|    Nov 21 Wed, 2018 1:11 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നുണയ്ക്കുമാവാം ഒരു നിലവാരമൊക്കെ

Published : 11th November 2017 | Posted By: fsq

സാധ്യതകളുടെ കലയാണ് രാഷ്ട്രീയം. നുണ കൊണ്ട് സത്യാത്മകത സൃഷ്ടിക്കലാണ് കലയുടെ മര്‍മം. അപ്പോള്‍, നുണയുടെ സാധ്യതകളിലാണ് രാഷ്ട്രീയകല പുലരുന്നതെന്നും പറയാം. കലയിലെ നുണയ്ക്ക് ഉന്നതമായ ഒരു തലവും അര്‍ഥോദ്ദേശ്യവുമൊക്കെയുണ്ട്. പോക്കറ്റടിക്കാരന്‍ തടിതപ്പാന്‍ പോലിസുകാരനോട് പറയുന്ന നുണപോലല്ലത്. പ്രായോഗിക രാഷ്ട്രീയം കാട്ടുകള്ളന്‍മാരുടെ കേളീരംഗമാണെങ്കിലും ജനകീയത അവകാശപ്പെടുന്ന നേതാക്കളില്‍ നിന്ന് സാധ്യതകളുടെ കലയില്‍ അമ്മാതിരി തടിതപ്പലല്ല സമൂഹം അഭിലഷിക്കുന്നത്. അവര്‍ നുണപറയുമ്പോഴും അതിനൊരു നിലവാരമൊക്കെ വേണം. സ്വന്തം രാഷ്ട്രീയത്തിന്റെ തേജോസ്പര്‍ശമുള്ള ഒന്ന്. സോളാര്‍ കേസില്‍ അങ്ങനെയാണോ ഉമ്മന്‍ചാണ്ടി ആന്റ് കോയുടെ പ്രതികരണം? ശിവരാജന്‍ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട് വന്നതോടെ രണ്ടര ഗ്രൗണ്ടിലാണ് ടിയാന്‍മാരുടെ പ്രതിരോധം: ഒന്ന്, കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സ് അഥവാ പരിഗണനാ പരിധി ലംഘിച്ചു. രണ്ട്, കേന്ദ്രകഥാപാത്രമായ ശ്രീമതിക്കു വിശ്വാസ്യതയില്ല. പിന്നെ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേലുള്ള സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന അരമുറി പരിചയും. ഒന്ന്: ശിവരാജന്‍ ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരന്വേഷണ കമ്മീഷനെ നിയോഗിച്ചതുതന്നെ പ്രതിപക്ഷവും മാധ്യമങ്ങളും കൂടി വലിയ സമ്മര്‍ദമുണ്ടാക്കിയപ്പോഴാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് ഉപരോധം തീര്‍ത്ത പ്രതിസന്ധിയില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ്. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയുടെ ഔദാര്യമോ ഉദ്ദേശ്യശുദ്ധിയുടെ ഫലമോ ആയിരുന്നില്ല ഈ കമ്മീഷന്‍. അതേസമയം, പൊതുജനദൃഷ്ടിയില്‍ തന്റെ രാഷ്ട്രീയ വ്യക്തിത്വം സംരക്ഷിച്ചെടുക്കുക എന്ന അത്യാവശ്യം ടിയാനുണ്ടായിരുന്നുതാനും. ഇതെല്ലാം അര്‍ഥമാക്കുന്നത്, അേന്വഷണ കമ്മീഷനെ കൊണ്ട് ജനത പ്രതീക്ഷിക്കുന്നത് സോളാര്‍ കേസുകെട്ടിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുക എന്നതാണ്. അതില്‍ ജനതയ്ക്ക് മറ്റൊരു ചേതം കൂടിയുണ്ട്- രണ്ടു കോടിയില്‍പരം രൂപ ഈ ആവശ്യത്തിലേക്കായി മുടക്കിയത് പൊതുജനം തന്നെയാണ്. അങ്ങനെയിരിക്കെ, കമ്മീഷന്റെ അന്വേഷണത്തിന്‍മേല്‍ പരിധി കല്‍പിക്കുന്നതും ആ വയ്‌ക്കോല്‍ തുരുമ്പില്‍ പിടിച്ചു ന്യായം പറയുന്നതും സാങ്കേതികത്വത്തിന്റെ ഉഡായിപ്പ് മാത്രമല്ല, നേരറിയാനുള്ള പൗരാവകാശത്തെ കൊഞ്ഞനംകുത്തലുമാവുന്നു. പ്രമേയത്തിന്റെ നേര് മൊത്തം അറിയേണ്ട, തങ്ങള്‍ ഇച്ഛിക്കുന്നത്ര മാത്രം അറിഞ്ഞാല്‍ മതി എന്ന ശാഠ്യം മടിയില്‍ കനമുള്ളവര്‍ക്കു മാത്രം ഭൂഷണമായ വഴിനടപ്പാണ്. ഇനി, ഇപ്പറയുന്ന പരിധിലംഘനം അന്വേഷണമധ്യേ തന്നെ തോന്നിയെന്നും വിയോജിപ്പ് രേഖപ്പെടുത്തിയെന്നുമാണ് ചാണ്ടി ഇപ്പോള്‍ പറയുന്നത്. എങ്കില്‍ നാട്ടുനടപ്പനുസരിച്ച് അന്ന് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല? തങ്ങള്‍ വച്ച കമ്മീഷനു പാരവയ്‌ക്കേണ്ട എന്നു കരുതിയാണ് അങ്ങനെ പോകാതിരുന്നതെന്നാണ് ചാണ്ടിയുടെ ‘നന്മയില്‍ ഗോപാലന്‍’ മറുപടി. നേരെന്താണ്? ഒന്നാമത്, അന്നേരം പാരവച്ചാല്‍ ജനവികാരം കൂടുതല്‍ എതിരാവും. രണ്ടാമത്, തങ്ങള്‍ നിയോഗിച്ച കമ്മീഷന്‍ തങ്ങള്‍ക്കെതിരേ ഒന്നും ചെയ്യില്ലെന്ന വിചാരഗതി. ചുരുക്കത്തില്‍, ഈ കമ്മീഷന്‍ വെപ്പുതന്നെ നാട്ടാരുടെ കണ്ണില്‍ പൊടിയിട്ട് സ്വന്തം തടിതപ്പാനുള്ള സൂത്രവേല മാത്രമായിരുന്നു എന്നര്‍ഥം. ടി ചേതോവികാരം നഗ്നമാക്കപ്പെട്ടത് കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നപ്പോഴാണ്. ചാണ്ടിയും കൂട്ടരും ഒന്നടങ്കം ചോദ്യം ചെയ്യുന്നത്, കമ്മീഷന്റെ വിശ്വാസ്യതയെ! രണ്ട്: സരിതയുടെ വിശ്വാസ്യതാപ്രശ്‌നം. കേസുകെട്ടിന്റെ തുടക്കംതൊട്ട് കമ്മീഷന്‍ സിറ്റിങ് വരെ ശ്രീമതിയെക്കൊണ്ട് തരാതരം മാറ്റിമാറ്റി പറയിച്ച് ഇല്ലാതാക്കിയെടുത്തതാണ് ടി വിശ്വാസ്യത എന്ന പരസ്യ വസ്തുത ഇപ്പോള്‍ സൗകര്യംപോലങ്ങു വിഴുങ്ങുകയല്ലേ? ചാണ്ടിയുടെ വിശ്വസ്ത കിങ്കരന്‍മാര്‍ ശ്രീമതിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കമ്മീഷന്‍ മാത്രമല്ല പൊതുസമൂഹം മുഴുവന്‍ കേട്ടതാണ്. ആദ്യം പുകിലായപ്പോള്‍ തന്നെ അവരെ അകത്താക്കി. സ്ഥിരമായി അകത്തിടാന്‍ പഴുതില്ലാത്തതുകൊണ്ട് പിന്നാലെ രക്ഷിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കി. കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണനെ സ്ഥിരമായി പൂട്ടാന്‍ പഴയൊരു കൊലക്കേസ് പൊടിതട്ടിയെടുത്തു. പുറത്തിറങ്ങിയ ശ്രീമതിയെ ട്യൂണ്‍ ചെയ്യലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പലരുടെയും ചിരകാല പൊതുപ്രവര്‍ത്തനം തന്നെ. അതും പുറത്തായതോടെ നാട്ടുപ്രമാണികളുടെ ചിരപുരാതന തന്ത്രം അവലംബിക്കുകയായി- തേവിടിച്ചി ലേബല്‍. അതൊട്ടിച്ചാല്‍പ്പിന്നെ വിശ്വാസ്യത കാശിക്കു പോയിക്കൊള്ളുമല്ലോ. ആണ്‍പ്രമാണിത്തത്തിന്റെ ഈ കാട്ടുനീതിക്ക് നീതിപീഠവും വിനീതവിധേയമായി. ഹൈക്കോടതി ഈ സ്ത്രീയുടെ വിശ്വാസ്യതയ്ക്ക് പതിച്ചുകൊടുത്ത കമന്റ് ഓര്‍ക്കുക. അങ്ങനെ തങ്ങള്‍ തന്നെ സമര്‍ഥമായി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ വച്ചാണ് ഇപ്പോള്‍ പ്രതിഷേധം. ശ്രീമതിയെ വിടാം. ശ്രീമാന്‍ ഉമ്മന്‍ചാണ്ടിക്കുണ്ടോ ഇപ്പറയുന്ന വിശ്വാസ്യത? ടിയാന്റെ ട്രാക്ക് റെക്കോര്‍ഡില്‍ നിന്ന് സംഗതമായ രണ്ട് ഉദാഹരണം വഴി അക്കഥ മനസ്സിലാക്കാം: ഒന്ന്, സരിത എന്നൊരാളെ അറിയില്ല, കണ്ടിട്ടേയില്ല എന്നിങ്ങനെയാണ് ചാണ്ടി തുടക്കം തൊട്ടേ പറഞ്ഞുനടന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, സഭാ നേതാവ് എന്ന നിലയില്‍ നിയമസഭയിലും ഈ നുണയാണ് കമ്മീഷന്‍ കണ്ടെത്തിയ അഞ്ചു തെളിവുകള്‍ വഴി പൊളിഞ്ഞത്. ഇപ്പോള്‍ അതേപ്പറ്റി ഉരിയാട്ടമില്ല. അങ്ങനെയുള്ള പുള്ളിയാണ് വിശ്വാസ്യതയുടെ പളുങ്കുമേനി നടിക്കുന്നത്. തെല്ലു പിന്നോട്ടൊന്നു നോക്കുക. ഐഎസ്ആര്‍ഒ ചാരക്കേസ്. രമണ്‍ ശ്രീവാസ്തവയുടെ പുകമറ പിടിച്ച് കെ കരുണാകരനെതിരേ ചാണ്ടി നടത്തിയ വൈരനിര്യാതന രാഷ്ട്രീയം ഓര്‍ക്കുക. സത്യത്തില്‍ കേസ് അന്വേഷകരുടെ സംശയപ്പട്ടികയില്‍പ്പെട്ട ശ്രീവാസ്തവ മറ്റൊരാളാണെന്നതോ കരുണാകരനു കേസുമായി പുലബന്ധം പോലുമില്ലെന്നതോ അന്നു പ്രശ്‌നമേയായിരുന്നില്ല. എന്തിനേറെ, ചാരക്കേസിന്റെ ക, ഖ, ഗ തിരിയാത്ത ചാണ്ടിയാണ് പച്ചനുണയുമായി തെരുവിലിറങ്ങിയതും കരുണാകരനെ ഉപജാപം നടത്തി അധികാര ഭ്രഷ്ടനാക്കിയതും. ഒടുവില്‍ ചാരക്കേസില്‍ ചാരവുമില്ല, പുകയുമില്ല എന്നു കോടതി വിധിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം വിധിച്ച കോടതി, കേസ് അന്വേഷണം നടത്തി നിരപരാധികളെ ക്രൂരമായി പീഡിപ്പിച്ച പോലിസുകാര്‍െക്കതിരേ നടപടിയും ശുപാര്‍ശ ചെയ്തപ്പോള്‍ ചാണ്ടി എടുത്ത നിലപാട് കണ്ടില്ലേ? കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കില്ലെന്ന്. എന്നുവച്ചാല്‍ കോടതി കണ്ടെത്തിയത് താന്‍ അംഗീകരിക്കുന്നില്ലെന്നല്ലേ വ്യംഗ്യം? ദോഷം പറയരുതല്ലോ, ചാരക്കേസിന്റെ തുടക്കം മുതല്‍ ഇന്നോളം ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍ പുലര്‍ത്തുന്ന നിലപാടിനൊരു നൈരന്തര്യമുണ്ട്- നുണയുടെ പ്രതിരോധം. സാങ്കേതികത്വവും മുടന്തന്‍ന്യായവും വച്ച് രണ്ടു പരിചകള്‍ സൃഷ്ടിച്ച ചാണ്ടി ഒടുവില്‍ എടുക്കുന്ന അരന്യായമെടുക്കാം- കമ്മീഷന്‍ റിപോര്‍ട്ടിന്‍മേലുള്ള സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന്. ഇതാണ് നമ്മുടെ പൊതുപ്രവര്‍ത്തനരംഗത്തെ മറ്റൊരു സ്ഥിരം ഊളത്തരം. രാഷ്ട്രീയം തന്നെയാണ് പൊതുപ്രശ്‌നങ്ങളില്‍ പ്രേരണയാവേണ്ടത്. നാടിന്റെ സൗരോര്‍ജ നയവും നടത്തിപ്പുമാണല്ലോ ഈ കേസിന്റെ അന്തര്‍ധാര. അതു കൈപ്പിടിയിലാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു കമ്പനിയും അതിനുള്ള ഒത്താശയ്ക്ക് കാഷായും ‘കൈന്‍ഡാ’യും പ്രതിഫലം പറ്റിയ രാഷ്ട്രീയവൃന്ദവുമാണ് കേന്ദ്രപ്രമേയം. അമ്മാതിരി രാഷ്ട്രീയത്തെ പൊളിക്കാന്‍ കിട്ടുന്ന സാധ്യത പരമാവധി വസൂലാക്കുക എന്നതാണ് അതിനെതിരായ രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ഭരണകക്ഷി ഇപ്പറഞ്ഞ കാഷ് ആന്റ് കൈന്‍ഡ് രാഷ്ട്രീയത്തോടു യോജിക്കുന്നു എന്നാണര്‍ഥം. തികച്ചും രാഷ്ട്രീയപ്രേരിതമായിത്തന്നെ ഏര്‍പ്പെടേണ്ട നടപടി തന്നെയാണ് സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്മേലുള്ള അനന്തര പടി എന്നു സാരം. സാധ്യതകളുടെ കലയില്‍ നുണയ്ക്കു മാത്രമല്ല വിളവ്; ഇടയ്‌ക്കൊക്കെ നേരിനുമാവാം.                                                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss