ടി കളിക്കാന്‍ പോയതാണെന്ന് പറഞ്ഞതോടെ  മടങ്ങിപ്പോയി.  നാലുമണിയോടെ വീണ്ടുമെത്തിയ പോലിസ് ഒരു കൂട്ടുകാരന്റെ വീട് കാണിച്ചുതരണമെന്നും വേഗം വിട്ടേക്കാമെന്നും പറഞ്ഞാണ് വിജേഷിനെ കാറില്‍ കയറ്റിക്കൊണ്ടുപോയത്.
വാഹനം പകുതിദൂരം പിന്നിട്ടപ്പോള്‍ തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി ആലുവ എസ്പിക്ക് നല്‍കിയ പരാതിയില്‍ വിജേഷ് പറഞ്ഞു. അജയ് നിനക്ക് എത്ര ബൈക്ക് തന്നുവെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. തനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ലെന്നും ആരും ബൈക്ക് തന്നിട്ടില്ലെന്നും പറഞ്ഞപ്പോള്‍ ഒരു ഫോട്ടോ കാണിച്ച് ഇതു നീയും അജയും അല്ലേടാ എന്ന് ചോദിച്ചു. ഇക്കാര്യം നിഷേധിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് നെടുമ്പാശ്ശേരി സ്‌റ്റേഷനില്‍ കൊണ്ടുപോയി വസ്ത്രങ്ങള്‍ ഊരിമാറ്റി ലോക്കപ്പിലിട്ട് ഒരു രാത്രിയും പകലും മര്‍ദ്ദിച്ചു. എസ്‌ഐ കുനിച്ചുനിര്‍ത്തി മുതുകിലിടിച്ചു. സമീപമുണ്ടായിരുന്ന പോലിസുകാരന്‍ കരണത്ത് അടിച്ചുകൊണ്ടേയിരുന്നു. വേദനകൊണ്ട് പുളഞ്ഞപ്പോള്‍ എന്തു കുറ്റവും ഏറ്റോളാമെന്നു പറഞ്ഞു. മഞ്ഞപ്രയില്‍ വച്ച് ക്ലോറോഫോം മണപ്പിച്ച് ഒരു സ്ത്രീയുടെ മാല മോഷ്ടിച്ചത് നീയാണെന്നു സമ്മതിക്കണമെന്നായി എസ്‌ഐ.  മര്‍ദ്ദിച്ച കാര്യം വീട്ടില്‍ പറയരുതെന്നും  പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ സമയം ലോക്കപ്പിലെ സിസിടിവി കാമറ തിരിച്ചുവച്ചിരുന്നു.
പിറ്റേന്നു രാവിലെ തന്റെ 10 വിരലുകളും മഷിയില്‍ മുക്കി വെള്ളക്കടലാസില്‍ പതിപ്പിച്ചതായും കുറേ കടലാസുകളില്‍ ഒപ്പിട്ടുവാങ്ങിയതായും വിജേഷ് പറയുന്നു.  ആരുടെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറയുന്നില്ല. ഇതേക്കുറിച്ച് അന്വേഷിച്ച ചൈല്‍ഡ്‌ലൈന്‍ അധികൃതരോട് പോലിസ് മോശമായാണു സംസാരിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് പോലിസ് കംപ്ലയിന്റ് അതോറിറ്റി, ബാലാവകാശ കമ്മീഷന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവര്‍ക്കും വിജേഷ് പരാതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 284 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക