|    Jan 18 Wed, 2017 7:33 pm
FLASH NEWS

നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു;പാക് സംഘത്തിലെ 10 പേരെ സൈന്യം വധിച്ചു

Published : 21st September 2016 | Posted By: mi.ptk

ശ്രീനഗര്‍/ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഉറി സെക്ടറില്‍ രണ്ടിടത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 അംഗ പാക് സംഘത്തിലെ 10 പേരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ലാച്ചിപുര,  നൗഗം മേഖലകളിലെ നുഴഞ്ഞുകയറ്റ ശ്രമമാണു സൈന്യം തകര്‍ത്തത്. കഴിഞ്ഞദിവസം 18 സൈനികര്‍ കൊല്ലപ്പെട്ട ഉറിയിലെ സൈനികകേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയാണു സംഭവം. ചൊവ്വാഴ്ച ഉച്ചയോടെ ലാച്ചിപുരയിലെ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സൈനിക കാവല്‍പുരയ്ക്കു നേരെ പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. കഴിഞ്ഞദിവസം 18 സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നാലെയാണു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് പ്രകോപനം ഉണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധതിരിച്ച് നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനായിരുന്നു പാക് വെടിവയ്‌പെന്ന് സൈനിക വക്താക്കള്‍ ആരോപിച്ചു. ഉറിയില്‍ ആക്രമണം നടത്തിയ പാക് സംഘത്തിന് പ്രദേശവാസികളുടെ പിന്തുണ ലഭിച്ചിരുന്നുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ റിപോര്‍ട്ട്. ആക്രമണത്തിനു മുമ്പ് ഇവര്‍ രണ്ടുമണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ചിരുന്നുവെന്നും പിന്നീട് ആക്രമണം നടത്തിയെന്നുമാണ് റോയും അതിര്‍ത്തിരക്ഷാ സേനയും നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ശേഖരിക്കാനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കശ്മീരില്‍ എത്തിയിട്ടുണ്ട്. ഈ മാസം 26നു ചേരുന്ന യുഎന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉറി ആക്രമണവിഷയം ഉന്നയിക്കുമെന്നു കേന്ദ്ര പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ പറഞ്ഞു. ഉറിയില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. പാകിസ്താനു മനസ്സിലാവുന്ന ഭാഷയില്‍ തിരിച്ചടി നല്‍കും. സൈനികതാവളങ്ങളിലെയും തന്ത്രപ്രധാന മേഖലകളിലെയും സുരക്ഷ വര്‍ധിപ്പിക്കും. ഉറിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സൈനിക താവളങ്ങളുടെയും തന്ത്രപ്രധാന മേഖലകളുടെയും സുരക്ഷ മെച്ചപ്പെടുത്തും.അതിനിടെ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തുടങ്ങിയവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, അര്‍ധസൈനിക ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഏജന്‍സി മേധാവി തുടങ്ങിയവര്‍ കശ്മീര്‍ താഴ്‌വരയിലെയും നിയന്ത്രണരേഖയിലെയും നിലവിലെ സ്ഥിതിഗതികള്‍ മന്ത്രിയെ ധരിപ്പിച്ചു. കശ്മീരിലെത്തിയ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌രിശി, ഗവര്‍ണര്‍ എന്‍ എന്‍ വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിയന്ന സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു തിരിച്ചു. ആഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണു ജയശങ്കര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലെത്തിയത്. പാകിസ്താനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുന്നതിനു നയതന്ത്ര നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ബഹുതല നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനാണു യോഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക