|    Jan 17 Tue, 2017 3:38 am
FLASH NEWS

‘നീറ്റ്’ പരീക്ഷ നടത്താന്‍ സുപ്രിംകോടതി അനുമതി

Published : 12th April 2016 | Posted By: SMR

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) സുപ്രിംകോടതി പുനസ്ഥാപിച്ചു. പരീക്ഷ നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയ 2013ലെ ഉത്തരവു റദ്ദാക്കിയാണ് ജസ്റ്റിസ് അനില്‍ ആര്‍ ദവേ അധ്യക്ഷനായ സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹരജിയില്‍ പുതിയ വാദം കേള്‍ക്കുമെന്നറിയിച്ച കോടതി, കേസില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നതുവരെ ‘നീറ്റ്’ തുടരാമെന്നു വ്യക്തമാക്കി.
മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് 2012 നവംബറിലാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ തുടങ്ങിയത്. എന്നാല്‍, നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (ദേശീയ യോഗ്യതാ പ്രവേശനപ്പരീക്ഷ, അഥവാ നീറ്റ്) നടത്താനുള്ള എംസിഐയുടെ അധികാരത്തെ ചോദ്യംചെയ്ത് 80 പേരടങ്ങുന്ന സ്വകാര്യ കോളജുകളുടെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെയും സംഘം 2012 ഡിസംബറില്‍ സുപ്രിംകോടതിയെ സമീപിച്ചു.
ഹരജി പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറും ജസ്റ്റിസ് വിക്രംജിത്ത് സെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം എംസിഐക്ക് ദേശീയതലത്തില്‍ പൊതു പ്രവേശനപ്പരീക്ഷ (നീറ്റ്) നടത്താന്‍ അധികാരമില്ലെന്ന് 2013 ജൂലൈയില്‍ വിധിച്ചു. എംസിഐക്ക് ഏകീകൃത പ്രവേശനപ്പരീക്ഷ നടത്താന്‍ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ അംഗമായിരുന്ന അനില്‍ ആര്‍ ദവേ ഉത്തരവില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായുള്ള അന്നത്തെ ഉത്തരവാണ് ഇന്നലെ റദ്ദാക്കിയത്. നീറ്റ് പരീക്ഷ നിയമവിധേയമാണെന്നും അത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ അഴിമതി മുക്തമാക്കാനും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു ബുദ്ധിമുട്ടാവുന്ന ഭീമമായ തലവരിപ്പണം നിര്‍ത്തലാക്കാനും സഹായിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുക, മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ എംസിഐ തീരുമാനിച്ചത്.
രാജ്യത്തെ 600ഓളം സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ ഇപ്പോഴത്തെ സുപ്രിംകോടതി വിധി ബാധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക