|    Oct 17 Wed, 2018 7:05 am
FLASH NEWS

നെടുങ്കണ്ടത്ത് എട്ട് വിദ്യാര്‍ഥികള്‍ കഞ്ചാവുമായി പിടിയില്‍

Published : 27th September 2017 | Posted By: fsq

 

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് എട്ട് വിദ്യാര്‍ഥികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ കാറിലും ബൈക്കിലുമെത്തിയ ആറു വിദ്യാര്‍ഥികള്‍ എക്‌സൈസിനെ കണ്ട് രക്ഷപ്പെട്ടു. പത്താം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ യൂണിഫോമില്‍ മിനി സിവില്‍ സ്‌റ്റേഷനു സമീപത്തെ വിജനമായ കാട്ടില്‍ കണ്ടതോടെയാണ് കഞ്ചാവ് ഉപയോഗിക്കുന്ന സംഘത്തെകുറിച്ചു വിവരം കിട്ടിയത്. പ്രദേശത്ത് പരിശോധിക്കുന്നതിനിടെ ഏഴുപേരെക്കൂടി പിടികൂടുകയായിരുന്നു. സംശയം തോന്നിയ വിദ്യാര്‍ഥിയെ പരിശോധിക്കുന്നതിനിടെ ബീഡിക്കുറ്റി പോക്കറ്റില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവും ലഭിച്ചു. 17 വയസുകാരനായ മറ്റൊരാളെ നെടുങ്കണ്ടം പഞ്ചായത്ത് സ്‌കൂള്‍ പരിസരത്ത് നിന്നാണ് 20 ഗ്രാം കഞ്ചാവുമായി  ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പിടിയിലായ പതിനേഴുകാരന്‍ കട്ടപ്പനയിലെ സ്വകാര്യ കോളജിലെ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൂട്ടുകൂടി കഞ്ചാവ് വലിക്കുന്നതിനിടെയാണ് എക്‌സൈസിന്റെ വലയില്‍പ്പെട്ടത്. പിടിയിലായ പതിനേഴുകാരന്റെ അനുജനും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് കഞ്ചാവ് കൈമാറാനെത്തിയ രണ്ട് ചേമ്പളം സ്വദേശികളായ വിദ്യാര്‍ഥികളാണ് രക്ഷപ്പെട്ടതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെയും സമീപത്ത് വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി പിടിഎയും സ്‌കൂള്‍ അധികൃതരും എക്‌സൈസിനു പരാതി നല്‍കിയിരുന്നു. പിടിയിലായ കോളജ് വിദ്യാര്‍ഥിയെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജാരാക്കി. കഞ്ചാവ് ബീഡിയുമായി പിടിയാലായ ആറുപേരെയും രക്ഷിതാക്കളെ വീട്ടില്‍ നിന്നു വിളിച്ചു വരുത്തിയശേഷം വിട്ടയച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനു, പ്രിവന്റീവ് ഓഫിസര്‍മാരായ എം പി പ്രമോദ്,ലിജോ ഉമ്മന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രതീഷ്‌കുമാര്‍, സജിത്കുമാര്‍, പ്രകാശ് എന്നിവരാണ് സ്‌കൂള്‍ പരിസരത്ത് പരിശോധനക്കെത്തിയത്. സ്‌കൂളുകളുടെ പരിസരത്ത് ലഹരി മരുന്ന് വില്‍പ്പന പിടികൂടുന്നതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, നെടുങ്കണ്ടത്തെ സ്‌കൂള്‍ പരിസരങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍ക്കുന്ന സംഘത്തെ പിടികൂടുന്നതില്‍ നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ കഞ്ചാവിന് അടിമകളാവാന്‍ തുടങ്ങിയതോടെ രക്ഷിതാക്കളും ഏറെ ഉല്‍ക്കണ്ഠയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss