|    Jan 24 Tue, 2017 12:29 am

നുണകള്‍ നട്ടുമുളപ്പിക്കുന്നവര്‍

Published : 12th January 2016 | Posted By: TK

ആയിരം നുണകള്‍ നട്ടാല്‍ ഒന്നെങ്കിലും മുളച്ചാലോ എന്നാണ് ഫാഷിസ്റ്റുകളുടെ പ്രതീക്ഷ. നുണകളുടെ അടിസ്ഥാനം ലക്ഷ്യത്തിന് എത്രമാത്രം സഹായകമാവും എന്നതു മാത്രമാവണം. അപ്പോള്‍ ഏറ്റവും ക്രൂരമായ ആയുധങ്ങള്‍ പോലും ഏറ്റവും മാനവികമാകും. നിഷ്‌കളങ്കരായ ജനത എപ്പോഴും പെരുത്തകള്ളങ്ങളില്‍ വീണുപോകും. കാരണം ഇത്രയും വലിയ നുണകള്‍ നട്ടുമുളപ്പിച്ചെടുക്കാനാവുമെന്ന് അവര്‍ സങ്കല്‍പത്തില്‍പോലും കരുതില്ല.


 

fasism-is-a-lie

 

വി.എം ഫഹദ്‌

 


നു
ണപ്രചാരണം ഫാഷിസത്തിന്റെ മൗലിക പ്രവര്‍ത്തനങ്ങളുടെ ഇന്ധനമാണ്. ഹിറ്റ്‌ലറിന് ഗീബല്‍സിന്റെ നേതൃത്വത്തില്‍ അതിനുവേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ടായിരുന്നു. ശത്രുക്കളുടെ മേല്‍ നുണകളുടെ അണക്കെട്ടു തുറന്നു വിട്ടാല്‍ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാമെന്ന് ഫാഷിസ്റ്റുകള്‍ക്കറിയാം. ആയിരം നുണകള്‍ നട്ടാല്‍ ഒന്നെങ്കിലും മുളച്ചാലോ എന്നാണ് ഫാഷിസ്റ്റുകളുടെ പ്രതീക്ഷ. നുണകളുടെ അടിസ്ഥാനം ലക്ഷ്യത്തിന് എത്രമാത്രം സഹായകമാവും എന്നതു മാത്രമാവണം. അപ്പോള്‍ ഏറ്റവും ക്രൂരമായ ആയുധങ്ങള്‍ പോലും ഏറ്റവും മാനവികമാകും. കള്ളന്‍ കള്ളന്‍ എന്നു വിളിച്ചോടുന്ന യഥാര്‍ഥ കള്ളനെ ആള്‍കൂട്ടത്തില്‍ നിന്നു തിരിച്ചറിയാന്‍ കഴിയില്ല. കള്ളന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവലാണ്.

 

hindutva

 

 

നിഷ്‌കളങ്കരായ ജനത എപ്പോഴും പെരുത്തകള്ളങ്ങളില്‍ വീണുപോകും. കാരണം ഇത്രയും വലിയ നുണകള്‍ നട്ടുമുളപ്പിച്ചെടുക്കാനാവുമെന്ന് അവര്‍ സങ്കല്‍പത്തില്‍പോലും കരുതില്ല. ഇനി ഇത്തരം കള്ളങ്ങള്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കി പൊളിച്ചുകൊടുത്താലും അവര്‍ക്കു സംശയങ്ങള്‍ ശേഷിക്കും. ഹിറ്റ്‌ലറുടെ ആള്‍കൂട്ടമനശ്ശാസ്ത്രപാഠങ്ങളാണ് ഫാഷിസ്റ്റ് പ്രചാരണവേലയുടെ ആശയാടിത്തറ. പൗരസമൂഹത്തിന്റെ അവബോധത്തില്‍ ഇടപെടാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ നിന്ന് നുണകള്‍ പ്രവഹിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ‘സത്യ’ത്തിന്റെ വേഷമണിഞ്ഞായിരിക്കും ചെന്നുപതിക്കുക. ഈ തിരിച്ചറിവില്‍ നിന്നാണ് സ്റ്റേറ്റിന്റെ എല്ലാ ആശയവിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നുണ നിര്‍മ്മിക്കാന്‍ ഫാഷിസ്റ്റുകളെ പ്രേരിപ്പിച്ചത്. അതിന്റെ നല്ലൊരു ഉദാഹരണമാണ് റേഡിയോ. റേഡിയോ വഴി പ്രവഹിപ്പിച്ചുകൊണ്ടിരുന്ന നുണകള്‍ നാസികളുടെ വലിയൊരു ആയുധമായിരുന്നല്ലോ. ഇന്ത്യയിലും അതിന്റെ അനുകരണങ്ങള്‍ നമുക്ക് കാണാം. പ്രധാനമന്ത്രിയുടെ റേഡിയോ-ടിവി ഷോകള്‍ അതിന്റെ നല്ലൊരു ഉദാഹരണമാണ്.

 

mann-ki-bath

 

ഇന്ത്യയില്‍ പൗരോഹിത്യത്തിന്റെ വ്യവസ്ഥാപിത രൂപമാണ് ബ്രാഹ്മണ മതം. ഇന്ത്യയില്‍ നുണ പറയുന്നതിനുള്ള കുത്തകാവകാശം പുരോഹിത വര്‍ഗ്ഗത്തിന്റെതാണ്. നീറ്റ്‌ഷേ പറയുന്നതുപോലെ പുരോഹിതന്‍ സത്യമെന്ന് പറയുന്നത് നുണയാണെങ്കിലും സത്യത്തിന്റെ അളവുകോല്‍ അതാണ്. ഇന്ത്യന്‍ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്.
ശാസ്ത്രീയമോ ചരിത്രപരമോ ആയ അടിത്തറയിന്മേലല്ല ഫാഷിസം നിലനില്‍ക്കുന്നത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറ യുക്തിരാഹിത്യത്തിന്മേല്‍ കൃത്രിമമായി നിര്‍മ്മിച്ചെടുത്തതായിരിക്കും.

 

ഹിറ്റ്‌ലര്‍ പറഞ്ഞ ആര്യ വംശീയത തന്നെ വലിയൊരു തട്ടിപ്പായിരുന്നല്ലോ. ഹിറ്റ്‌ലര്‍ വിശ്വാസപരമായി ക്രിസത്യാനിയായിരുന്നിട്ടും അശാസ്ത്രീയമായ ആര്യ വംശീയതയുടെ പേരില്‍ ലക്ഷങ്ങളെ കൊന്നൊടുക്കുകയായിരുന്നല്ലോ. അതിന് ഹിറ്റ്‌ലറിന് അദ്ദേഹത്തിന്റെ ഐഡന്റിറ്റി തടസ്സമായില്ല. ഹിറ്റ്‌ലറിനുള്ള ഈ സ്വത്വസംഘര്‍ഷം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കുമുണ്ട്. ‘ഹിന്ദു’ എന്ന അവ്യക്തവും എന്നാല്‍ തിരിച്ചറിയാന്‍ വിദേശീയര്‍ ഉപയോഗിച്ച വിശാലവുമായ പ്രയോഗത്തിന്റെ മറപിടിച്ചാണ് തങ്ങളുടെ അഭ്യാസം മുഴുവന്‍ അവര്‍ നടത്തുന്നത്. സവര്‍ക്കറും ഗോള്‍വാല്‍ക്കറും ഹിന്ദുത്വത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും (ഇരുവരുടെയും പുസ്തകങ്ങളില്‍ നിരവധി പേജുകളാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്) ഒരിക്കല്‍പോലും അതിനെ നിര്‍വ്വചിക്കാന്‍ അവര്‍ ശ്രമിച്ചില്ല. സൂര്യനെയും ചന്ദ്രനെയും നിര്‍വ്വചിക്കാന്‍ കഴിഞ്ഞാല്‍ പോലും ഹിന്ദുവിനെ നിര്‍വ്വചിക്കാന്‍ കഴിയില്ലെന്നാണ് ഗോള്‍വാല്‍ക്കര്‍ പറഞ്ഞത്. ഹിന്ദുവിനെ നിര്‍വ്വചിക്കുന്നതോടെ അവരുടെ പ്രത്യയശാസ്ത്ര അടിത്തറ തന്നെ ഇളകുമെന്നവര്‍ക്കറിയാം. ഇത്തരമൊരു അശാസ്ത്രീയവും കൃത്രിമമായി കെട്ടിച്ചമച്ചതുമായ അടിത്തറ ഫാഷിസത്തിന്റെ പ്രത്യേകതയാണ്.

 

hitler

 

ആര്യന്മാരുടെ ഉത്ഭവം മുതല്‍ ഫാഷിസത്തിന് ഇന്ത്യയില്‍ നുണനിര്‍മ്മാണം ആരംഭിക്കേണ്ടി വന്നിട്ടുണ്ട്. ആര്‍ക്ടിക് മേഖലയും ആര്യന്മാരുടെ ഉല്‍ഭവവുമായി ബന്ധപ്പെട്ടുള്ള ഗോള്‍വാള്‍ക്കറും ബാലഗംഗാധരതിലകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം ചരിത്രപരമായ നുണ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ളതാണ്. തങ്ങളുടെ സമാദരണീയനായ നേതാവ് പറഞ്ഞുവെച്ചതുപോലെ ആര്യന്മാരുടെ ഉത്ഭവം ആര്‍ക്ടിക് മേഖലയിലാണെന്ന് ഗോള്‍വാള്‍ക്കറിനു സമ്മതിച്ചു കൊടുക്കേണ്ടിവന്നെങ്കിലും ആര്‍ക്ടിക് മേഖലയുടെ ഭൂമിശാസ്ത്രപരമായ അകലം അദ്ദേഹത്തിന്റെ മുന്നില്‍ ഒരു പ്രശ്‌നമായി വന്നു. അതിനെ മറികടക്കാനായി ആര്‍ക്ടിക് മേഖല പണ്ടിവിടെയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗോള്‍വാള്‍ക്കര്‍ കണ്ടുപിടിച്ച കള്ളത്തരം ആരെയും ചിരിപ്പിക്കാന്‍ പോന്നതാണ്.

 

ആര്‍ക്ടിക് മേഖല ഇന്ത്യ വിട്ടുപോയെങ്കിലും ആര്യന്മാര്‍ ഇവിടെ തന്നെ നിന്നുവത്രെ. ‘ഇന്ന് ബീഹാറും ഒറീസ്സയും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പണ്ട് ഉത്തരധ്രുവം സ്ഥിതി ചെയ്തിരുന്നത്. ക്രമേണ ആര്‍ക്ടിക് ധ്രുവരേഖ വീണ്ടും ഉത്തരദിശയിലേക്ക് വളഞ്ഞും പുളഞ്ഞും നീങ്ങിയപ്പോള്‍ ആര്യന്മാര്‍ ഇന്ത്യയില്‍തന്നെ നിലനിന്നു’വെന്നാണ് ഗോള്‍വാള്‍ക്കര്‍ കണ്ടുപിടിച്ചത്. അങ്ങനെയുള്ള ഒരു കള്ളത്തരത്തിന്മേല്‍ പടുത്തുയര്‍ത്തിയതാണ് ആര്യന്മാരുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവത്തെക്കുറിച്ചുള്ള സങ്കല്‍പം തന്നെ. സിന്ധൂനദീതട സംസ്‌കാരത്തില്‍ കുതിരയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ മുമ്പ് ഒരു സംഘപരിവാര പണ്ഡിതന്‍ കുതിരയുടെ സീലുണ്ടാക്കിയത് തദ്ദേശീയമായ ഒരു ചരിത്രത്തിന്റെ അടിസ്ഥാനം ആര്യന്മാര്‍ക്ക് ഉണ്ടാക്കിയെടുക്കാനായിരുന്നു. ഫാഷിസം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുക മാത്രമല്ല, ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നിര്‍മ്മിക്കുകകൂടി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ശാസ്ത്രത്തിലും അവര്‍ കൈവെച്ചുതുടങ്ങിയിട്ടുണ്ട്.

 

നുണനിര്‍മ്മാണം ഒരു പൊതുപരിപാടി
golwalkerകഴിഞ്ഞ ഒരു സഹസ്രാബ്ദം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള കടുത്ത ശത്രുതയുടെയും തികഞ്ഞ സംഘര്‍ഷത്തിന്റെതുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ നുണകളുടെ ഒരു പരമ്പര തന്നെ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബാബറുടെ കാലത്ത് ക്ഷേത്ര സംരക്ഷണത്തിന് ഒരുലക്ഷത്തി എഴുപത്തിനാലായിരം ഹിന്ദുക്കള്‍ ജീവത്യാഗം ചെയ്തുവെന്നും തുടര്‍ന്നിങ്ങോട്ടുള്ള ക്ഷേത്ര സംരക്ഷണ യുദ്ധത്തില്‍ മൂന്നര ലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടുവെന്നുമുള്ള നുണ അതില്‍പെട്ടതാണ്. ജമ്മു കശ്മീരില്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന കഥയും ഇതിന്റെ ഭാഗമാണ്. മുസ്‌ലിം രാജാക്കന്മാര്‍ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചെന്നും വാളിന്റെ ശക്തി കൊണ്ടും ചതിയില്‍ പെടുത്തിയുമാണ് അവര്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ചതെന്നും സംഘപരിവാരം നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും പെരുത്ത നുണ വര്‍ത്തമാനകാലത്ത് ഒട്ടനവധി പ്രതിഫലനങ്ങള്‍ സൃഷ്ടിച്ച ബാബരി മസ്ജിദുമായി ബന്ധപ്പെട്ടതായിരുന്നു. ബാബരി മസ്ജിദ് രാമജന്മഭൂമിയാണെന്നത് ഒരു മിത്തിനെ ചരിത്രവല്‍ക്കരിക്കലല്ല, മിത്തിനെ നുണവല്‍ക്കരിക്കലാണ്. ഇത്തരമൊരു ഐതിഹ്യത്തിന്റെ നുണവല്‍ക്കരണമാണ് കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കിയതാണെന്നതും.

 

(more…)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 392 times, 1 visits today)
12
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക