|    Oct 23 Tue, 2018 1:08 pm
FLASH NEWS

നീതി ലഭിക്കാന്‍ കലക്ടറേറ്റ് പടിക്കല്‍ പട്ടിണി സമരവുമായി വിചിത്ര

Published : 7th September 2017 | Posted By: fsq

 

കല്‍പ്പറ്റ: കലക്ടറേറ്റ് പടിക്കല്‍ ഒരു യുവതി ഒരു പായവിരിച്ച് നിരാഹാരമിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചു ദിവസം. തിരുവോണത്തിന് പെയ്ത പെരുമഴ പോലും വകവയ്ക്കാതെയാണ് ഇവരുടെ പ്രതിഷേധം. അമ്പലവയല്‍ ആയിരംകൊല്ലി കോളനിയിലും അവിടെയുള്ള അങ്കണവാടിയിലും കുടിവെള്ളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കുറുമ സമുദായത്തില്‍പെട്ട എ സി വിചിത്രയെന്ന യുവതിയുടെ സമരം. അമ്പലവയല്‍ മൂന്നാം വാര്‍ഡിലെ ട്രൈബല്‍ പ്രമോട്ടറായിരുന്നു ചീങ്ങേരി ആയിരംകൊല്ലി കോളനിയിലെ വിചിത്ര. പുതിയ പ്രമോട്ടര്‍ നിയമനത്തില്‍ പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും മനപ്പൂര്‍വം തന്നെ ഒഴിവാക്കിയെന്ന പരാതിയും ഇവര്‍ക്കുണ്ട്. ട്രൈബല്‍ പ്രമോട്ടറായിരുന്ന സമയത്ത് ആയിരംകൊല്ലി കോളനിയിലെ എട്ടോളം വീടുകളിലേക്കും അവിടത്തെ അങ്കണവാടിയിലേക്കും കുടിവെള്ളം ലഭിക്കാനായി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, കാലം ഇത്ര കഴിഞ്ഞിട്ടും അനുകൂല നടപടി മാത്രമുണ്ടായില്ലെന്നു മാത്രമല്ല, പ്രകാര മനോഭാവത്തോടെയാണ് ഇവര്‍ പെരുമാറുന്നതെന്നും വിചിത്ര പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടൈബ്രല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ക്കും മുന്‍ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്‍മേല്‍ കലക്ടര്‍ റിപോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനിടെ പരാതി നല്‍കിയതിന്റെ പേരില്‍ വാര്‍ഡ് മെംബര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും തന്നെ വേട്ടയാടുകയാണെന്നും ഇവര്‍ പറയുന്നു. ആയിരംകൊല്ലിയില്‍ മറ്റു സ്ഥലങ്ങളില്‍ കുടിവെള്ള കണക്ഷന്‍ ഉണ്ടായിട്ടും കോളനിയിലെ വീടുകളിലേക്കും അങ്കണവാടിയിലേക്കും കുടിവെള്ളം നല്‍കാത്തത് നീതിനിഷേധമാണെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നുമാണ് വിചിത്രയുടെ ആവശ്യം. സമരം ശ്രദ്ധയില്‍പെട്ട കലക്ടര്‍ എസ് സുഹാസ് സമരം തുടങ്ങിയ അന്നുതന്നെ ഇവരെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചെങ്കിലും അനുകൂല നടപടിയുണ്ടാവാത്തതിനാല്‍ സമരം തുടരാനായിരുന്നു വിചിത്രയുടെ തീരുമാനം. കോളനിയിലെ കുടിവെള്ള പ്രശ്‌നം ഒരു മാസത്തിനകം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കലക്ടര്‍ ഉറപ്പുനല്‍കി. എന്നാല്‍, കുടിവെള്ള പദ്ധതിയില്‍ ടാപ്പിടാന്‍ കൂടിയുള്ള ഫണ്ട് മുമ്പ് വകയിരുത്തിയതാണെന്നും പുതുതായി ഫണ്ട് വകയിരുത്തി പദ്ധതി പൂര്‍ത്തീകരിക്കുന്നത് അഴിമതിക്ക് കാരണമാവുമെന്നുമാണ് വിചിത്ര പറയുന്നത്. തന്നെ വേട്ടയാടിയ ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമെതിരേ നിയമനടപടി വേണമെന്നും കുടിവെള്ളത്തിന്റെ കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നുമുള്ള നിലപാടായിരുന്നു വിചിത്രയുടേത്. നീതി കിട്ടും വരെ പട്ടിണി സമരവുമായി മുന്നോട്ടുപോവാനാണ് വിചിത്രയുടെ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss