|    Mar 25 Sun, 2018 1:02 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നീന്താനിറങ്ങുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കണം:ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Published : 12th July 2016 | Posted By: sdq

ദോഹ: സ്വിമ്മിങ് പൂളുകളിലും ബീച്ചിലും നീന്താനിറങ്ങുന്നവര്‍ നിര്‍ബന്ധമായും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. വേനല്‍ കടുത്തതിനാല്‍ ബീച്ചിലും സ്വിമ്മിങ് പൂളിലും നീന്തല്‍ പതിവാക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. കടലില്‍ കുളിക്കുന്നതിനിടെ മലയാളി യുവാവ് ഖോര്‍ അല്‍ഉദൈദില്‍ മുങ്ങിമരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ലൈഫ് ജാക്കറ്റ് ഇടാതെ വെള്ളത്തില്‍ ഇറങ്ങരുത്. കാറ്റ് നിറച്ച പ്ലാസ്റ്റിക് വലയങ്ങളെ വിശ്വസിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഇത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വേലിയേറ്റവും വേലിയിറക്കവും കടലിന്റെ സ്വഭാവവും കാലാവസ്ഥാ മുന്നറിയിപ്പുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. രാത്രിയില്‍ നീന്താനിറങ്ങുന്നതും ഒറ്റയ്ക്കു നീന്തുന്നതും അപകടസാധ്യത കൂട്ടും. അറിയാതെ പോവുന്നതുകാരണം അപകടത്തില്‍പെട്ടാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറിക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
ഒട്ടേറെ ബീച്ചുകളുള്ള രാജ്യമാണു ഖത്തറെങ്കിലും പല ബീച്ചുകളിലും ലൈഫ്ഗാര്‍ഡുമാര്‍ ഉണ്ടാകാറില്ല. സുരക്ഷിതമായി നീന്താവുന്ന ബീച്ചുകള്‍ ഏതൊക്കെയാണെന്നോ തീരത്തുനിന്ന് എത്രത്തോളം കടലിലേക്കു പോകാമെന്നതു സംബന്ധിച്ചോ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമല്ല. വേലിയേറ്റവും വേലിയിറക്കവും എപ്പോഴാണെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍ അപകടങ്ങള്‍ പരിധിവരെ ഒഴിവാക്കാനാവും. കടലില്‍ നീന്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യമില്ലാത്തവര്‍ക്കു തിരമുറിച്ചു നീന്തി തീരത്തെത്താനാവില്ല. ഇങ്ങനെയാണു പലരും അപകടത്തില്‍ പെടുന്നത്.
ജലനിരപ്പ് കൂടുന്നതായി ബോധ്യപ്പെട്ടാലുടന്‍ തീരത്തേക്കു മടങ്ങുകയാണ് അപകടമൊഴിവാക്കാനുള്ള വഴി. ചെറിയ കുട്ടികളെ ഒരു കാരണവശാലും ആഴങ്ങളിലേക്കു കൊണ്ടുപോകരുതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. തിരയില്‍പെട്ടു എന്നു ബോധ്യമായാല്‍ പരിഭ്രാന്തമാരാകാതെ പൊന്തിക്കിടക്കാന്‍ ശ്രമിക്കണം. തിരമുറിച്ചു നീന്തിയാല്‍ വേഗം തളരും. കാലുകള്‍കൊണ്ടു തുഴഞ്ഞ് കൈഉയര്‍ത്തി വീശി തീരത്തുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാനാണു ശ്രമിക്കേണ്ടത്. കടലില്‍പെട്ടവരെ രക്ഷിക്കുന്നതു പ്രത്യേക വൈദഗ്ധ്യംവേണ്ട കാര്യമാണ്. അതിനാല്‍, വേണ്ടത്ര വൈദഗ്ധ്യമില്ലാത്തവര്‍ തിരയില്‍പെട്ടവരെ നീന്തിച്ചെന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നതു രണ്ടു ജീവനുകള്‍ അപകടത്തിലാവാന്‍ കാരണമായേക്കും. നിരോധിത മേഖലകളില്‍ നീന്താനിറങ്ങുകയോ തനിച്ചു നീന്തുകയോ ചെയ്യരുത്. ആളുകളുടെ ശ്രദ്ധയില്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങളും നീന്താന്‍ തിരഞ്ഞടുക്കരുത്. തോണിയിലും ഉരുവിലുമെല്ലാം സഞ്ചരിക്കുന്നവര്‍ അവ സഞ്ചാര യോഗ്യമാണോയെന്ന് ഉറപ്പു വരുത്തണം. കൈത്തണ്ടയില്‍ സുരക്ഷാ ഉപകരണം ചുറ്റിയിരിക്കണമെന്നും ഓര്‍മപ്പെടുത്തുന്നു. പരിചയമില്ലാത്തവരും നിയമാനുസൃതമായ പ്രായത്തില്‍ താഴെയുള്ള കുട്ടികളും തോണിയിലോ ഉരുവിലോ സഞ്ചരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്. കപ്പലുകളും മീന്‍പിടുത്ത ബോട്ടുകളും സഞ്ചരിക്കുന്ന പാതയിലൂടെ മറ്റുള്ളവര്‍ സഞ്ചരിക്കാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss