|    Nov 16 Fri, 2018 2:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നുറുങ്ങാന്‍ സുഗതകുമാരിക്കുമുണ്ട് ഒരു ഹൃദയം..!

Published : 3rd June 2017 | Posted By: fsq

ശനിദശ

കരുണാമയമായ മനസ്സില്‍ നിന്ന് സ്വയം ഊറിവരുന്നതാണ് കവിതയെന്നും, കവി കാരുണികനാണെന്നുമാണ് ആപ്തവാക്യം. ആദികവി വാത്മീകിയില്‍ തുടങ്ങുന്നു ആ ചരിതം. മനുഷ്യത്വത്തിന്റെ ഉണര്‍ത്തുപാട്ടായി കവിതകള്‍ കൊണ്ടാടപ്പെട്ടതു തന്നെയാണ് മലയാളത്തിന്റെയും ചരിത്രം…പക്ഷേ, കാലം മാറുമ്പോള്‍ കവികളും മാറുന്നതാണ് പുതിയ കാഴ്ച. ചരിത്രവും വസ്തുതകളും കീഴ്‌മേല്‍ മറിച്ചും കാവിവല്‍കരിച്ചും നരേന്ദ്ര ദാമോദര്‍ മോദി സര്‍വാധിപനായി വാഴുന്ന കാലത്ത് കവികളുടെ കണ്ണീരും കാവിവല്‍കരിക്കപ്പെടുന്ന അവസ്ഥ.അകലേനിന്ന് കണ്ടാരാധിക്കുന്ന വിഗ്രഹം അടുത്തറിയുമ്പോള്‍ കളിമണ്ണാണെന്ന് തിരിച്ചറിയുന്നത് ജീവിതത്തിലെ വലിയ ദുരന്തമാണെന്നാണ് എം ടി വാസുദേവന്‍ നായര്‍ എഴുതിയത്. മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടെ കാര്യത്തില്‍ ഈ ദുരന്തം ഏറെക്കുറേ പൂര്‍ണമായിക്കഴിഞ്ഞു. ഇലയെ തഴുകുന്ന കാറ്റിന് മാര്‍ദവം കുറഞ്ഞാല്‍ ഹൃദയം നുറുങ്ങുന്ന സുഗതകുമാരി ടീച്ചറുടെ കണ്ണീരിന് ഈയിടെയായി കാവി നിറമാണെന്നാണ് ദോഷൈകദൃക്കുകളും അല്ലാത്തവരുമൊക്കെ പറയുന്നത്.മോദിയുടെ പശുരാഷ്ട്രീയത്തിനെതിരേ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് യൂത്തന്‍മാര്‍ കണ്ണൂരില്‍ നടുറോഡില്‍ മൂരിക്കുട്ടനെ അറുത്തത് ഒന്നാംതരം കോപ്രായമായിരുന്നു. പക്ഷേ, അത് കേട്ട് സുഗതകുമാരിയുടെ ഹൃദയം നുറുങ്ങിപ്പോയത് കോമഡിയല്ല.. കണ്ണൂരില്‍ കാളയെ അറുത്ത യൂത്തന്‍മാരുടെ അമ്മമാരെ വരെ ശപിച്ചുകളഞ്ഞു കേരളത്തിന്റെ അമ്മ കവയത്രി..കൊല്ലം ജില്ലയിലൊരിടത്ത്, വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ആര്‍എസ്എസുകാര്‍ കാളയെ കഴുത്തറുത്ത് കൊന്ന് ഒരമ്പല നടയില്‍ കൊണ്ടിട്ട സംഭവമുണ്ടായിരുന്നു. അന്ന് പ്രിയ കവയത്രിയുടെ കണ്ണുനനഞ്ഞില്ല. കാസര്‍കോട്ട് നാലരവയസ്സുള്ള ഒരു മുസ്‌ലിം ബാലനെ ഒരു ആര്‍എസ്എസുകാരന്‍ കാളയെ അറുക്കുന്നതിനേക്കാള്‍ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആ കുഞ്ഞിന്റെ ദുര്‍വിധിയോര്‍ത്തും കവയത്രിയുടെ ഹൃദയം നുറുങ്ങിയില്ല. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ചാനലുകളുടെ ഉമ്മറത്തിരുന്ന് പതിവായി മാനിഷാദ പാടുന്ന സുഗതകുമാരി, കാസര്‍കോട്ട് പള്ളിയിലുറങ്ങിക്കിടന്ന ഒരു യുവ മൗലവി ആര്‍എസ്എസ്എസുകാരാല്‍ ദാരുണമായി കൊല്ലപ്പെട്ടത് അറിഞ്ഞേയില്ല.!കാവി ഭക്തിയില്‍ സുഗതകുമാരി മലയാളിയെ ഞെട്ടിച്ചു കളഞ്ഞ ധാരാളം സന്ദര്‍ഭങ്ങളുണ്ട്. മനുഷ്യ സ്‌നേഹിയായ രാഷ്ട്രീയക്കാരനാണ് കുമ്മനം രാജശേഖരന്‍ എന്ന് സുഗതകുമാരി ഒരിക്കല്‍ പറഞ്ഞപ്പോള്‍ അത് വാര്‍ധക്യത്തിന്റെ പിച്ചും പേയുമാവാമെന്ന് സമാധാനിച്ചു, മലയാളി. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന സുരേഷ് ഗോപിയെ പൊന്നാടയണിയിക്കാന്‍ ആയമ്മ ആവേശത്തോടെ എത്തിയപ്പോള്‍ പത്രക്കാര്‍ക്കും കാര്യങ്ങള്‍ പിടികിട്ടിത്തുടങ്ങി. അമിത് ഷാ തിരുവനന്തപുരത്തു വന്നപ്പോള്‍ കുമ്മനത്തോടൊപ്പം ചെന്ന് ദര്‍ശനം നല്‍കുകയും ചെയ്തു, അമ്മ മഹാ കവി…ബീഫ് നിരോധനത്തിനെതിരേ ബീഫ് വര്‍ജനത്തിലൂടെ പ്രതികരിക്കാനാണ് മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ ആയമ്മ ആഹ്വാനം ചെയ്തത്. സംഘപരിവാര ഫാഷിസത്തിനെതിരേ മൗലികാവകാശങ്ങളും ജനാധിപത്യവും പൊതു ബോധവും വര്‍ജിച്ച് വിധേയപ്പെടാന്‍ സുഗതകുമാരി ആഹ്വാനം ചെയ്താലും അദ്ഭുതപ്പെടേണ്ട…

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss