|    Aug 21 Mon, 2017 4:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നീറ്റ് : ഒറ്റ ചോദ്യപേപ്പര്‍ മതിയെന്ന് സുപ്രിംകോടതി

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഏകീകൃത പൊതുപ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി (നീറ്റ്)ന് എല്ലാ ഭാഷകളിലേക്കും ഒറ്റ ചോദ്യപേപ്പര്‍ വേണമെന്ന് സുപ്രിംകോടതി നിര്‍ദേശം. പരീക്ഷയെഴുതാന്‍ അനുവദിച്ച ഭാഷകളില്‍ ഏഴു പ്രാദേശിക ഭാഷയിലെ ചോദ്യപേപ്പറുകളിലെ ചോദ്യങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളേക്കാള്‍ കഠിനമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നിര്‍ദേശം. അടുത്ത വര്‍ഷത്തെ പരീക്ഷയ്ക്കായി സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഎസ്ഇയോട് സുപ്രിംകോടതി നിര്‍ദേശിച്ചു. പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതി തോറ്റുപോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും കഴിഞ്ഞ തവണ കോടതി സിബിഎസ്ഇയോട് നിര്‍ദേശിച്ചിരുന്നു. നേരത്തേ ഈ കേസ് പരിഗണിച്ചപ്പോള്‍ പരീക്ഷാ പേപ്പറുകളിലെ ചോദ്യങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ലെന്ന നിലപാടായിരുന്നു സുപ്രിംകോടതി സ്വീകരിച്ചിരുന്നത്. ഈ വര്‍ഷം 1,00,152 പേരാണ് പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതിയതെന്ന് സിബിഐ സുപ്രിംകോടതിയെ അറിയിച്ചു. ഇതില്‍ 30,817 പേര്‍ യോഗ്യത നേടി. ഇതില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് 720ല്‍ 600നു മുകളില്‍ മാര്‍ക്ക് നേടിയത്. 84 വിദ്യാര്‍ഥികള്‍ 501നും 600നും ഇടയിലാണ് മാര്‍ക്ക് നേടിയതെന്നും സിബിഎസ്ഇ വ്യക്തമാക്കി. 2013ല്‍ 21,778 വിദ്യാര്‍ഥികള്‍ പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതിയപ്പോള്‍ ഒരാള്‍ മാത്രമാണ് 501നും 600നും ഇടയില്‍ മാര്‍ക്ക് നേടിയതെന്നും 600നു മുകളില്‍ ആരും മാര്‍ക്ക് നേടിയിരുന്നില്ലെന്നും സിബിഎസ്ഇ അറിയിച്ചു. കഴിഞ്ഞ മെയ് 7നാണ് നീറ്റ് പരീക്ഷ നടന്നത്. ഇതില്‍ ഗുജറാത്തി, തമിഴ്, ബംഗാളി ഭാഷകളിലെ ചോദ്യപേപ്പറുകള്‍ അതികഠിനമായിരുന്നുവെന്നാണ് ആക്ഷേപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക