|    Nov 21 Wed, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നീര്‍പ്പക്ഷി സംരക്ഷണം: ഹെറോണ്‍ ട്രീ ഗാര്‍ഡ് പദ്ധതി ഇപ്പോഴും ഫയലില്‍

Published : 10th September 2018 | Posted By: kasim kzm

പൊന്നാനി: നീര്‍പ്പക്ഷികളെ സംരക്ഷിക്കാന്‍ രൂപംനല്‍കിയ ഹെറോണ്‍ ട്രീ ഗാര്‍ഡ് പദ്ധതി നടപ്പാവാതെ ഇപ്പോഴും ഫയലില്‍. കാര്‍ഷിക സര്‍വകലാശാല വന്യജീവി വിഭാഗം മേധാവി പി ഒ നമീറിന്റെ നേതൃത്വത്തില്‍ ആര്‍ക്കിടെക്ട് പ്രവീണ്‍ മോഹന്‍ദാസാണു നീര്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചേക്കേറുന്ന മരത്തില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഹെറോണ്‍ ട്രീ ഗാര്‍ഡില്‍ കവചം രൂപകല്‍പന ചെയ്തത്. 2014ല്‍ എം എസ് ജയ തൃശൂര്‍ ജില്ലാ കലക്ടറായിരിക്കെ ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. പദ്ധതി സ്വീകരിക്കപ്പെട്ടെങ്കിലും കലക്ടര്‍ സ്ഥാനമൊഴിഞ്ഞതോടെ നടപടികള്‍ ഫയലില്‍ കുരുങ്ങി. പക്ഷികളുടെ കാഷ്ഠശല്യത്തിന് ഒരു പരിഹാരമായാണു കേരളത്തിലെ ഗവേഷകര്‍ ഇതു തയ്യാറാക്കിയത്. തലതിരിഞ്ഞ കുടയുടെ മാതൃകയിലുള്ള സംവിധാനമാണിത്. നീര്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചേക്കേറുന്ന മരത്തില്‍ ഘടിപ്പിക്കുന്ന ഹെറോണ്‍ ട്രീ ഗാര്‍ഡില്‍ പക്ഷികളുടെ കാഷ്ഠം ശേഖരിക്കപ്പെടും. നിശ്ചിത സമയങ്ങളില്‍ ഇവ വൃത്തിയാക്കാം. നീര്‍പ്പക്ഷികളുടെ കാഷ്ഠം ഫോസ്ഫര്‍ ധാരാളമുള്ള മികച്ച വളമാണ്. ആവശ്യക്കാരേറെയുണ്ട്. കാഷ്ഠിക്കുന്നതിന്റെ പേരിലാണു കഴിഞ്ഞദിവസം ചങ്ങരംകുളത്ത് 17ഒാളം മരച്ചില്ലകള്‍ മുറിച്ചത്. 100ലധികം നീര്‍പ്പക്ഷികളാണ് ഇതോടെ ചത്തത്. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ പട്ടിക പ്രകാരം വംശനാശഭീഷണി നേരിടുന്ന ചേരക്കോഴികളും ഇതില്‍പ്പെടും. ജൈവവൈവിധ്യ സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും കൊറ്റില്ലങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടും പ്രായോഗിക നടപടികള്‍ ഉണ്ടാവുന്നിെല്ലന്നാണു പക്ഷിപ്രേമികളുടെ വാദം. ആള്‍ത്തിരക്കുകള്‍ക്കിടയി ല്‍ മരങ്ങളില്‍ വലിയ കോളനികളായാണു നീര്‍പ്പക്ഷികള്‍ കാണപ്പെടുന്നത്. വേനല്‍ മൂര്‍ച്ഛിച്ചു കഴിഞ്ഞ് മഴക്കാലം അടുക്കുമ്പോഴാണു കൊക്കുകളും മറ്റനേകം നീര്‍പ്പക്ഷികളും കൂടുവയ്ക്കുന്നത്. ഇത്തരം സ്ഥലങ്ങളാണ് കൊറ്റില്ലം എന്നറിയപ്പെടുന്നത്. രണ്ടോ, മൂന്നോ മാസം നീളുന്ന പ്രജനനകാലത്തെ ബുദ്ധിമുട്ടു സഹിക്കാന്‍ സാങ്കേതിക സഹായത്തോടെ നാട്ടുകാര്‍ക്കു കഴിഞ്ഞാല്‍ ഈ പക്ഷിവംശം ചിറകടിച്ചു നില്‍ക്കും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss