|    Jan 24 Tue, 2017 8:41 pm
FLASH NEWS

നീലഗിരിയിലെ അദ്ഭുതങ്ങള്‍

Published : 24th April 2016 | Posted By: sdq

അനില്‍ ബാബു

2A157B7‘അവരെ എനിക്കറിയാം. അവരോടൊപ്പമാണ് ഞാനും വളര്‍ന്നത്.” ഗൂഡല്ലൂരിലെ ആദിവാസികളെ സംബന്ധിച്ച് ഒരു ഫോട്ടോസ്‌റ്റോറി തയ്യാറാക്കാനുള്ള ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ ജ്യോതി കാരാട്ടിന് അത് സ്വന്തം ഇടത്തേക്കുള്ള ഒരു മടക്കമായാണ് തോന്നിയത്. യുനെസ്‌കോയുടെ ഗ്രീന്‍ ഇനീഷ്യേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഗൂഡല്ലൂരിലേക്കുള്ള യാത്ര. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ജ്യോതി ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്, മുത്തച്ഛന്റെ തോട്ടത്തിലേക്ക്. ആ യാത്രകള്‍ ജ്യോതിയെ പലതും പഠിപ്പിച്ചു. ഗൂഡല്ലൂരിന്റെ സൗന്ദര്യ  വും തദ്ദേശവാസികളായ ആദിവാസികളുടെ പിന്നാക്കാവസ്ഥയും.
പക്ഷേ, പുതിയ യാത്രയില്‍ ജ്യോതിയെ വരവേറ്റത് തികച്ചും വ്യത്യസ്ത കാഴ്ചകളാണ്. ഒരിക്കല്‍ പിന്നാക്കമെന്നു കരുതപ്പെട്ടിരുന്ന പ്രദേശം അപ്പാടെ മാറിക്കഴിഞ്ഞു.

KAR6040ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പണ്ടൊന്നും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിരുന്നില്ലെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. ആദിവാസി സമൂഹത്തില്‍ നിന്നുതന്നെയുള്ളവരാണ് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തങ്ങളുടെ സമൂഹത്തില്‍ നിന്നുതന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടാവുന്നതിനുള്ള ശ്രമങ്ങളിലാണ് അവര്‍.
ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന എജന്‍സിയായ അക്കോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളാണ് ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത്. നീലഗിരി താഴ്‌വരയിലെ ചൂഷണങ്ങള്‍ക്കെതിരേ ആദിവാസികളില്‍ നിന്നുതന്നെയാണ് ആദ്യപ്രതിഷേധം ഉയര്‍ന്നുവന്നത്. അവര്‍ ഒത്തുചേരുകയും ആദിവാസി മുന്നേറ്റസംഘം എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ആ സംഘമാണ് അക്കോര്‍ഡുമായി ചേര്‍ന്ന് ഈ പ്രദേശത്ത് പുതിയ പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടത്.  കൃഷിയിലും മറ്റു ചെറുകിട ജോലികളിലും ഊന്നിക്കൊണ്ടുള്ള പരിശീലനപദ്ധതികളാണ് അക്കോര്‍ഡിന്റേത്.

Creative Space
2014-15 കാലങ്ങളിലായി ഈ പ്രദേശത്ത് നടത്തിയ യാത്രകളില്‍ ജ്യോതി നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയി. അക്കോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഫാര്‍മസിസ്റ്റും അധ്യാപികയുമായ രണ്ട് ആദിവാസി യുവതികളെ കണ്ടുമുട്ടി.പോരായ്മകളുണ്ടെങ്കിലും ഈ പ്രദേശത്ത് അക്കോര്‍ഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗണനീയമാണെന്നുതന്നെയാണ് ജ്യോതിയുടെ അഭിപ്രായം. തന്റെ സന്ദര്‍ശന കാലയളവില്‍ ജ്യോതി ഒപ്പിയെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ഈ മാസം 17ാം തിയ്യതി മുതല്‍ ന്യൂയോര്‍ക്കിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അക്കോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലോകജനതയുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ഒരു അവസരം കൂടിയായാണ് ജ്യോതി ഇതിനെ കണക്കാക്കുന്നത്. കോഴിക്കോട്ട് ജനിച്ചുവളര്‍ന്ന ജ്യോതി കാരാട്ട് ‘ഗാര്‍ഡിയന്‍’ അടക്കമുള്ള ലോകപ്രശസ്ത പത്രങ്ങളിലും മാഗസിനുകളിലും തന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥിരതാമസം ബംഗളൂരുവില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക