|    Dec 11 Tue, 2018 5:13 pm
FLASH NEWS
Home   >  Editpage  >  Second edit  >  

നീരാളിബുദ്ധി

Published : 6th December 2018 | Posted By: kasim kzm

നമ്മുടെ നാട്ടില്‍ ചില രാഷ്ട്രീയക്കാരെ ഇരട്ടച്ചങ്കനെന്നു വിളിക്കാറുണ്ട്. അതു വെറും പുളുവടിയാണെന്ന് വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. ഏതു കേമനും ചങ്ക് ഒന്നേയുള്ളൂ. എന്നാല്‍, ലോകത്ത് മൂന്നു ഹൃദയവും എട്ടു കൈകളുമായി ജീവിക്കുന്ന വമ്പന്‍മാര്‍ വേറെയുണ്ടെന്നതാണ് വാസ്തവം. നീരാളിയാണ് ആ കഥാപാത്രം. അവയ്ക്ക് ഈ രണ്ടു കാര്യത്തില്‍ മാത്രമല്ല പ്രകൃതി അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നത്. മഹാബുദ്ധിശാലിയുമാണ് നീരാളി. സ്വയംപ്രതിരോധത്തിനു വേണ്ട വിദ്യകള്‍ കണ്ടെത്താന്‍ സമര്‍ഥന്‍. മനുഷ്യരുടെ കൈയില്‍ പെട്ടാല്‍ പോലും രക്ഷപ്പെടാന്‍ വിരുതുള്ളവര്‍.
ഇന്‍കി എന്ന നീരാളി ന്യൂസിലന്‍ഡിലെ ദേശീയ അക്വേറിയത്തില്‍ പെട്ടുപോയപ്പോള്‍ അതാണ് ചെയ്തത്. അവളെ സൂക്ഷിച്ച പാത്രത്തിന്റെ മൂടിയിലെ വിടവിലൂടെ ആള്‍ ഇരുട്ടിന്റെ മറവില്‍ പുറത്തിറങ്ങി. അക്വേറിയത്തിന്റെ തറയിലൂടെ സഞ്ചരിച്ച് അപ്രത്യക്ഷയായി. ലോകകപ്പ് ഫലം പ്രവചിക്കുന്ന നീരാളി വാര്‍ത്തയായിരുന്നു. എന്നാല്‍, ശത്രുക്കളെ കണ്ടപ്പോള്‍ ചിരട്ടക്കഷണങ്ങള്‍ അടുപ്പിച്ചു പിടിച്ച് ഒതുങ്ങിക്കൂടി രക്ഷപ്പെട്ട നീരാളിയുടെ കഥ ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. എങ്ങനെയാണ് നീരാളി ഇത്ര ബുദ്ധിയുള്ള ജീവിയായത് എന്ന കാര്യത്തെപ്പറ്റി പക്ഷേ ഗവേഷകര്‍ക്കിടയില്‍ വലിയ തര്‍ക്കമുണ്ട്. ദീര്‍ഘകാലം ജീവിക്കുന്ന, സാമൂഹിക ബന്ധങ്ങളുള്ള ജീവികളിലാണ് ബുദ്ധിവികാസം സാധാരണ കാണുന്നത്. നീരാളി ഒറ്റയാനാണ്; ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിക്കുകയുമുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss