|    Jan 21 Sat, 2017 2:06 pm
FLASH NEWS

നൂറുകോടി ജനതയുടെ സ്വപ്‌നവുമായി റിയോയിലേക്ക്; ശ്രീജേഷിനിത് ചരിത്രനിയോഗം

Published : 13th July 2016 | Posted By: SMR

എം എം സലാം

”ശ്രീജേഷ് ലോക നിലവാരമുള്ള കളിക്കാരനാണ്. അദ്ദേഹത്തിന്റെ നിലവാരത്തിലേക്കെത്താനാണ് ഞങ്ങള്‍ ടീമംഗങ്ങളെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്”. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഹോക്കി ടീമിനെ പഴയ പ്രതാപകാലത്തേക്കുയര്‍ത്തിയ എക്കാലത്തേയും മികച്ച നായകരിലൊരാളായ സര്‍ദാര്‍സിങ് ശ്രീജേഷിനെ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു. സര്‍ദാറിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കി അദ്ദേഹത്തെത്തന്നെ കടത്തി വെട്ടി ശ്രീജേഷ് ടീമിന്റെ കപ്പിത്താന്‍പദം ഏറ്റെടുക്കുമ്പോള്‍ നൂറു കോടി ജനതയും പ്രതീക്ഷകളോടെ റിയോയിലേക്ക് മനസ്സര്‍പ്പിക്കുകയാണ്.
2006 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍വലയ്ക്കു കീഴിലെ വന്‍മതിലായ ശ്രീജേഷ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഉപനായക പദവിയും അലങ്കരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ചാംപ്യന്‍സ് ഹോക്കിയില്‍ ടീമിന്റെ നായക സ്ഥാനം അലങ്കരിക്കാനുള്ള ഭാഗ്യം അപ്രതീക്ഷിതമായി ലഭിച്ചത്. ക്യാപ്റ്റന്‍ സര്‍ദാര്‍സിങിനു വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ശ്രീജേഷിന് ക്യാപ്റ്റന്‍സി സ്ഥാനം കൈവന്നത്. ഏല്‍പ്പിച്ച ദൗത്യം ഭംഗിയായിത്തന്നെ ശ്രീ നിര്‍വ്വഹിച്ചു.
മിന്നും പ്രകടനം കാഴ്ച വച്ചതോടൊപ്പം ടീമിനെ മുന്നില്‍ നിന്നു നയിച്ച ശ്രീജേഷിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനത്തുമെത്തി. കലാശപ്പോരാട്ടത്തില്‍ നിലവിലെ ജേതക്കളായ ആസ്‌ത്രേലിയയോട് അവസാന മിനിറ്റ് വരെ പൊരുതിയ ശേഷമാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത സമയം വരെ കിണഞ്ഞു പരിശ്രമിച്ച ഓസീസിനെ ഗോളടിപ്പിക്കാതെ പിടിച്ചു നിര്‍ത്തിയതിനു പിന്നിലും ഈ കിഴക്കമ്പലത്തുകാരന്റെ നിശ്ചയദാര്‍ഡ്യവും തകര്‍പ്പന്‍ സേവുകളുമായിരുന്നു. ചാംപ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ 33 വര്‍ഷം മുമ്പു നേടിയ ഒരു വെങ്കല മെഡല്‍ മാത്രം സ്വന്തമായുണ്ടായിരുന്ന ഇന്ത്യ വെളളി നേടി ലോക ഹോക്കിയിലേക്ക് മടങ്ങി വരവ് നടത്തുകയായിരുന്നു ഇക്കുറി ചെയ്തത്.
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ ശ്രീജേഷിന്റെ പ്രകടനമാണ് ഇതിനു മുമ്പു ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗോള്‍ വല കാത്ത ശ്രീജേഷ് ആണ് അന്ന് പാകിസ്താനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. സുല്‍ത്താന്‍ ജോഹര്‍കപ്പില്‍ കരുത്തരായ ആസ്‌ത്രേലിയയേയും ബ്രിട്ടനേയും കീഴടക്കി നേടിയ കിരീടം, ലോകചാംപ്യന്‍മാരായ ഓസീസിനെതിരായ പരമ്പര വിജയം, തുടങ്ങി സമീപ കാലത്ത് ഇന്ത്യന്‍ ഹോക്കി ടീം വീണ്ടും നേട്ടങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ അതിന്റെയെല്ലാം പിന്നില്‍ തന്റേതായ സംഭാവനകളര്‍പ്പിച്ച് ശ്രീജേഷും കൂട്ടത്തിലുണ്ടായിരുന്നു.
നേട്ടങ്ങള്‍ ഒന്നൊന്നായി ഇന്ത്യന്‍ ഹോക്കി ടീമിനെ തേടിയെത്തുന്നതിനിടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സര്‍ദാര്‍സിങ് ലൈംഗീക ആരോപണത്തില്‍ കുടങ്ങുന്നത്. ഇന്ത്യന്‍ വംശജയായ ലണ്ടന്‍ സ്വദേശിനി നാലുവര്‍ഷമായി അടുപ്പത്തിലായ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ലുധിയാന പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സര്‍ദാര്‍സിങ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. ഇപ്പോള്‍ സിങ് ടീമില്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റന്‍സ്ഥാനം നല്‍കാതെ ആ സ്ഥാനം അധികൃതര്‍ ശ്രീജേഷിനു നല്‍കുകയായിരുന്നു.
ഹോക്കിയില്‍ എട്ട് തവണ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ടീം ഒരു കാലത്ത് ലോക ഹോക്കിയിലെ മുടിചൂടാമന്നന്‍മാരായിരുന്നു. എന്നാല്‍ ഇന്ന് കഥയെല്ലാം മാറി. 1984 ന് ശേഷം ഇന്ത്യ വന്‍ പരാജയമാണ്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ 12ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. എന്നാല്‍ സമീപ കാലത്തെ മികച്ച പ്രകടനങ്ങളെല്ലാം ഇന്ത്യക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നുണ്ട്. ആദ്യമായി ഇന്ത്യന്‍ നായക പദവി തേടിയെത്തുന്ന ഈ മലയാളി താരത്തിനു കീഴില്‍ ഒരു മെഡലെങ്കിലും റിയോയില്‍ നിന്നു നേടാമെന്നാണ് കായിക പ്രേമികളും കണക്കുകൂട്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക