|    Dec 17 Mon, 2018 4:28 pm
FLASH NEWS

നൂറ്റാണ്ട് പഴക്കമുള്ള പള്ളി റോഡിന് വിട്ടുകൊടുത്തത് ചരിത്രത്താളുകളില്‍

Published : 16th December 2015 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: 100 വര്‍ഷം പഴക്കമുള്ള നമസ്‌കാരപ്പള്ളി റോഡു വീതികൂട്ടുന്നതിനായി പൂര്‍ണമായും പൊളിക്കാന്‍ അനുമതി കൊടുത്തത് ചരിത്രത്തിലിടം നേടി. മലപ്പുറം ജില്ലയിലെ എടവണ്ണ ടൗണിലുള്ള മസ്ജിദുല്‍ സലാമും ഭാരവാഹികളായ ലജ്‌നത്തുല്‍ ഇസ്‌ലാഹും ആണ് ഇന്ന് നാടിനും വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്കും മാതൃകയായത്. ഒരിഞ്ച് സ്ഥലം റോഡിനു പോയാല്‍ കലഹം നടത്തുകയും പിന്നീട് കോടതി മുഖാന്തരം തിരിച്ചുപിടിക്കുകയും ചെയ്യുന്ന വ്യക്തികളും മത സ്ഥാപനങ്ങളും നിലനില്‍ക്കുന്ന ഈ കാലഘട്ടത്തിലാണ് എടവണ്ണയിലെ നാട്ടുകാരുടെ പ്രയത്‌നം വേറിട്ടു നില്‍ക്കുന്നത്. എടവണ്ണ ടൗണ്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി സിഎന്‍ജി റോഡ് വീതികൂട്ടുന്നതിനാണ് പള്ളി വിട്ടുകൊടുത്തത്. കിണറടക്കം രണ്ടു മീറ്ററാണ് റോഡിന് ആവശ്യമായി വന്നത്. എന്നാല്‍, ആകെയുള്ള ഏഴു സെന്റ് ഭുമിയില്‍ നിന്നു കിണറും പള്ളിയുടെ ഒരു ഭാഗവും റോഡിന് വേണ്ടി വിട്ടുകൊടുക്കേണ്ടി വരുമെന്ന പ്രശ്‌നം വന്നതോടെ കമ്മിറ്റി പ്രതിസന്ധിയിലായി.
നൂറ്റാണ്ടു പഴക്കമുള്ള പള്ളി ഇല്ലാതെയാവുമോയെന്ന ആശങ്കയും നിലനിന്നു. പള്ളി കാരണം വഴി മുടങ്ങരുതെന്ന അഭിപ്രായം ഉയരുന്നതിനിടെ സ്ഥലം എംഎല്‍എ പി കെ ബഷീര്‍ പുതിയപള്ളി സ്ഥാപിക്കാനായി രംഗത്തിറങ്ങുകയും ചെയ്തു.
തുടര്‍ന്നാണ് ഒരുസെന്റ് റോഡിന് വിട്ടു നല്‍കാനും ഒപ്പം പള്ളി പൂര്‍ണമായും പൊളിക്കാനും ജനറല്‍ ബോഡിയോഗം തീരുമാനിച്ചത്. നാട്ടുകാര്‍ 50 ലക്ഷം രൂപയുടെ പുതിയ പള്ളിക്കുള്ള വാഗ്ദാനവും നല്‍കി. അതും ജില്ലയില്‍ അപൂര്‍വമായി കണ്ടുവരുന്ന പൂര്‍ണമായും ശീതീകരിച്ച മുന്നു നിലയുള്ള പള്ളി തന്നെ ലഭിച്ചു. ഇതിനു വേണ്ടിയുള്ള കുറ്റിയടിക്കലും നടന്നു. മൂന്ന് മാസത്തിനകം നിര്‍മാണവും പൂര്‍ത്തിയാവും.
നുറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂവങ്കാവില്‍ മുസാന്‍കുട്ടിയെന്ന മൂത്താമ്മുവാണ് പള്ളി നിര്‍മിച്ചത്. മൂത്താമ്മൂന്റെ പള്ളി എന്നാണ് അന്നുമുതല്‍ അറിയപ്പെട്ടിരുന്നത്. ഇത് പിന്നീട് പി വി മുഹമ്മദ് ഹാജി പുതുക്കിപ്പണിതു. ശേഷം 1961ല്‍ പള്ളിയുടെ പേര് മസ്ജിദ് സലാം എന്നാക്കി മാറ്റിയെങ്കിലും മുത്താമ്മുവിന്റെ പള്ളി എന്ന പേരില്‍ അറിയപ്പെടാനാണു പ്രായമുള്ളവര്‍ക്കിഷ്ടം. 300 ഓളം ആളുകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമാണു പുതിയ പള്ളിയിലുണ്ടാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss