|    Sep 22 Sat, 2018 1:09 am
FLASH NEWS

നീര്‍പ്പാറ ബധിര വിദ്യാലയം സുവര്‍ണ ജൂബിലിയുടെ നിറവില്‍

Published : 23rd January 2017 | Posted By: fsq

 

വൈക്കം: നീര്‍പ്പാറ ഹയര്‍ സെക്കന്‍ഡറി ബധിര വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന് ഫെബ്രുവരി രണ്ടിന് തുടക്കമാവും. ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന വിളംബര ഘോഷയാത്ര 26ന് ഒളിംപ്യനും അര്‍ജുനാ അവാര്‍ഡ് ജേതാവുമായ കെ എം ബിനു ഫഌഗ് ഓഫ് ചെയ്യും. മോണ്‍സിഞ്ഞൂര്‍ ജോസഫ് കെ ഡബ്ല്യു തോമസ് അന്ധരും ബധിരരുമായവരേ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സ്ഥാപനം. വിദ്യാഭ്യാസത്തിലൂടെ അവരുടെ പുനരധിവാസം സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളിലൊന്നായിരുന്നു അന്ധ-ബധിര വിദ്യാലയത്തിന്റെ തുടക്കം. 1996ല്‍ എറണാകുളം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാറേക്കാട്ടില്‍ അന്ധ-ബധിര വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 68ല്‍ 14 ബധിര വിദ്യാര്‍ഥികളും നാലു അന്ധ വിദ്യാര്‍ഥികളുമായി തുടങ്ങിയ സ്‌കൂളിന് 71ലാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. തുടര്‍ന്ന് 89ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രത്തിനുള്ള അനുമതി ലഭിക്കുകയുമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നതിനാല്‍ ഇത് റസിഡന്‍ഷ്യല്‍ സ്‌കൂളാക്കി. 78ല്‍ തുടങ്ങിയ ഹോസ്റ്റലിന്റെ ഉദ്ഘാടനം അന്നത്തെ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം നിര്‍വഹിച്ചു. അരനൂറ്റാണ്ടു പിന്നിടുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചു. തുടര്‍ച്ചയായി എട്ടുതവണ സംസ്ഥാന ബധിര കലോല്‍സവത്തില്‍ ഗോള്‍ഡന്‍ ട്രോഫി നേടി. പ്രവൃത്തി പരിചയ കായിക മേളകളിലും പല തവണ ഓവറോള്‍ നേടി. ചിട്ടയായ അധ്യയനത്തിന്റെ ഫലമായി എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകളില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം കരസ്ഥമാക്കുന്നു. ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ പദവി നാലുതവണ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. 2002ലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചത്. 2012ല്‍ എയ്ഡഡ് തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. 150 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ 23 സ്റ്റാഫും 12 നോണ്‍ ടീച്ചീങ് സ്റ്റാഫുമാണുള്ളത്. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സ്‌കൂളില്‍ അന്ധരും ബധിരരുമായി സേവനം ചെയ്തിരുന്ന കെ പി പവിത്രന്‍, അമ്മിണി പോള്‍, കെ ഏലിയാമ്മ, കെ ഇ ത്രേസ്യാമ്മ എന്നിവര്‍ക്കും കേന്ദ്രസംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ലൂക്ക് മാത്യു, ഫ്രാന്‍സിസ് കെ വി, സുനിത ഫ്രാന്‍സിസ്, ജോളി അഗസ്റ്റിന്‍, സജി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss