|    Sep 22 Sat, 2018 8:14 pm
FLASH NEWS

നീറിക്കാട് മോഷണക്കേസിലെ പ്രതികളുടെ അറസ്റ്റ്: മറ്റ് കവര്‍ച്ചക്കേസുകളും പുറത്ത്‌

Published : 9th June 2017 | Posted By: fsq

 

കോട്ടയം: നീറിക്കാട് മോഷണത്തിനിടെ വീട്ടമ്മ അടക്കം നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോട്ടയത്ത് നടത്തിയ മറ്റ് കവര്‍ച്ചാക്കേസുകളും പുറത്തുവന്നു. വൈക്കത്ത് നടന്ന മൂന്നു കവര്‍ച്ചകളും നടത്തിയത് പിടിയിലായ പ്രതികള്‍ തന്നെയാണെന്ന് തെളിഞ്ഞതായി ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീറിക്കാട് മോഷണക്കേസിലെ മുഖ്യപ്രതി തമിഴ്‌നാട് ശിവഗംഗ രാജ ബൈസ്‌കൂളിന് സമീപം താമസിക്കുന്ന ശെല്‍വരാജ് (50), രാമനാഥപുരം സായിക്കുടി സിക്കല്‍ ഗ്രാമത്തിലെ രാജ്കുമാര്‍ (21) എന്നിവരാണ് കഴിഞ്ഞദിവസം പോലിസിന്റെ പിടിയിലായത്. മോഷണത്തിനുശേഷം മോഷണമുതലുമായി രക്ഷപ്പെട്ട കേസിലെ രണ്ടാംപ്രതിയുടെ സഹോദരനും കൂട്ടാളിയുമായ രാമനാഥപുരം സായിക്കുടി സിക്കല്‍ ഗ്രാമത്തിലെ അരുണ്‍രാജി (24) നെ പിടികൂടാനായി പ്രത്യേക പോലിസ് സംഘം ശിവഗംഗയിലേക്ക് തിരിച്ചതായി എസ്പി അറിയിച്ചു. 2017 ഏപ്രില്‍ 9 നു വൈക്കത്ത് ഇടയാഴം രാധാകൃഷ്ണന്‍ എന്നയാളുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 18 ഗ്രാം തൂക്കംവരുന്ന രണ്ടുവള, 12 ഗ്രാം തൂക്കംവരുന്ന മാല, മോതിരം, രമണിയുടെ വീട്ടില്‍നിന്നും 35,000 രൂപ വിലവരുന്ന സ്വര്‍ണം, വൈക്കത്ത് തന്നെയുള്ള സുനില്‍കുമാറിന്റെ വീട്ടില്‍നിന്ന് ബൈക്ക് എന്നിവ മോഷ്ടിച്ച കേസുകളാണ് പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് തെളിഞ്ഞത്. ശെല്‍വരാജ് ഇടുക്കി ജില്ലയില്‍, കുമളി, കമ്പംമെട്ട്, നെടുംകണ്ടം എന്നീ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 1997 ല്‍ നടത്തിയ വിവിധ മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര, വിയ്യൂര്‍ ജയിലുകളില്‍ ശിക്ഷ അനുഭവിച്ച് 2012 ല്‍ പുറത്തിറങ്ങിയതാണ്. ഇവയെല്ലാം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി നടത്തിയ മോഷണങ്ങളാണ്. അതിനുശേഷം നാലുവര്‍ഷത്തോളം ശിവഗംഗയില്‍ മോഷണങ്ങള്‍ നടത്തിയതിന്റെ പേരില്‍ 8 കേസുകള്‍ വിചാരണയിലിരിക്കുന്നുണ്ട്. പ്രതികള്‍ മൂവരും അടുത്ത ബന്ധുക്കളാണ്. സംഭവത്തെക്കുറിച്ച് പോലിസ് വിശദീകരിക്കുന്നത്: ശിവഗംഗയിലുള്ള ശെല്‍വരാജിന്റെ വീട്ടില്‍ നാലിന് ഒത്തുചേര്‍ന്ന് പദ്ധതി തയ്യാറാക്കിയാണ് അഞ്ചിന് വൈകീട്ട് പ്രതികള്‍ കോട്ടയത്തെത്തുന്നത്. നാഗമ്പടം ബിവറേജസില്‍ല്‍നിന്ന് മദ്യം വാങ്ങി രാത്രി 8 മണിയോടെ നീറിക്കാടിനു സമീപം റബര്‍തോട്ടത്തില്‍ ഒളിച്ചിരുന്നു. രാത്രി 12.30 ഓടെ നീറിക്കാട് തെക്കേചേനയ്ക്കല്‍ വീട്ടില്‍ പി കെ റോയിയുടെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി. ശബ്ദം കേട്ടുണര്‍ന്ന വീട്ടുടമസ്ഥനെ ഉപദ്രവിച്ച് ഭാര്യ ഡെയ്‌സിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചു. ഇതിന് തടസംനിന്ന ഡെയ്‌സിയെ സമീപത്തെ വീട്ടി ല്‍നിന്ന് കൈക്കലാക്കിയ അരിവാള്‍ ഉപയോഗിച്ച് രാജ്കുമാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ടി എന്‍ മോഹനന്റെ വീട്ടിലും സമാനമായ രീതിയില്‍ കയറിയെങ്കിലും വീട്ടുകാര്‍ ഉണ ര്‍ന്നതിനെത്തുടര്‍ന്ന് പ്രതികളുടെ ശ്രമം പരാജയപ്പെട്ടു.ടിജോ ക ുരുവിളയെന്നയാളുടെ ബൈക്ക് മോ്ഷ്ടിച്ച് കടക്കാന്‍ ശ്രമിക്കവെ പട്രോളിങ് നടത്തുകയായിരുന്നു കോട്ടയം ഡിവൈഎസ്പിയുടെ മുന്നില്‍പ്പെടുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി മറുപടി നല്‍കുകയും തേനി, മധുര ജില്ലക്കാരാണെന്ന് പറയുകയും ചെയ്തു. ഇതെത്തുടര്‍ന്ന് കോട്ടയം എസ്പി മധുര, തേനി പോലിസ് മേധാവികളുമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പറയുന്നത് കളവാണെന്ന് ബോധ്യമായത്.  പ്രതികള്‍ക്കെതിരേ കവര്‍ച്ചയ്ക്കും വീട്ടുകാരെ ആക്രമിച്ചതിനും നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss