|    May 29 Mon, 2017 7:09 pm
FLASH NEWS

നീരജ് ചോപ്രയ്ക്ക് ലോക റെക്കോഡ്

Published : 25th July 2016 | Posted By: SMR

വാര്‍സോ (പോളണ്ട്): ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡിട്ട് ഇന്ത്യന്‍ യുവ താരം നീരജ് ചോപ്ര ചരിത്രം കുറിച്ചു. ഐഎഎഫ് അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലാണ് 18 കാരനായ നീരജിന്റെ അവിസ്മരണീയ പ്രകടനം.
86.48 മീറ്റര്‍ ദൂരം എറിഞ്ഞ നീരജ് അണ്ടര്‍ 20 വിഭാഗത്തില്‍ ലോക റെക്കോഡും സീനിയര്‍ തലത്തില്‍ ദേശീയ റെക്കോഡും സ്ഥാപിക്കുകയായിരുന്നു. കൂടാതെ റിയോ ഒളിംപിക്‌സിന് താരം യോഗ്യത നേടുകയും ചെയ്തു. റിയോയിലേക്കുള്ള യോഗ്യതാ മാര്‍ക്ക് 83 മീറ്ററായിരുന്നു. ഇതാദ്യമായാണ് ലോക അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്. അത്‌ലറ്റിക്‌സില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക റെക്കോഡിന് അര്‍ഹനാവുന്നത്.
അണ്ടര്‍ 20ല്‍ ലാത്വിയയുടെ സിഗിസ്മുണ്ട്‌സ് സിര്‍മയ്‌സിന്റെ പേരിലുണ്ടായിരുന്ന 84.69 മീറ്റര്‍ ദൂരമാണ് നീരജ് റെക്കോഡ് പ്രകടനത്തോടെ തിരുത്തി കുറിച്ചത്. ഇതിനു മുമ്പ് രജീന്ദര്‍ സിങിനൊപ്പം നീരജ് ദേശീയ റെക്കോഡ് പങ്കിട്ടു വരികയായിരുന്നു. 82.23 മീറ്ററെന്ന ദേശീയ റെക്കോഡാണ് ഹരിയാന സ്വദേശിക്കു മുന്നില്‍ വഴിമാറിയത്. ഗുവാഹത്തിയില്‍ നടന്ന ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതാണ് ഇതിനു മുമ്പ് നീരജിന്റെ കരിയറിലെ മികച്ച പ്രകടനം.
പോളണ്ടില്‍ നടന്ന ലോക അത്‌ലറ്റിക്‌സില്‍ തന്റെ രണ്ടാമത്തെ പരിശ്രമത്തിലാണ് നീരജ് ലോക റെക്കോഡ് തിരുത്തി കുറിച്ചത്. ആദ്യ ശ്രമത്തില്‍ 79.66 മീറ്റര്‍ ദൂരമാണ് താരം എറിഞ്ഞത്. 80.59 മീറ്ററോടെ ദക്ഷിണാഫ്രിക്കയുടെ ജോഹന്‍ ഗ്ലോബര്‍ വെള്ളി നേടി. ഇതിനു മുമ്പ് ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ട് താരങ്ങളാണ് ഇന്ത്യക്കു വേണ്ടി മെഡല്‍ നേടിയിട്ടുള്ളത്.
2002 ചാംപ്യന്‍ഷിപ്പില്‍ ഡിസ്‌കസ് ത്രോയില്‍ സീമ ആന്റിലും 2014ല്‍ നവ്ജീത് കൗര്‍ ദില്ലോണുമാണ് ഇന്ത്യക്കു വേണ്ടി മെഡല്‍ സമ്മാനിച്ചത്. ഇരുവരും വെങ്കല മെഡലാണ് കരസ്ഥമാക്കിയത്.
സീനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇതുവരെ മെഡല്‍ സ്വന്തമാക്കിയിട്ടുള്ളത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജിലൂടെയായിരുന്നു ഇന്ത്യയുടെ സീനിയര്‍ അത്‌ലറ്റിക്‌സിലെ ചരിത്ര മെഡല്‍ നേട്ടം. അന്ന് വെങ്കല മെഡലാണ് അഞ്ജു ഇന്ത്യക്കു വേണ്ടി നേടിക്കൊടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day