|    Jan 19 Thu, 2017 10:13 am

നീര പ്ലാന്റ് നിലവില്‍ വന്ന് മാസങ്ങളായിട്ടും നാളികേര കര്‍ഷകരുടെ ജീവിതം ദുരിതമയം

Published : 27th June 2016 | Posted By: SMR

നാദാപുരം: നാളികേര കര്‍ഷകരുടെ പരാധീനതകള്‍ പരിഹരിക്കുവാന്‍ ഏറെ കൊട്ടിഘോഷിച്ച് കുറ്റിയാടിയിലാരംഭിച്ച നീര സംസ്‌ക്കരണ പ്ലാന്റ് നിലവില്‍ വന്നിട്ട് മാസങ്ങളായെങ്കിലും നാളികേര കര്‍ഷകരുടെ ജീവിതം ദുരിതമയം തന്നെ. കൂടിയും കുറഞ്ഞും വിലസ്ഥിരത നഷ്ടപ്പെട്ടതോടെ ആശങ്കയിലായ കേരകര്‍ഷകരുടെ സ്വപ്‌നമായിരുന്നു നീരയും അതില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങളും.
തെങ്ങില്‍ നിന്നും നീര ചെത്തിയെടുത്ത് വിപണനം നടത്താന്‍ അനുമതി നല്‍കിയാല്‍ വിലത്തകര്‍ച്ച കാരണം പൊറുതിമുട്ടുന്ന കര്‍ഷകരുടെ ദുരിതത്തിന് അറുതി വരുത്താന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെയും ഈ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായം. റബ്ബറിന്റെ വിലത്തകര്‍ച്ചയും തേങ്ങയുടെ വില നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നതും കാരണം മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ കര്‍ഷകര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തെ മറികടക്കാനാണ് നീര സംസ്‌ക്കരണ പ്ലാന്റ് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. നാളികേരത്തിന് പുകള്‍പെറ്റ കുറ്റിയാടിയില്‍ സംസ്ഥാനത്തെ രണ്ടാമത്തെ നീര പ്ലാന്റ് നിലവില്‍ വന്നിട്ട് മാസങ്ങളായെങ്കിലും കേരകര്‍ഷകര്‍ക്ക് കാര്യമായ ഗുണം ലഭിച്ചില്ലെന്നതാണ് വസ്തുത. കുറ്റിയാടി നാളികേര ഉല്‍പാദക കമ്പനിയുടെ കീഴില്‍ മരുതോങ്കര മുണ്ടവയലിലുള്ള പ്ലാന്റില്‍ നീര സംസ്‌ക്കരണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും നീര, ശര്‍ക്കര, ചോക്ലേറ്റ് തുടങ്ങിയ ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ട്. നെക്‌റ്റോ വെളിച്ചെണ്ണ, തേങ്ങാപ്പൊടി എന്നിവയുടെ നിര്‍മാണവും ഈ പ്ലാന്റില്‍ നിന്നും ഉടന്‍ ആരംഭിക്കും. ജില്ലയിലെ രണ്ടാമത്തെ നീര പ്ലാന്റ് മണിയൂര്‍, മൊകേരി നാളികേര ഉല്‍പാദക കമ്പനികളും കുറ്റിയാടി കമ്പനിയുടെ അതേരീതിയില്‍ നീരയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. മരുതോങ്കരയിലെ പ്ലാന്റില്‍ 5000 കുപ്പി നീര ദിവസവും സംസ്‌കരിച്ച് പുറത്തിറക്കുന്നുണ്ട്. കമ്പനിയുടെ കീഴില്‍ മൊത്തം 18 ഫെഡറേഷനുകളാണുള്ളത്.
എന്നാല്‍, എല്ലായിടത്തും നീര സംഭരണം തുടങ്ങിയിട്ടില്ല. നീരയുടെയും അനുബന്ധ ഉല്‍പന്നങ്ങളുടേയും ഉയര്‍ന്ന വിലയാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. മെച്ചപ്പെട്ട ഗുണനിലവാരമുണ്ടെങ്കിലും ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിക്കുന്ന വിപണി തന്ത്രം ആവിഷ്‌ക്കരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. മാത്രമല്ല നീരയും അനുബന്ധ ഉല്‍പന്നങ്ങളും ലഭ്യമാകുന്ന സ്റ്റാളുകളുടെ എണ്ണം താരതമ്യേന കുറവുമാണ്. 200 മില്ലിലിറ്റര്‍ നീരയുടെ കമ്പനി വില 35 രൂപയാണ്. ഒരു ചോക്ലേറ്റിന് 8- 10 രൂപയും. ചക്കരയുടെ വില കിലോയ്ക്ക് 600 രൂപയാണ്. കമ്പനിയുടെ കീഴിലുള്ള എല്ലാ ഫെഡറേഷനുകളിലും പൂര്‍ണമായ തോതില്‍ നീര ചെത്തുന്നത് തുടങ്ങിയെങ്കിലും ഉല്‍പാദനത്തിനാനുപാതികമായി വില്‍പന ലക്ഷ്യം കൈവരിക്കാനാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വിദേശങ്ങളിലുള്‍പ്പെടെ വിജയകരമായ രീതിയില്‍ വിപണി കണ്ടെത്തിയെങ്കില്‍ മാത്രമേ നീരയെ ആശ്രയിച്ച് കഴിയുന്ന കേരകര്‍ഷകര്‍ക്ക് രക്ഷയുള്ളൂ. —കേരളത്തില്‍ വഴിയോരങ്ങളിലും മറ്റും കരിക്കിന് വന്‍ ഡിമാന്റാണുള്ളത്. എന്നാല്‍, ഇവിടുത്തെ നാളികേര കര്‍ഷകര്‍ കരിക്കിനുവേണ്ടി തെങ്ങ് വളര്‍ത്തുന്നതിനെ കുറച്ചിലായാണ് കാണുന്നത്.— വേനല്‍ക്കാലത്ത് കരിക്കൊന്നിന് 30 മുതല്‍ 40 രൂപ വരെയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്.
അതേസമയം തേങ്ങയ്ക്ക് ലഭിക്കുന്നത് കേവലം പത്തുരൂപയില്‍ താഴെമാത്രവും. മഴയും മണ്ണിന്റെ അനുകൂല സാഹചര്യവും കാരണം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാളികേര കൃഷിയുള്ളത്. എന്നാല്‍, വിലത്തകര്‍ച്ചയും അധികൃതരുടെ നിസ്സഹകരണവും കൂടിയായതോടെ മിക്ക പരമ്പരാഗത കര്‍ഷകരും ഈ മേഖലയെ കൈയ്യൊഴിഞ്ഞ മട്ടാണ്.— നാളികേര കൃഷിയെ രക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി വിവിധ ആശ്വാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും നടപ്പില്‍ വരുത്തേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയും പിടിപ്പുകേടും നീരയുടെ കാര്യത്തിലും സംഭവിക്കുമോയെന്നാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക