|    Oct 17 Wed, 2018 9:39 pm
FLASH NEWS
Home   >  National   >  

നീറ്റിനു പിന്നില്‍ ആസൂത്രിത ഗൂഡാലോചനയോ?

Published : 12th September 2017 | Posted By: shins

നീറ്റിനു പിന്നില്‍ ആസൂത്രിത ഗൂഡാലോചനയെന്ന് ആരോപണം. ലാസര്‍ ഡിസില്‍വ എന്നയാളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വന്നിരിക്കുന്നത്. നീറ്റിനായി കൈപൊക്കുമ്പോള്‍ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റില്‍ നീറ്റ് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് ആരോപിക്കുന്നു. ബഹുഭൂരിപക്ഷവും സംസ്ഥാന സിലബസുകളില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്കായി അതുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനം തുടര്‍പഠനത്തിന് പരീക്ഷ നടത്തുന്നത് അസംബന്ധമാണെന്നും ആരോപിക്കുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍. ജി. ഒ ആണ് നീറ്റ് എന്ന ആശയത്തിന്റെ പിറകില്‍. അതുമായി ബന്ധപ്പെട്ട കേസുകളില്‍ കക്ഷിയായി സുപ്രീംകോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിച്ചതും അവരാണ്. നാലഞ്ച് ഡോക്ടര്‍മാര്‍ ചേര്‍ന്ന് തട്ടിക്കൂട്ടിയ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു സര്‍ക്കാരിതര സംഘടനയുടെ കുബുദ്ധിയെ, ദേശീയതലത്തിലുള്ള സംവാദങ്ങളൊന്നും കാര്യമായി നടത്താതെ കേന്ദ്രസര്‍ക്കാരും തദ്വാരാ സുപ്രീംകോടതിയും അനുവദിച്ചു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വിഷയത്തിലുള്ള അചഞ്ചലമായ താല്പര്യം നിഗൂഢവും സംശയകരവുമാണ്. അവരുടെ വെബ്‌സൈറ്റില്‍ പേരുകാണുന്ന നാലഞ്ച് ഡോക്റ്റര്‍മാരല്ല ഈ വലിയ സംരംഭത്തിന് പിന്നിലെന്ന് ഉറപ്പാണ്. എല്ലാ ബിരുദ പ്രൊഫഷണല്‍ പഠനങ്ങള്‍ക്കും നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കാനിരിക്കുകയാണ്. ഇത് കുട്ടികളെ സി. ബി. എസ്. ഇ സിലബസിലുള്ള പഠനത്തിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതമാക്കും. അതിനനുബന്ധമായി കൂടുതല്‍ സി. ബി. എസ്. ഇ സ്‌കൂളുകള്‍ ഉണ്ടാവുകയും സംസ്ഥാന പാഠ്യപദ്ധതിയുള്ള സ്‌കൂളുകള്‍ നിന്നുപോവുകയും ചെയ്യുമെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നീറ്റിനായി കൈപൊക്കുമ്പോള്‍…?!

ഇന്ത്യയില്‍ വിദ്യാഭ്യാസം പ്രാഥമികമായി സംസ്ഥാനങ്ങളുടെ അവകാശത്തില്‍ വരുന്നതാണ്. അത് വെറുതേ കൈവന്ന അവകാശമല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരുപാട് പ്രദേശങ്ങളുടെ സങ്കലനമാണ് ഇന്ത്യ എന്ന രാഷ്ട്രം. ഇന്ത്യയ്ക്ക് വംശീയമോ ഭാഷാപരമോ സാംസ്‌കാരികമോ ആയ ഒറ്റദേശീയത ഇല്ല. ഇന്ത്യ എന്ന രാജ്യം ഒരു രാഷ്ട്രീയ ഏകകം മാത്രമാണ്. ഭാഷയെയോ വംശീയതയെയോ, വലിയൊരു അളവുവരെ സാംസ്‌കാരികതയെയും, ഒരു രാഷ്ട്രത്തിന്റെ പേര് പറഞ്ഞു യോജിപ്പിക്കാനാവില്ല. അങ്ങനെ ശ്രമിച്ചിടത്തെല്ലാം അത് പരാജയപ്പെട്ടിട്ടുണ്ട്. എന്ന് മാത്രമല്ല, തകര്‍ന്ന് ചിതറിപ്പോയിട്ടുമുണ്ട്. ഇതറിയാവുന്നതുകൊണ്ടാണ് നമ്മുടെ രാഷ്ട്രനിര്‍മ്മിതിയില്‍ കൃത്യമായ ഒരു ഫെഡറല്‍ഘടന പ്രവര്‍ത്തികമാക്കിയത്. ഇന്ത്യ പരാജയപ്പെട്ടു പോകാത്ത ഒരു രാഷ്ട്രീയ ഏകകമായി തുടരുന്നത് സുശക്തമായ ഫെഡറല്‍രീതി നിലനില്‍ക്കുന്നതുകൊണ്ടാണ്.

നീറ്റ് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. ഏതാനും ലക്ഷം മെഡിക്കല്‍ വിദ്യാഭ്യാസ കാംക്ഷികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമായി ഇതിനെ കാണുന്നത് തെറ്റാണ്. രാഷ്ട്രവ്യവഹാരങ്ങളില്‍ പ്രതിലോമത കടന്നുവരുന്നതിന്റെ സൂക്ഷ്മവഴികളിലൊന്ന് എന്നതിനാല്‍ ഇതിനെ സംസ്ഥാനങ്ങള്‍ സമഗ്രമായി വിശകലവിധേയമാക്കാതെ വിടുന്നത്തില്‍ രാഷ്ട്രീയമായ ശരികേടുണ്ട്.

സി. ബി. എസ്. ഇ ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. സി. ബി. എസ്. ഇ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യയിലെ പല സ്‌കൂളുകളും ഈ സ്ഥാപനത്തിന്റെ അംഗീകാരത്തെയോടെയാണ് പ്രവര്‍ത്തിക്കുന്നത്. (സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്ന ഈ സംവിധാനത്തിന്റെ നൈതികത തന്നെ ചോദ്യംചെയ്യപ്പെടേണ്ടതാണ്. എങ്കിലും ഈ കുറിപ്പിന്റെ വിഷയത്തില്‍ പ്രത്യക്ഷമായി അത് ബന്ധപ്പെടുന്നില്ല എന്നതിനാല്‍ വിടുന്നു.) ബഹുഭൂരിപക്ഷവും സംസ്ഥാന സിലബസുകളില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്കായി അതുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനം തുടര്‍പഠനത്തിന് പരീക്ഷ നടത്തുന്നത്തിലെ അസംബന്ധം ആലോചിച്ചുനോക്കു. (തമിഴ്‌നാട്ടില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഗംഭീര വിജയം നേടിയ പെണ്‍കുട്ടി നീറ്റ് പരീക്ഷയില്‍ തോറ്റുപോവുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തത് ഈ അസംബന്ധം സൃഷ്ടിച്ച ചെറിയൊരു ദുരന്തം മാത്രം.)

താമസംവിനാ എല്ലാ ബിരുദ പ്രൊഫഷണല്‍ പഠനങ്ങള്‍ക്കും നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കാനിരിക്കുകയാണ്. ഇത് കുട്ടികളെ സി. ബി. എസ്. ഇ സിലബസിലുള്ള പഠനത്തിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതമാകും. അതിനനുബന്ധമായി കൂടുതല്‍ സി. ബി. എസ്. ഇ സ്‌കൂളുകള്‍ ഉണ്ടാവുകയും സംസ്ഥാന പാഠ്യപദ്ധതിയുള്ള സ്‌കൂളുകള്‍ നിന്നുപോവുകയും ചെയ്യും. ഈ പ്രവണത ഇപ്പോള്‍ തന്നെ കാണാനാവുമല്ലോ. പ്രാദേശിക വിദ്യാഭ്യാസത്തെ ഇല്ലാതാക്കി, അതിസൂക്ഷ്മതലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഇന്ത്യന്‍ രാഷ്ട്രീയതയുടെ ആണിക്കല്ലായ വൈവിധ്യദേശീയതയെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണദോഷ തലങ്ങളാണ് ഒരു തലമുറയെ നിര്‍ണയിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ഒരേ പാഠ്യപദ്ധതിയില്‍ വളര്‍ന്നുവരുന്ന ഒരു കൂട്ടത്തെ മാനിപ്യുലെയ്റ്റ് ചെയ്യാന്‍ അധികം പ്രയാസമുണ്ടാവില്ല. ഇത് സംസ്‌കൃതികളുടെ ഹനനത്തിന് ഇടയാക്കും. സി. ബി. എസ്. ഇ യുടെ പാഠ്യപദ്ധതി ഓടിച്ചുനോക്കിയാല്‍ മനസ്സിലാവും, ഇത്തരമൊരു നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെയായിരിക്കും എന്ന്. പാര്‍ലെമെന്റ് ഇലക്ഷന്റെ സമയം ഒഴിച്ചുനിര്‍ത്തിയാല്‍ മഹാരാഷ്ട്രയ്ക്കു തെക്കോട്ട് ഇന്ത്യ ഉണ്ടെന്ന് ആര്യപുത്രന്മാര്‍ കരുതുന്നില്ല എന്നത് സുവിദമാണല്ലോ. സി. ബി. എസ്. ഇ ഇതിന് അപവാദമല്ല.

ഐ. ഐ. ടി (IIT), ഐ. എസ്. ഇ. ആര്‍ (ISER), ഐ. ഐ. എഫ്. ടി (IIFT) തുടങ്ങിയ പല സ്ഥാപനങ്ങളും പ്ലസ് ടു / പ്രീ  യൂണിവേഴ്‌സിറ്റി വിദ്യാഭാസം കഴിഞ്ഞു ദേശീയ തലത്തില്‍ പ്രവേശനപരീക്ഷ നടത്തുന്നുണ്ടല്ലോ എന്ന് നീറ്റിന് അനുകൂലമായി പറഞ്ഞുകേട്ടിരുന്നു. ഇവ തമ്മില്‍ താരതമ്യമില്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ്, അതാത് സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അവിടെ നടക്കുന്നത്. ഏറ്റവും മിടുക്കരായ, ഏറ്റവും നല്ല റാങ്ക് ലഭിക്കുന്ന കുട്ടികളെ സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കുകയാണ് അവിടെ ചെയ്യുന്നത്. അതായത് 100 സീറ്റുണ്ടെങ്കില്‍ 100 വരെ റാങ്ക് ലഭിച്ച കുട്ടികള്‍ അവിടെ പഠിക്കും (സംവരണംതത്വം കൂടി പാലിച്ച്). എന്നാല്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള, വ്യത്യസ്തമായ പാഠ്യപദ്ധതിയുള്ള, വ്യത്യസ്തമായ ഗുണനിലവാരമുള്ള, സ്ഥാപനങ്ങളിലേയ്ക്ക് ഇതുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത കേന്ദ്രഏജന്‍സി രാജ്യവ്യാപകമായി പരീക്ഷ നടത്തുകയെന്ന യാതൊരു ലോജിക്കുമില്ലാത്ത ഒരു കാര്യമാണ് നീറ്റില്‍ സംഭവിക്കുന്നത്. (ഖണ്ഡികയുടെ തുടക്കത്തില്‍ സൂചിപ്പിച്ച സ്ഥാപങ്ങളില്‍ അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ നടത്തേണ്ടതുണ്ടോ എന്ന സംശയം ബാക്കിയുണ്ട് താനും.)

മാത്രവുമല്ല നീറ്റ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു പ്രവേശന പരീക്ഷയല്ല. പേര് സൂചിപ്പിക്കുന്നത് പോലെ (ചഋഋഠ  ചമശേീിമഹ ഋഹശഴശയശഹശ്യേ രൗാ ഋിേൃമിരല ഠലേെ)  പ്രാഥമികമായി ഇതൊരു യോഗ്യതാ പരീക്ഷയാണ്. 100 മെഡിക്കല്‍ സീറ്റ് ഉണ്ടെങ്കില്‍ 100 ഏറ്റവും നല്ല വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ അല്ല ഇവിടെ നടക്കുന്നത്. ഈ വര്‍ഷം നീറ്റ് പരീക്ഷയെഴുതിയത് ഏതാണ്ട് 11.5 ലക്ഷം വിദ്യാര്‍ത്ഥികളാണ്. അതില്‍ ഏതാണ്ട് 6.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യതനേടി. ഇന്ത്യയില്‍ ആകെയുള്ള മെഡിക്കല്‍ സീറ്റുകള്‍ ഏതാണ്ട് 65000 മാത്രമാണ്. അതായത് നിലവിലുള്ള സീറ്റുകളുടെ പത്തിരട്ടി വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. അപ്പോള്‍ ഇതിലെ ഏറ്റവും നല്ല 65000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കണം  അപ്പോഴാണല്ലോ ഇപ്പറയുന്ന നിലയിലുള്ള വിദ്യാഭ്യാസ നിലവാരം ഉണ്ടാവുന്നത്. എന്നാല്‍ 6 ലക്ഷം റാങ്കുള്ള വിദ്യാര്‍ത്ഥിയും ഇത്തവണ മെഡിക്കല്‍ അഡ്മിഷന്‍ നേടിയിട്ടുണ്ട്. അതായത് തന്നെക്കാള്‍ മെച്ചപ്പെട്ട റാങ്കുള്ള ഏകദേശം 5.5 ലക്ഷം വിദ്യാര്‍ത്ഥികളെയും പിന്തള്ളി ആ വിദ്യാര്‍ത്ഥി ഇപ്പോള്‍ മെഡിക്കല്‍ പഠനം നടത്തുകയാണ്. നീറ്റ്, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള ഒറ്റമൂലിയാണെന്നു കരുതി കയ്യടിക്കുന്നര്‍ ഗംഭീര സ്വര്‍ഗ്ഗത്തിലാണെന്നേ സാധ്യമായ നല്ല ഭാഷയില്‍ പറയാനുള്ളു.

ഇനി, നീറ്റ് കേരളത്തിലെ സ്വാശ്രയക്കൊള്ള അവസാനിപ്പിച്ചു എന്ന വാദമാണ്. ശരിയാണ്, തലവരി വാങ്ങുന്നത് നിന്നിട്ടുണ്ട്. നല്ല കാര്യം. ഇതിനെന്തിനായിരുന്നു നീറ്റ് എന്ന ചെറിയ ചോദ്യം മാത്രമേയുള്ളു. നീറ്റ് എന്ന പരീക്ഷയിലേയ്ക്ക് സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ കൊണ്ടുവരുന്നതിനെക്കാളും എത്രയോ ലളിതവും പ്രായോഗികവും നൈതികവുമായിരുന്നു സംസ്ഥാന പ്രവേശനപരീക്ഷയിലേയ്ക്ക് അവയെ കണിശമായി കൊണ്ടുവരുക എന്നത്. ഈ നിലയ്ക്കുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവശ്യങ്ങളോട് അനുകൂലമായി ഒരിക്കലും പ്രതികരിച്ചിട്ടില്ലാത്ത കോടതി നീറ്റിനോട് കാണിച്ച താല്പര്യം നീതിയുക്തമല്ല  ഇരട്ടത്താപ്പാണ്.

സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസനയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഏജെന്‍സി ഒരു ദേശീയപരീക്ഷ നടത്തുക, അതില്‍ വിജയിച്ച കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സംസ്ഥാനത്തിന് കൊടുക്കുക. എന്നിട്ട് ആ ലിസ്റ്റില്‍ നിന്ന് കേരളത്തിലെ കോളേജുകളിലേയ്ക്ക് പ്രവേശനം നടത്തുക. ഇതിലെ നീതിരാഹിത്യവും താര്യരാഹിത്യവും എന്തിന് ആത്മാഭിമാനക്ഷതവും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലേ കേരള സര്‍ക്കാരിന് (മറ്റ് സംസ്ഥാന സര്‍ക്കാരുകളുടെ കാര്യം അവര്‍ നോക്കട്ടെ)  സങ്കീര്‍ണമായ ഫെഡറല്‍ഘടനയുടെ സൂക്ഷ്മഹനനം മനസ്സിലാക്കാനാവാതെ പോയാലും.

തങ്ങളെ സംസ്ഥാന പ്രവേശനപരീക്ഷയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ, കഴിഞ്ഞകാലങ്ങളില്‍ കോടതിവിധികളിലൂടെ പരിഹസിച്ച് മുന്നോട്ടുപോയ സ്വാശ്രയകോളേജുകള്‍ക്ക് മറ്റൊരു വഴിയിലൂടെ തങ്ങളെ തേടിയെത്തിയ കാവ്യനീതിയുടെ താണ്ഡനമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. സുപ്രീം കോടതിയുടെ ആണല്ലോ തീരുമാനം. പക്ഷെ നീറ്റിനെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഘടനയുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ നേടിയെന്നു പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെയോ പൊതുജനത്തിന്റെയോ മേല്‍ക്കൈ നിലനില്‍ക്കത്തക്കതാണെന്ന് കരുതാനാവില്ല. ഒരു ദശാസന്ധിയില്‍ വന്നുപെട്ട ആശയക്കുഴപ്പത്തിന്റെ ബാക്കിപത്രമാണത്. സ്വാശ്രയ വിദ്യാഭ്യാസവും നീറ്റും വ്യത്യസ്തമായ രണ്ട് വിഷയങ്ങളാണ്. ഇത് രണ്ടും പ്രതിലോമമാണ്  നീറ്റ് കൂടുതല്‍ പ്രതിലോമമാണ്.

ഇതിലൊന്നും പെടാത്ത മറ്റൊരു കൂട്ടമുണ്ട്  കല്പിത സര്‍വ്വകലാശാലകള്‍. കൂട്ടത്തിലെ ദൈവങ്ങളാണവ. അവയ്ക്ക് പ്രത്യേകിച്ച് നിയമനിയന്ത്രണങ്ങള്‍ ഒന്നുമില്ല. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നും വിദ്യാര്‍ഥികളെ എടുക്കണമെങ്കിലും ഫീസ് നിശ്ചയിക്കുന്നത് അവര്‍ തന്നെയാവുകയാല്‍ റാങ്കിന് ഇവിടെ കാര്യമായ പ്രസക്തിയില്ല. സത്യത്തില്‍ ഈ കല്പിതസര്‍വകലാശാലകളുടെ കെമിക്കല്‍ കോമ്പോസിഷന്‍ ഇതുവരെ മനസിലാക്കാനായിട്ടില്ല. എന്തായാലും ദൈവികസ്പര്‍ശം വേണം ഒരു കല്പിതസര്‍വകലാശാല കുടുംബസ്വത്തായി കിട്ടാന്‍  നമ്മുടെ മാതാഅമൃതാനന്ദമയിയെ ഒക്കെപ്പോലെ…

ഡല്‍ഹി ആസ്ഥാനമായുള്ള സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍. ജി. ഒ ആണ് നീറ്റ് എന്ന ആശയത്തിന്റെ പിറകില്‍. അതുമായി ബന്ധപ്പെട്ട കേസുകളില്‍ കക്ഷിയായി സുപ്രീംകോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിച്ചതും അവരാണ്. നാലഞ്ച് ഡോക്ടര്‍മാര്‍ ചേര്‍ന്ന് തട്ടിക്കൂട്ടിയ യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാത്ത ഒരു സര്‍ക്കാരിതര സംഘടനയുടെ കുബുദ്ധിയെ, ദേശീയതലത്തിലുള്ള സംവാദങ്ങളൊന്നും കാര്യമായി നടത്താതെ കേന്ദ്രസര്‍ക്കാരും തദ്വാരാ സുപ്രീംകോടതിയും അനുവദിച്ചു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വിഷയത്തിലുള്ള അചഞ്ചലമായ താല്പര്യം നിഗൂഢവും സംശയകരവുമാണ്. അവരുടെ വെബ്‌സൈറ്റില്‍ പേരുകാണുന്ന നാലഞ്ച് ഡോക്റ്റര്‍മാരല്ല ഈ വലിയ സംരംഭത്തിന് പിന്നിലെന്ന് ഉറപ്പാണ്.

ഇതിന്റെ പ്രതിലോമത സംസ്ഥാനങ്ങള്‍ക്ക് മനസ്സിലാവാതെ പോയി എന്നത് പൊതുവെ നമ്മുടെ കക്ഷിരാഷ്ട്രീയം, സൂക്ഷമായ രാഷ്ട്രീയധാരകളെ മനസിലാക്കാന്‍ കെല്പുള്ളതല്ല എന്ന സംഗതിക്ക് അടിവരയിടുന്നതാണ്. ആദ്യം മുതല്‍ നീറ്റിനെ നന്നായി എതിര്‍ക്കുന്ന സംസ്ഥാനം തമിഴ്‌നാട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമിഴ്‌നാടിനോടൊപ്പം ചേര്‍ന്ന് നീറ്റിനെതിരായ പ്രക്ഷോഭങ്ങള്‍ ബലപ്പെടുത്തേണ്ടതായിരുന്നു. ഇതില്‍ ഏറ്റവും പെട്ടെന്ന് അടിയറവു പറഞ്ഞത് കേരള സര്‍ക്കാരാണ്. മറിച്ച് പ്രതീക്ഷിക്കേണ്ടതില്ല  നമ്മുടെ പൊതുസമൂഹത്തെപ്പോലെ സര്‍ക്കാരും മദ്ധ്യവര്‍ത്തിത്വത്തിന്റെയും ഉപരിപ്ലവതയുടെയും ആശാന്മാരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss