|    Nov 17 Sat, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നീന്തല്‍ മല്‍സരത്തിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Published : 15th August 2018 | Posted By: kasim kzm

തലശ്ശേരി: നീന്തല്‍ മല്‍സരത്തിനിടെ വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. മാഹി എംഎം ഹൈസ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥി കോടിയേരി പാറാലിലെ കാഞ്ഞിരമുള്ള പറമ്പില്‍ ഹൃദിക്‌രാജ് (13) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെയാണു സംഭവം.
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മൂന്ന് ഉപജില്ലകളിലെ സ്‌കൂളുകളിലെ 50ഓളം വിദ്യാര്‍ഥികളാണ് നീന്തല്‍ മല്‍സരത്തിനെത്തിയത്. അഞ്ചു വിദ്യാര്‍ഥികളുടെ ആദ്യറൗണ്ട് മല്‍സരം കഴിഞ്ഞ് രണ്ടാം റൗണ്ട് നീന്തുന്നതിനിടെ കുളത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ ഹൃദിക് താഴ്ന്നുപോവുകയായിരുന്നു. തലശ്ശേരിയില്‍ നിന്നു അഗ്‌നിശമനസേനയും പോലിസും തലായിയില്‍ നിന്നു തീരദേശ പോലിസും കണ്ണൂരില്‍ നിന്നു സ്‌കൂബ ഡൈവിങ് സ്‌ക്വാഡും സ്ഥലത്തെത്തി. സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ചളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെടുത്തത്. തലശ്ശേരി തീരദേശ പോലിസ് ഉദ്യോഗസ്ഥനും മുഴപ്പിലങ്ങാട് ബീച്ചിലെ ലൈഫ് ഗാര്‍ഡുമായ മാക്‌സ്‌വെല്ലാണ് ഹൃദിക്‌രാജിനെ കരയ്‌ക്കെത്തിച്ചത്. ഉടന്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കച്ചവടക്കാരനായ പാറാല്‍ പ്രകാശ് ബേക്കറിക്ക് സമീപത്തെ കെ രാഗേഷ്-മിനി ദമ്പതികളുടെ മൂത്ത മകനാണു ഹൃദിക്‌രാജ്. സഹോദരന്‍: കാര്‍ത്തിക്.
അതേസമയം അധികൃതരുടെ അനാസ്ഥയാണ് അപകട കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. മഴക്കാലത്ത് നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രക്കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണു കുട്ടികളുടെ നീന്തല്‍ മല്‍സരം നടത്തിയതെന്നും ആരോപണമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss