|    Aug 18 Fri, 2017 6:54 am
FLASH NEWS

നെഞ്ചിലെ മുഴ നീക്കം ചെയ്യാനെത്തിയ രോഗിയെ ഓപറേഷന്‍ തിയറ്ററില്‍ നിന്നും പറഞ്ഞുവിട്ടതായി പരാതി

Published : 9th August 2017 | Posted By: fsq

 

കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ നെഞ്ചിലെ മുഴ നീക്കം ചെയ്യാനെത്തിയ രോഗിയെ ഓപറേഷന്‍ ചെയ്യാതെ ഓപറേഷന്‍ തിയറ്ററില്‍ നിന്നും പറഞ്ഞുവിട്ടതായി പരാതി. ഇതുസംബന്ധിച്ച് എച്ച്എംടി കോളനി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ മെഡിക്കല്‍ കോളജിലെ ആര്‍എംഒയ്ക്കു പരാതി നല്‍കി. കഴിഞ്ഞമാസം 27നാണ് നെഞ്ചിന്റെ ഭാഗത്ത് മുഴ കണ്ടതിനെത്തുടര്‍ന്ന് എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് ഏഴുദിവസത്തേക്ക് മരുന്നു നല്‍കി പറഞ്ഞുവിട്ട് എട്ടാംദിവസം ഓപറേഷന്‍ നടത്തി മുഴ നീക്കിക്കളയണമെന്ന് പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച ഓപറേഷന്‍ നടത്തുന്നതിനായി ജബ്ബാര്‍ മെഡിക്കല്‍ കോളജില്‍ രാവിലെ എത്തി. ഒപിയിലെ ചീട്ട് കാണിച്ചപ്പോള്‍ ഓപറേഷനുവേണ്ട മരുന്നുകളും മറ്റും വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞുവിട്ടു. തുടര്‍ന്ന് പുറമെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നും മറ്റും വാങ്ങി ഓപറേഷന്‍ തിയറ്ററില്‍ കൊടുത്തു. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം നഴ്‌സ് അലര്‍ജിയുണ്ടോ എന്നറിയാന്‍ കുത്തിവയ്പ്പുനടത്തി. 10മിനിറ്റ് കഴിഞ്ഞ് രോഗി ധരിച്ചിരുന്ന ഉടുപ്പുകള്‍ അഴിച്ചുമാറ്റി വെള്ളമുണ്ടും ഷര്‍ട്ടും ധരിപ്പിച്ച് ഓപറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. അതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നഴ്‌സ് വന്ന് ഡോക്ടര്‍ എത്തിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് പുറത്തിരിക്കാന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും നഴ്‌സ് വന്ന് ഓപറേഷന്‍ തിയറ്ററില്‍ ചെന്ന് കിടക്കാന്‍ നിര്‍ദേശിച്ചു. ഓപറേഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ഡോക്ടര്‍ രോഗിയോട്് ഇന്ന് ഓപറേഷന്‍ ചെയ്യേണ്ട ആവശ്യമില്ല ഗുളിക കഴിച്ചാല്‍ മാറിക്കോളും എന്ന് പറഞ്ഞ് വിടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം സംഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക