|    May 25 Thu, 2017 1:17 am
FLASH NEWS

നെടുമങ്ങാട് ബസ് സ്‌റ്റേഷന്‍ മോഷ്ടാക്കളുടെ കേന്ദ്രമാവുന്നു

Published : 25th August 2016 | Posted By: SMR

നെടുമങ്ങാട്: കെഎസ്ആര്‍ടിസി നെടുമങ്ങാട് ബസ് സ്‌റ്റേഷന്‍ മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറുന്നു. കഴിഞ്ഞദിവസം ബസ് സ്റ്റാന്‍ഡില്‍ നിന്നു കൈക്കുഞ്ഞുമായി ബസ്സില്‍ കയറുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് മൂന്നര പവന്റെ സ്വര്‍ണത്താലിമാല മോഷ്ട്ടാക്കള്‍ അപഹരിച്ചു.  വിതുര തേന്മല സന്തോഷ് ഭവനില്‍ എസ് സന്തോഷിന്റെ ഭാര്യ അശ്വതിയുടെ കഴുത്തില്‍ നിന്നാണ് ബസ്സില്‍ കയറുന്നിെട താലിമാല പൊട്ടിച്ചത്. ബസ്സിന്റെ ആദ്യപടിയില്‍ നിന്നു രണ്ടാമത്തെ പടിയിലേക്ക് കൈക്കുഞ്ഞുമായി കയറാന്‍ തുടങ്ങുമ്പോഴായിരുന്നു പിന്നില്‍ നിന്ന് ആരോ കഴുത്തില്‍ പിടിച്ചുവലിക്കുന്നതായി അശ്വതിക്ക് തോന്നിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന്  പോലിസ് എത്തി ബസ്സില്‍ ഉണ്ടായിരുന്നവരെ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടു സ്ത്രീകള്‍ ബസ്സിന്റെ കവാടത്തില്‍ നിന്ന് ഓടിമറിയുന്നത് കണ്ടതായി ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ അറിയിച്ചു. നിത്യേന സ്ത്രീകളും വിദ്യാര്‍ഥിനികളുമടക്കം ധാരാളം യാത്രക്കാര്‍ വന്നുപോവുന്ന നെടുമങ്ങാട് ബസ് സ്‌റ്റേഷനില്‍ കാര്യമായ സുരക്ഷിതത്വമോ പ്രത്യേക പോലിസ് സാന്നിധ്യമോ ഇല്ലാത്തതിനാല്‍ ഇവിടെ മോഷ്ടാക്കളും പോക്കറ്റടിക്കാരും വിലസുകയാണ്. ഇവിടെ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ പരാതികള്‍ പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day