|    Oct 20 Sat, 2018 12:23 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

നൂറു ദിവസത്തിനുള്ളില്‍ തന്നെ ജനവിരുദ്ധമായി

Published : 1st September 2016 | Posted By: SMR

രമേശ്  ചെന്നിത്തല  

നൂറു ദിവസം തികയുന്നതിനു മുമ്പുതന്നെ ജനവിരുദ്ധമായി മാറി എന്നതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ നേട്ടം. ഏതു സര്‍ക്കാര്‍ അധികാരത്തിലേറിയാലും ആറു മാസത്തെ ഹണിമൂണ്‍ ഘട്ടം അനുവദിച്ചുകൊടുക്കാറുള്ളതാണ്. അതുകൊണ്ടുതന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആറു മാസത്തേക്ക് സമരപരിപാടികളൊന്നും വേണ്ടെന്നാണ് യുഡിഎഫ് തീരുമാനിച്ചത്.
പക്ഷേ, രണ്ടു മാസമെത്തും മുമ്പുതന്നെ ഇടതു സര്‍ക്കാര്‍ ജനവിരുദ്ധത പുറത്തെടുത്തു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ജനങ്ങളെയും സംസ്ഥാനത്തെയും ശരിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. പിടിപ്പുകേട്, മണ്ടത്തരം, ധാര്‍ഷ്ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സക്കാരിന്റെ മുഖമുദ്രകള്‍. ചുരുങ്ങിയ ദിവസം കൊണ്ടു തനിനിറം പുറത്തുകാട്ടി യുഡിഎഫിനെ സമരരംഗത്തേക്കു വലിച്ചിഴയ്ക്കാന്‍ ഇടതു സര്‍ക്കാരിനായി. തുടക്കത്തിലാണെങ്കിലും ജനവിരുദ്ധത അതിരുകടന്നാല്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തിനും കഴിയില്ല.
എന്താണ് നൂറു ദിവസം കൊണ്ട് ഈ സര്‍ക്കാരിന്റെ നേട്ടം? എടുത്തുകാണിച്ച് ഊറ്റം കൊള്ളാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഒന്നുമില്ല. പകരം മുല്ലപ്പെരിയാര്‍ മുതല്‍ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവുകേടുകളുടെയും ഘോഷയാത്ര മാത്രം. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ദീര്‍ഘകാല പോരാട്ടത്തെ ഒറ്റിക്കൊടുക്കുന്ന പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി  പിണറായി  വിജയന്‍ ഭരണത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ മൂന്നു ജില്ലകളിലെ ജനങ്ങളുടെ മേല്‍ ഏതു നിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലയ്ക്കാണ്  കേരളീയര്‍  മുല്ലപ്പെരിയാറിനെ ഭീതിയോടെ കാണുന്നത്. എന്നാല്‍, ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപോര്‍ട്ടും കണക്കിലെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് അദ്ദേഹം അതു പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുഖ്യ രാഷ്ട്രീയ എതിരാളിയായ വി എസ് അച്യുതാനന്ദന്‍ മുല്ലപ്പെരിയാര്‍ സമരത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതുകൊണ്ടാകാം എതിര്‍നിലപാട് സ്വീകരിച്ചത്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തിയെങ്കിലും തമിഴ്‌നാട് അതിനകം അതിന്മേല്‍ മുതലെടുപ്പ് നടത്തിക്കഴിഞ്ഞിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകണ്ട് ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര രജിസ്‌ട്രേഷന്റെ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ കൂടെയല്ലെന്നു തെളിയിച്ചു. ഒരു അച്ഛന്‍ മകന് 20 ലക്ഷം രൂപയുടെ സ്വത്ത് കൈമാറുമ്പോള്‍ നേരത്തേ 1000 രൂപ രജിസ്‌ട്രേഷന്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ 59,000 രൂപ വേണം. കനത്ത പ്രതിഷേധമുയര്‍ന്നിട്ടും തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ പ്രവേശനം അലങ്കോലമാക്കിയത് സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമായിട്ടാണ്. തുടക്കം മുതല്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സര്‍ക്കാര്‍. ഡെന്റല്‍ കോളജ് ഫീസ് ഏകീകരിച്ചത് മണ്ടത്തരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍ക്കാരിന് അത് ബോധ്യപ്പെട്ടത്. തുടര്‍ന്ന് അതു തിരുത്തിയെങ്കിലും മെഡിക്കല്‍ സീറ്റുകളെല്ലാം ഏറ്റെടുക്കുന്ന മണ്ടത്തരം പിന്നാലെ കാണിച്ചു. അതു കോടതി റദ്ദാക്കി. ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളുമാണ് ഈ സര്‍ക്കസ് കാരണം തീ തിന്നുന്നത്. ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങള്‍ കിട്ടിയില്ലെന്നു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഇടതുപക്ഷ യുവജന സംഘടനകള്‍ കേരളത്തെ കീഴ്‌മേല്‍ മറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്തകങ്ങള്‍ ഓണപ്പരീക്ഷ എത്തിയിട്ടും കിട്ടിയിട്ടില്ല. ഇടതു യുവജനങ്ങളെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല.
യുഡിഎഫ് സര്‍ക്കാര്‍ അറുതിവരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്തിയോടെ മടങ്ങിയെത്തി എന്നതാണ് ഇടതു സര്‍ക്കാര്‍ വഴി സമൂഹത്തിനു ലഭിച്ച ഏറ്റവും വലിയ ആഘാതം. കണ്ണൂരില്‍ ഇടയ്ക്ക് നിലച്ചിരുന്ന സിപിഎം-ബിജെപി കൊലക്കളി വീണ്ടും പൊട്ടിപ്പുറപ്പെട്ടു. നാദാപുരത്ത് കോടതി വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകനെയാണ് സിപിഎമ്മുകാര്‍ പാര്‍ട്ടികോടതി വിധി അനുസരിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ ഭ്രാന്തന്‍കളി മൂത്തുമൂത്ത് സിപിഎമ്മുകാരന്‍ സിപിഎമ്മുകാരനെ അടിച്ചുകൊല്ലുന്ന കാഴ്ച പൂഞ്ഞാറില്‍ കണ്ടു. ആലപ്പുഴയില്‍ കാര്‍ത്തികപ്പള്ളിയില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ചിട്ടാണ് സിപിഎം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത്. പറവൂര്‍ മൂത്തകുന്നത്ത് മുന്‍ സിപിഎമ്മുകാരനായ ബിഡിജെഎസ് നേതാവ് സിപിഎം ഓഫിസില്‍ തൂങ്ങിമരിച്ചു.
കൊലപാതകികള്‍ക്ക് ഒത്താശ ചെയ്യുന്ന തരത്തിലേക്ക് പോലിസിന്റെ പ്രവര്‍ത്തനം ചുരുങ്ങിയ കാലം കൊണ്ട് പരിവര്‍ത്തനപ്പെട്ടുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കൊലപാതക കേസുകളില്‍ പാര്‍ട്ടി ഓഫിസില്‍ നിന്നു കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ് സ്വീകരിക്കാന്‍ മടിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. പകരം തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന പോലിസ് ഓഫിസര്‍മാരെ കൊണ്ടുവന്ന് കൊലപാതക കേസുകള്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി ഓഫിസുകളില്‍ നിന്നു നിശ്ചയിച്ചുനല്‍കുന്ന ‘കൂലിപ്രതികളെ’ പിടികൂടുന്ന സമ്പ്രദായം അവസാനിപ്പിച്ച് യഥാര്‍ഥ പ്രതികളെ പിടികൂടിത്തുടങ്ങിയതോടെയാണ് യുഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കടിഞ്ഞാണിടാനായത്. അത് അട്ടിമറിക്കുകയാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത്. ‘പാടത്തു പണിക്ക് വരമ്പത്തു കൂലി’ എന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമരാഷ്ട്രീയത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു.
നാട്ടില്‍ കവര്‍ച്ചയും പിടിച്ചുപറിയും അക്രമവും വര്‍ധിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതു തടയേണ്ട പോലിസ് പക്ഷേ, നിര്‍വീര്യമാണ്. പോലിസിനെ പാര്‍ട്ടിവല്‍ക്കരിക്കുന്നതിനാല്‍ അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ല. അന്യരാജ്യക്കാര്‍ക്കു പോലും കേരളം കവര്‍ച്ചയ്ക്കു പറ്റിയ ഭൂമിയായി മാറിയെന്നാണ് എടിഎം കൊള്ള തെളിയിക്കുന്നത്. ഇതില്‍ വിദേശിയായ ഒരു പ്രതിയെ പിടിച്ചതിനപ്പുറം കൂട്ടുപ്രതികളെ കുടുക്കാന്‍ കഴിയാതെ പോലിസ് ഇരുട്ടില്‍ത്തപ്പുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss