|    Oct 20 Sat, 2018 5:39 am
FLASH NEWS

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനം വാഗ്ദാനത്തിലൊതുങ്ങി—

Published : 12th September 2017 | Posted By: fsq

 

കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനം വാഗ്ദാനത്തിലൊതുങ്ങി. പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ചികില്‍സ തേടിയെത്തുന്ന ആശുപത്രിയുടെ നിലവിലെ സ്ഥിതി പരമ ദയനീയം. ജില്ലാ ആശുപത്രിയെന്നത് പേരില്‍ മാത്രം. പ്രവര്‍ത്തനം ഒരു കമ്മ്യൂനിറ്റി സെന്ററിന്റേതിനു സമാനം. ആവശ്യത്തിന് കിടക്കകളും ചികില്‍സാ സൗകര്യങ്ങളും ഇവിടെയില്ല. ആധുനിക സൗകര്യങ്ങളോടെയുള്ള ഓപറേഷന്‍ തീയറ്ററിന്റെ പണി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഇതു തുറക്കാന്‍ ഇതുവരെ നടപടികളായിട്ടില്ല. 12 കോടി ചെലവിട്ട് ഒരു വര്‍ഷം മുമ്പ് പണി പൂര്‍ത്തീകരിച്ച പുതിയ ബഹുനില മന്ദിരം തുറന്നു കൊടുക്കുന്നില്ല. ഇതു തുറന്നാല്‍ ഓപറേഷന്‍ തിയേറ്റര്‍, നൂറിലധികം കിടക്കകള്‍, ആധുനിക ഒപി സൗകര്യം, ലാബുകള്‍ എന്നിവയെല്ലാം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനാവും. നെടുമങ്ങാട് ആശുപത്രിയുടെ സ്ഥലപരിമിതിക്ക് ശാശ്വത പരിഹാരമാവും ഈ കെട്ടിടം. കോടികള്‍ മുടക്കിയ കെട്ടിടം തുറക്കുന്നില്ലങ്കിലും അവശരായ രോഗികള്‍ ഈ കെട്ടിടത്തിന്റെ വരാന്തയിലാണ് ഇപ്പോള്‍ കിടപ്പ്. വൈദ്യുതീകരണം പൂര്‍ത്തീകരിച്ചിട്ടില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് കെട്ടിടം തുറന്നു കൊടുക്കാത്തത്. ആവശ്യത്തിന് ജോലിക്കാരെ നിയമിച്ചാല്‍ മൂന്നു മാസം കൊണ്ട് തീരാവുന്ന വൈദ്യുതീകരണം മാത്രമേ ഇവിടെയുള്ളു. നിവലില്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുരുങ്ങിക്കിടക്കുകയാണ് ബഹുനില മന്ദിരം. ജനപ്രതിനിധികളുടെ കെടുകാര്യസ്ഥതക്ക് മികച്ച ഉദാഹരണമാണ് അടഞ്ഞുകിടക്കുന്ന ഈ കെട്ടിടം. നിത്യേന 3000 ത്തോളം രോഗികളാണ് വിവിധ ഒപികളിലെത്തുന്നത്. ഒപി ടിക്കറ്റ് എടുക്കുന്നിടം, ഡോക്ടറെ കാണല്‍,  വിവിധ പരിശോധനകള്‍, ലബോറട്ടറി തുടങ്ങി എവിടെ ചെന്നാലും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. പലരും തളര്‍ന്നു വീഴുന്ന ദിവസങ്ങളുമുണ്ട്. സ്ഥലപരിമിതിയും ഡോക്ടര്‍മാരുടെ കുറവും വലയ്ക്കുന്നത് രോഗികളെയാണ്. പനി ഒപിയില്‍ നിന്നു തിരിയാന്‍ ഇടമില്ല. ഒരു ഡോക്ടര്‍ പരിശോധിക്കേണ്ടി വരുന്നത് 150ല്‍പ്പരം രോഗികളെയാണ്. ഉച്ച കഴിഞ്ഞാല്‍ അത്യാഹിത വിഭാഗത്തില്‍ ആകെ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. രണ്ടു കെട്ടിടങ്ങള്‍ അടച്ചിട്ട് മാസങ്ങളായി. എക്‌സ്‌റേ യൂനിറ്റും ഓപറേഷന്‍ തീയേറ്ററും പ്രവര്‍ത്തിക്കുന്നില്ല. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഓപ്പറേഷന്‍ തീയേറ്റര്‍ ഇതുവരെ തുറന്നു കൊടുക്കാനായിട്ടില്ല. നിലവില്‍ ചെറിയ ഓപറേഷനുകള്‍ നടത്തുന്നത് പ്രസവ വാര്‍ഡിനോട് ചേര്‍ന്നുള്ള തീയേറ്ററിലാണ്. ഈ വാര്‍ഡിനോട് ചേര്‍ന്ന ഇടുങ്ങിയ മുറിയിലാണ് ശസ്ത്രക്രിയ കഴിഞ്ഞ പുരുഷന്‍മാരെയും കിടത്തുന്നത്. പ്രസവ വാര്‍ഡ് ആയതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞ ആണ്‍ രോഗികള്‍ക്കൊപ്പം രാത്രികാലങ്ങളില്‍ പുരുഷ കൂട്ടിരിപ്പുകാരെ ഇവിടെ പ്രവേശിപ്പിക്കില്ല. ഓപറേഷന്‍ കഴിഞ്ഞയാളിനെ കൊണ്ടുപോയ വീല്‍ചെയറിന്റെ വീല്‍ ഊരിപ്പോയ സംഭവവും കഴിഞ്ഞ ദിവസം ഇവിടെയുണ്ടായി. അത്രയ്ക്ക് കാലപ്പഴക്കം ചെന്ന ഉപകരണങ്ങാളാണ് ഇവിടെയുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്. ഇവിടെ പകലും രാത്രിയുമായി ആകെയുള്ളത് 28 ഡോക്ടര്‍മാര്‍ മാത്രം. ഇതിന്റെ പകുതി രോഗികളെത്തുന്ന സമീപത്തെ ആശുപത്രിയില്‍ നാല്‍പ്പത് ഡോക്ടര്‍മാരുണ്ട്. ഒപിയിലെത്തുന്ന രോഗികള്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട ഗതികേടിലാണ്. മിക്ക ഡോക്ടര്‍മാരും ഒപിയിലെത്തുന്നത് രാവിലെ പത്ത് കഴിഞ്ഞ്. ചിലരാവട്ടെ പതിനൊന്നോടെ മുങ്ങും. ചില ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്നതായും ആക്ഷേപമുണ്ട്. ഡോക്ടര്‍മാര്‍ തമ്മിലുള്ള ശീതസമരമാണ് ആശുപത്രിയെ പിന്നോട്ടടിക്കുന്ന പ്രധാന  ഘടകം. കഴിഞ്ഞ ദിവസവും ഇവിടെ രണ്ടു ഡോക്ടര്‍മാര്‍ തമ്മില്‍ ചീത്തവിളിയും ഉന്തും തള്ളുമായെന്നു നാട്ടുകാര്‍. ജീവനക്കാരെ നിലയ്ക്കു നിര്‍ത്തേണ്ട മേലധികാരികളുടെ കാര്യക്ഷമതയില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ഡോക്ടര്‍മാരുടെ തമ്മിലടിയില്‍പ്പെട്ട് വലയുന്നത് പാവപ്പെട്ട രോഗികളാണ്. നഴ്‌സുമാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. താല്‍ക്കാലിക ജീവനക്കാരെ കൊണ്ടും വിവിധ ആശുപത്രികളില്‍ നിന്നും പഠനത്തിനെത്തുന്നവരെ കൊണ്ടുമാണ് പ്രശ്‌നം പരിഹരിക്കുന്നത്. രാത്രി ഡ്യൂട്ടിക്കെത്തുന്ന ഡോക്ടര്‍മാരുടെ സ്ഥിതി ദയനീയമാണ്. ശരാശരി പത്തിലധികം അത്യാഹിതങ്ങള്‍ രാത്രിയില്‍ ഇവിടെ എത്തും. പോലിസ് കേസുകള്‍ വേറെ. ഇവരെക്കൂടാതെ രോഗികള്‍. ഇവരെയെല്ലാം നോക്കേണ്ടത് ഒരു ഡോക്ടര്‍. വര്‍ഷങ്ങളായി തുടരുന്ന ഈ ദയനീയ സ്ഥിതിക്ക് പരിഹാരം കാണാന്‍ ഇതുവരെ ജനപ്രതിനിധികള്‍ക്ക് സാധിച്ചിട്ടില്ല. വികസനമെന്നത് പ്രഖ്യാപനങ്ങളിലും സാമ്പത്തിക നേട്ടമുണ്ടാക്കാവുന്ന നിര്‍മാണ പ്രവര്‍ത്തനത്തിലും മാത്രം ഒതുങ്ങുന്നു. ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടമായ കൊട്ടാരം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികില്‍സ നല്‍കുന്ന വെള്ളിയാഴ്ചകളില്‍ ആശുപത്രിക്കകത്ത് കാലുകുത്താനിടമില്ല. എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ നിര്‍ധന രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇതു കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇവിടെ രണ്ട് ആംബുലന്‍സുകള്‍ നിലവിലുണ്ട്. എന്നാല്‍ ഇവ ഓടിക്കാന്‍ ആകെയുള്ളത് ഒരു െ്രെഡവര്‍ മാത്രം. ആശുപത്രിക്കു മുന്നില്‍ പത്തിലധികം സ്വകാര്യ ആംബുലന്‍സുകള്‍ രോഗികളേയും കാത്തു കിടക്കുന്നുണ്ട്. ഇവിടേയും പെട്ടു പോകുന്നത് പാവപെട്ട രോഗികള്‍ തന്നെ. ആശുപത്രിയിലെ ലബോറട്ടറിയിലും സ്ഥലപരിമിതി കൊണ്ട് രോഗികള്‍ ദുരിതമനുഭവിക്കുന്നു. കഷ്ടിച്ച് 50 പേര്‍ക്ക് നില്‍ക്കാവുന്ന ലാബില്‍ പ്രതിദിനം എത്തുന്നത് നാനൂറിലധികം പേരാണ്. ലാബിലാവട്ടേ ആവശ്യത്തിന് ജീവനക്കാരുമില്ല. ആശുപത്രിയില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പാര്‍ശ്വ ഭിത്തികെട്ടിയ ഭാഗത്ത് അനാവശ്യമായി ലക്ഷത്തിലധികം രൂപ ചെലവിട്ട് റോഡില്‍ ടൈല്‍ പാകി. തുടര്‍ന്ന് കമ്പിവേലിയുമിട്ടു. ഇത് എന്തിനാണന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. മൂന്നാഴ്ചക്കുള്ളില്‍ തന്നെ ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനത്തോടെ 30ലക്ഷം രൂപമുടക്കി നിര്‍മിച്ച പുതിയ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നും ആശുപത്രി വികസന സമിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടന്നും സൂപ്രണ്ട് വി എസ് സജീവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss