|    Aug 21 Mon, 2017 6:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്നു വേട്ട

Published : 3rd August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. രാജ്യാന്തര വിപണിയില്‍ 82.5 കോടിയോളം രൂപ വില വരുന്ന 55 കിലോഗ്രാം എഫഡ്രില്‍ എന്ന മയക്കുമരുന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. കൊച്ചി വിമാനത്താവളത്തില്‍ ഇത്രയധികം മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമായാണ്. മലേസ്യയിലേക്ക് കടത്താന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിച്ചതാണ് മയക്കുമരുന്ന്. രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11.30ഓടെ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തി മയക്കുമരുന്ന് ഡിആര്‍ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കൊച്ചിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തിലാണ് മയക്കുമരുന്ന് കടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ബിഗ്‌ഷോപ്പര്‍ കയറ്റിയയക്കുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്നു കടത്ത്. ബിഗ്‌ഷോപ്പറിന്റെ കൈപ്പിടിയായ ഫൈബര്‍ പൈപ്പിനകത്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പൈപ്പിന്റെ ഒരു വശം അടയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. നൂറു വീതം ബിഗ്‌ഷോപ്പറുകളുള്ള ആറു വലിയ പെട്ടിയാണ് ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു സ്വകാര്യ സ്ഥാപനമാണ് കാര്‍ഗോയില്‍ പാര്‍സല്‍ ബുക്ക് ചെയ്തിരുന്നത്. മലേസ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു ബുക്കിങ്. ബുക്കിങ് ചെയ്ത വിലാസം ശരിയാണോയെന്നും ഡിആര്‍ഐ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ചെന്നൈയിലെ വിലാസപ്രകാരം പ്രതികള്‍ക്കായി ഡിആര്‍ഐ സംഘം ഇന്നലെത്തന്നെ ചെന്നൈയിലേക്കു തിരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതിനു മുമ്പ് രണ്ടു തവണയാണ് എഫഡ്രില്‍ പിടികൂടിയത്. 2015ല്‍ 20 കിലോയും 2014ല്‍ 14 കിലോയുമാണ് പിടിച്ചത്. രാജ്യാന്തര വിപണിയില്‍ ഒരു കിലോ എഫഡ്രിലിന് ഒന്നര കോടി രൂപയുണ്ടെന്ന് ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു. സമ്പന്നര്‍ പങ്കെടുക്കുന്ന ഡിജെ പാര്‍ട്ടികളിലും മറ്റുമാണ് എഫഡ്രില്‍ കൂടുതലായും ഉപയോഗിക്കുന്നത്. ആസ്ത്മ പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നില്‍ എഫഡ്രിലിന്റെ അംശം ചേര്‍ക്കാറുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക