|    Oct 20 Fri, 2017 2:24 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നുണയുടെ സാമ്പത്തിക രാഷ്ട്രീയം

Published : 12th August 2017 | Posted By: fsq

വാക്കിന്റെ ലേശം സൂക്ഷ്മതക്കുറവ്- അങ്ങനെയാണു പണ്ട് ഡോ. ജോണ്‍സണ്‍ നുണയ്ക്കു നല്‍കിയ നിര്‍വചനം. ബോധപൂര്‍വം സൂക്ഷ്മതയോടെ വരുത്തുന്നതാണ് ഈ സൂക്ഷ്മതക്കുറവ് എന്നതാണ് രസകരമായ വസ്തുത. ആ വൈഭവത്തില്‍ രാഷ്ട്രീയകക്ഷികളാരും തന്നെ മോശമല്ല. എങ്കിലും, മറ്റു പല മുന്നേറ്റങ്ങളിലുമെന്നപോലെ ബിജെപിയോളം വൈഭവം ഇതരകക്ഷികള്‍ക്ക് ഇക്കാര്യത്തിലും തല്‍ക്കാലമില്ല.വിദൂരചരിത്രം തൊട്ട് സമകാലിക ചരിത്രം വരെ ഈ വൈഭവത്താല്‍ വക്രീകരിക്കുന്നത് നാം പലവുരു കണ്ടറിഞ്ഞിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് തിരുവനന്തപുരത്ത് അരങ്ങേറ്റിയ അക്രമരാഷ്ട്രീയം. അഴിമതിരാഹിത്യം പറഞ്ഞ് അധികാരമേറ്റ മോദി സര്‍ക്കാരിന് മുഖമടച്ചു കിട്ടിയ അടിയാണ് സ്വന്തം കേരളഘടകത്തിന്റെ ‘മെഡിക്കല്‍ കോഴ.’ അതൊരു ദേശീയചളിയായി വികസിക്കുമ്പോള്‍ ദാ വരുന്നു, തിരുവനന്തപുരത്തെ അക്രമപരമ്പര. കാട്ടാക്കടയില്‍ ലോക്കല്‍ സഖാക്കളുടെ വീടുകള്‍ ആക്രമിച്ചു തുടങ്ങിയ കലാപരിപാടി കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ സാക്ഷാല്‍ സഖാക്കളും ഈ കെണിയില്‍പ്പെട്ടു. അഴിമതിക്കാര്യങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ അക്രമം അഴിച്ചുവിടുമെന്ന് ഇന്റലിജന്‍സ് വിവരം നല്‍കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഒന്നുകില്‍, അക്കാര്യം താഴേത്തല സഖാക്കളെ അറിയിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല; അല്ലെങ്കില്‍, അറിഞ്ഞിട്ടും സംയമനം പാലിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. രണ്ടിലേതായാലും സഖാക്കളുടെ ഇന്റലിജന്‍സ് കമ്മി മുഴച്ചുതന്നെ നില്‍ക്കുന്നു. ഇത്രയാണു കളി. വീടാക്രമണ പരമ്പര സംഘപരിവാരം ഇച്ഛിച്ചതിലും കേമമായി ഒരു കൊലപാതകത്തില്‍ കലാശിക്കുന്നു. ചത്തത് കാര്യവാഹകനെങ്കില്‍ കൊന്നത് സഖാക്കളാവണമല്ലോ. ആ പ്രപഞ്ചനിയമം അനുസരിച്ചു തന്നെ തുടര്‍രംഗങ്ങള്‍ അരങ്ങേറുന്നു. മെഡിക്കല്‍ കോഴയധിപന്‍മാര്‍ സംഗതി ദേശീയ പുകിലാക്കുന്നു. കുറേക്കാലമായി പരസ്യവിരട്ടു വഴി എടങ്ങേറിലാക്കി നിര്‍ത്തിയിട്ടുള്ള ഗവര്‍ണറെ ഭംഗ്യന്തരേണ മിരട്ടുന്ന നമ്പറുകള്‍ വരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഫോണ്‍വിളി, രാജ്യരക്ഷാമന്ത്രിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നേരിട്ടുള്ള എഴുന്നള്ളത്ത്. ഗവര്‍ണര്‍ നേരംകളയാതെ മുഖ്യനെ വിളിച്ചുവരുത്തുന്നു, പോലിസ് മൂപ്പനെ വരുത്തുന്നു, ഒന്നും പോരാഞ്ഞ് ഈ ആവാഹനക്രിയകളെല്ലാം കൂടി ട്വീറ്റ് ചെയ്ത് അതിമിടുക്ക് കാട്ടുന്നു. ദേശീയ മാധ്യമങ്ങള്‍ കേരളത്തെ പിശാചിന്റെ സ്വന്തം നാടാക്കുന്നു. കഴിഞ്ഞ രണ്ടു കൊല്ലത്തിനിടെ 39 ഹര്‍ത്താല്‍ നടത്തിയിട്ടും ‘ക്രമസമാധാനത്തകര്‍ച്ച’ ഉദ്ദിഷ്ടലാഭത്തിന് വേണ്ടത്ര ഉപകാരപ്പെടാതിരുന്ന ബിജെപി 40ാം ഹര്‍ത്താലും പ്രഖ്യാപിച്ച് കൊതിയോടെ കാത്തിരിപ്പു തുടരുന്നു. മനുഷ്യന്‍മാര്‍ക്ക് മനസ്സമാധാനത്തോടെ കഴിഞ്ഞുകൂടാന്‍ കൊള്ളാത്ത ദേശമാണ് കേരളം എന്നാണ് ഈ ദേശീയവാണിയുടെ അടിവര. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ജീവിക്കുകയും ഇന്നും സഞ്ചരിക്കുകയും ചെയ്യുന്ന ഒരു സാദാ പൗരന്‍ എന്ന നിലയ്ക്ക് ഈ ലേഖകന് ഇന്നോളം അനുഭവപ്പെട്ടിട്ടുള്ള രണ്ട് ലളിതയാഥാര്‍ഥ്യങ്ങളുണ്ട്: ഒന്ന്, ബാക്കിയുള്ള സംസ്ഥാനങ്ങളേക്കാള്‍ ജീവിച്ചുപോകാന്‍ എന്തുകൊണ്ടും ഭേദപ്പെട്ട ചുറ്റുപാട് കേരളത്തിലാണ്. കുറ്റങ്ങളും കുറവുകളും ധാരാളമുള്ളപ്പോഴും കേരളം അക്കാര്യത്തില്‍ ഇന്ത്യയിലെ പാടെ വ്യത്യസ്തമായ അനുഭവമാണ്. രണ്ട്, ഈ അന്തരീക്ഷത്തിനിട്ട് കല്ലേറു നടത്തുകയെന്ന നിത്യാഭ്യാസം കുറേക്കാലമായി വച്ചുനടത്തുന്നത് ഒരേയൊരു കൂട്ടരാണ്- ബിജെപി. മോദിയുടെ സോമാലിയ പ്രയോഗത്തില്‍ നിന്ന് കേരളത്തെ ഒരു ഉഗാണ്ടയാക്കിയെടുക്കാനുള്ള വ്യഗ്രതയിലേക്ക് അതു വളര്‍ന്നിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള ആധിപിടിച്ച പണിയാണ് തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേദിവസം തൊട്ട് ഈ പ്രഭൃതികള്‍ ഇവിടെ എടുത്തുകൊണ്ടിരിക്കുന്നത്. അതിന്റെ കണക്കും കഥയും പകല്‍പോലെ നാട്ടുകാര്‍ക്കു മുമ്പിലുള്ളപ്പോഴാണ് ‘ക്രമസമാധാനം’ തകര്‍ന്നേ എന്ന ദേശീയഘോഷം. ഇരിക്കപ്പൊറുതി കൊടുക്കാതെ അമിത് ഷാ കൂടക്കൂടെ കൊടുക്കുന്ന ഇണ്ടാസുകള്‍ ആ കക്ഷിയുടെ ലോക്കല്‍ നേതൃത്വത്തിന് സമാധാനം നഷ്ടമാക്കി എന്നതു നേര്. അതിലേക്ക് കേരളത്തെ ഉള്‍പ്പെടുത്തി നിലവിളിക്കുമ്പോഴാണ് മുമ്പ് പറഞ്ഞ ബോധപൂര്‍വമായ സൂക്ഷ്മതക്കുറവ് ആവിഷ്‌കൃതമാവുന്നത്. ഇത് കേവലം രാഷ്ട്രീയവേദിയില്‍ മാത്രമുള്ള പ്രതിഭാസമല്ല. സമ്പദ്ഘടന പോലെ നിര്‍ണായകമായ മണ്ഡലങ്ങളിലും ഇതേ പ്രയോഗമാണ് ഈ പാര്‍ട്ടി വച്ചുനടത്തുന്നതെന്ന് അറിയുമ്പോഴാണ് നുണ എങ്ങനെ ഏറ്റവും വലിയ ആയുധമായി നമുക്കിടയില്‍ പരിണമിച്ചിരിക്കുന്നു എന്നു കാണാനാവുക. ആഭ്യന്തര മൊത്ത ഉല്‍പാദനം (ജിഡിപി) എന്ന സാമ്പത്തിക മാനദണ്ഡത്തെ തങ്ങളുടെ രാഷ്ട്രീയ മാഹാത്മ്യം ഘോഷിക്കാന്‍ ബിജെപി ഭരണകൂടം അടിസ്ഥാനപരമായി വക്രീകരിച്ചെടുത്ത കഥ നേരത്തേ കണ്ടു. ആസൂത്രണ കമ്മീഷന്‍ പൊളിച്ചുകളഞ്ഞ് ‘നീതി ആയോഗ്’ എന്ന ഉഡായിപ്പ് ഇറക്കിക്കൊണ്ടായിരുന്നു തുടക്കം. ടി ഉല്‍സാഹക്കമ്മിറ്റിയുടെ മൂപ്പന്‍ (ഉപാധ്യക്ഷന്‍) തന്നെ അടുത്തിടെ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. കാരണം, ഉദ്ദേശിച്ച വേഗത്തില്‍ ഉഡായിപ്പുകള്‍ സാധ്യമാവുന്നില്ല. കണക്കിനോട് കാര്യവാഹകന്റെ രാഷ്ട്രീയം ഏശില്ല. വ്യവസായ വളര്‍ച്ചയുടെ അഥവാ, തളര്‍ച്ചയുടെ ചിത്രം നല്‍കുന്ന പരമ്പരാഗത സൂചികയാണിത്. 1948ലെ ഫാക്ടറീസ് ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നുലക്ഷത്തോളം ഫാക്ടറികളിലാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഈ കണക്കെടുക്കുന്നത്. ഓരോ കാലയളവിലെയും സൂചിക നിശ്ചയിക്കാന്‍ ഒരു അടിസ്ഥാനവര്‍ഷത്തെ മാനദണ്ഡമാക്കും. ആ അടിസ്ഥാനം എടുത്തുമാറ്റി തങ്ങള്‍ക്കു സൗകര്യപ്രദമായ പുതിയ വര്‍ഷത്തെ പ്രതിഷ്ഠിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 2004-05 എന്നതു മാറ്റി 2011-12 എന്നാക്കിയാല്‍ വളര്‍ച്ച കൂടി എന്ന പ്രതീതിയുണ്ടാക്കാം. അങ്ങനെ 0.8 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഒറ്റയടിക്ക് 3.6 ശതമാനം വളര്‍ച്ചയുണ്ടാക്കി എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം. നേരത്തേ തന്നെ കൃത്രിമമാക്കിയ ജിഡിപിയെ ആശ്രയിച്ചുള്ള കണക്കുകൂട്ടലാണ് വ്യവസായ സൂചികയുടെ പുതിയ അഭ്യാസത്തിലുമുള്ളത്. അത് അങ്ങനെയല്ലാതെ നിര്‍വാഹമില്ല. കാരണം, രണ്ടിലും നിര്‍മാണ മേഖലയുടെ പ്രവര്‍ത്തനം ഉള്‍പ്പെടുന്നു. എന്നാല്‍, ചില പുതിയ ‘നമ്പറുകള്‍’ കൂടി ഇക്കുറി അരങ്ങേറി. ജിഡിപി തിട്ടപ്പെടുത്താന്‍ ഉള്‍പ്പെടുത്തുന്ന ചരക്കിനങ്ങളിലായിരുന്നു കളി. നിലവിലുണ്ടായിരുന്ന 124 ഇനങ്ങള്‍ വെട്ടിമാറ്റി, പുതുതായി 149 ഇനങ്ങള്‍ കയറ്റി. ഉദാഹരണമായി, ടൂത്ത് ബ്രഷ്, ഫാന്‍ തുടങ്ങിയവ ഒഴിവാക്കിയപ്പോള്‍ പാമൊലിനും സര്‍ജറി കിറ്റും ഉള്‍പ്പെടുത്തി. ഔപചാരിക സമ്പദ്ഘടനയെ മാത്രം കണക്കിലെടുക്കുകയും അനൗപചാരിക മേഖലയെ പാടെ ഒഴിവാക്കുകയും ചെയ്യുന്നതാണ് മറ്റൊരു പുതുമ. 80 ശതമാനത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലയെ ഒഴിവാക്കുന്ന തന്ത്രം ഒരു വലതുപക്ഷ രാഷ്ട്രീയത്തിനു നിരക്കുന്നതു തന്നെ. എന്നാല്‍, രാജ്യത്തിന്റെ വ്യവസായക്കണക്കില്‍ മായം ചേര്‍ക്കുന്ന പണിയായി അതു മാറുമ്പോഴാണ് നുണയുടെ രാഷ്ട്രീയം പത്തിവിരിക്കുന്നത്. അതിന്റെ പ്രമേയസംബന്ധിയായ ബാലിശത കൂടി പറയട്ടെ.നാളിതുവരെ വ്യവസായനില തിട്ടപ്പെടുത്തിപ്പോന്നത് (എല്ലാ രാജ്യങ്ങളും ചെയ്യുന്നതും) ഫാക്ടറികളില്‍ നിന്നുള്ള ഉല്‍പാദനത്തിന്റെ മൊത്തം അളവുവച്ചാണ്; ചരക്കുകളുടെ കമ്പോളവില വച്ചല്ല. പുതിയ അഭ്യാസത്തില്‍ പക്ഷേ, ചരക്കിന്റെ തോതല്ല, കമ്പോളവിലയാണ് മുഖ്യ തോതുവാരി. ഉല്‍പാദന യൂനിറ്റുകളുടെ എണ്ണത്തെ അവ ഉല്‍പാദിപ്പിക്കുന്ന ചരക്കിന്റെ കമ്പോളവില കൊണ്ട് ഗുണിക്കുക!

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക