|    Jul 23 Mon, 2018 1:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംരംഭങ്ങളാണ് നാടിനാവശ്യം : മുഖ്യമന്ത്രി

Published : 13th September 2017 | Posted By: fsq

 

കൊച്ചി: നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങള്‍ നാടിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കും. കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് യുവ സംരംഭക സംഗമം (യെസ് 2017 3ഡി) എറണാകുളം ലെ മെറിഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന ആശയങ്ങളുമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സംസ്ഥാനത്ത് നിരാശനാവേണ്ടി വരില്ല. 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‌ഐഡിസി ധനസഹായം ചെയ്യും. ഭാവി സാമ്പത്തിക വളര്‍ച്ചാ സ്രോതസ്സ് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്ന സംരംഭങ്ങള്‍ക്ക് 1375 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 549 കോടി  ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് മാറ്റിവച്ചിരിക്കുന്നു. പത്തുകോടി രൂപ ടെക്‌നോളജി ഇന്നവേഷനും യുവജന സംരംഭകത്വ പരിപാടികള്‍ക്കായി 70 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഐടി മേഖലയില്‍ മാത്രമല്ല ഐടി ഇതര മേഖലകളിലേക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ വ്യാപിപ്പിക്കണം. പ്രഫഷനല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷി സ്വന്തംനാട്ടില്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. തൊഴില്‍ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാനും സുഗമമായി നടപ്പാക്കാനും പരമ്പരാഗത രീതികളില്‍ മാറ്റംവരുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. യുവജനങ്ങളുടെ നൂതന സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.യുവസംരംഭക സംഗമത്തിന്റെ സിഗ്‌നേച്ചര്‍ ഫിലിം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത രീതിയും സദസ്സിന് കൗതുകമായി. അസിമോ റോബോടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്ത റോബോട്ട് കൈമാറിയ തെറ്റാലി ഉപയോഗിച്ചാണ് മുഖ്യമന്ത്രി സിഗ്‌നേച്ചര്‍ ഫിലിംപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മന്ത്രി എസി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. നവകേരള സൃഷ്ടിക്കായുള്ള പശ്ചാത്തല സൗകര്യം ഒരുക്കാനും വ്യവസായികള്‍ക്ക് വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സംരംഭങ്ങള്‍ തുടങ്ങാനായി 5,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എം സ്വരാജ് എംഎല്‍എ, കേന്ദ്ര ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍, മുന്‍ എംപി പി രാജീവ്, കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ എം ബീന, ടിഐഇ പ്രസിഡന്റ് രാജേഷ് നായര്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss