|    Nov 15 Thu, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെടുമ്പാശേരി വിമാനത്താവളം: ആഗമന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Published : 10th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നുവിട്ട സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുമണിക്കൂര്‍ ഭാഗികമായി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മൂന്ന് ആഗമന വിമാന സര്‍വീസുകള്‍ തിരിച്ചുവിട്ടു. പെരിയാറിലെ നീരൊഴുക്ക് വര്‍ധിച്ചതോടെ വിമാനത്താവളത്തിന്റെ സമീപമുള്ള കൈവഴിയില്‍ ജലനിരപ്പ് ഉയര്‍ന്നു.
വിമാനത്താവളത്തിന്റെ ഓപറേഷന്‍ ഭാഗത്തുള്ള കാനയിലേക്ക് വെള്ളമെത്തുകയും പാര്‍ക്കിങ് ബേയുടെ വശത്തുകൂടി പരക്കുകയും ചെയ്തു. ഇതോടെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉച്ചയ്ക്ക് 1.05ന് വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന്, മുംബെയില്‍ നിന്നുള്ള ഇന്‍ഡിഗോ കോയമ്പത്തൂരിലേക്കും ബംഗളൂരുവില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് ബംഗളൂരുവിലേക്കും മസ്‌കത്തില്‍ നിന്നുള്ള ഒമാന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടു. ഇവയില്‍ ഒമാന്‍ വിമാനം പിന്നീട് തിരികെ കൊച്ചിയിലെത്തി. യാത്രക്കാരുടെ സൗകര്യാര്‍ഥം വിമാനത്താവളം അധികൃതര്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഉച്ചയ്ക്ക് രണ്ടരയോടെ പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിന്റെ തോത് കുറഞ്ഞു. ഇതോടെ, പ്രവര്‍ത്തനം പൂര്‍ണ നിലയില്‍ പുനസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു.
3.05ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. തുടര്‍ന്ന്, സര്‍വീസുകള്‍ ആരംഭിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ചെറുതോണി അണക്കെട്ട് കൂടി തുറന്ന സാഹചര്യത്തില്‍ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ മാത്രമേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കൂവെന്നും അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss