|    Sep 23 Sun, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നീതി യഥാസമയം നടപ്പായില്ലെങ്കില്‍ കാര്യമില്ലെന്ന് നിര്‍ഭയയുടെ അമ്മ

Published : 17th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: നീതി യഥാസമയം നടപ്പായില്ലെങ്കില്‍ അതുകൊണ്ടു കാര്യമില്ലെന്ന് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാവ് ആശാദേവി. പ്രതികള്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നു. നീതി യഥാസമയം നടപ്പായില്ലെങ്കില്‍ ആളുകള്‍ക്കു നിയമത്തെക്കുറിച്ച് ഭയം തോന്നുമെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആശാദേവി വ്യക്തമാക്കി. ശക്തമായ നിയമം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.  സംഭവം നടന്ന് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീസുരക്ഷയ്ക്കും പഴയ അവസ്ഥ തന്നെയാണ്. ഒരു മാറ്റവുമില്ല. പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നു, സുരക്ഷ കടലാസില്‍ മാത്രം. ഓരോ ദിവസവും പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയാവുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ താന്‍ മകളെക്കുറിച്ച് ഓര്‍ക്കും. അവള്‍ അനുഭവിച്ച തീവ്രവേദനയും ഭയപ്പാടും ഓര്‍ക്കും. ഇരുട്ടുപിടിച്ച ആളൊഴിഞ്ഞ വഴികള്‍ ഇപ്പോഴും തന്നെ ഭയപ്പെടുത്തുന്നു. ചിലപ്പോഴൊക്കെ കരുതും അവള്‍ ആശുപത്രിയില്‍ ഉണ്ടെന്ന്. പിച്ചിച്ചീന്തപ്പെട്ടെങ്കിലും ജീവനോടെ- ആശാദേവി പറഞ്ഞു. ആറു പേരായിരുന്നു നിര്‍ഭയയെ ആക്രമിച്ചത്. ഒരു മനുഷ്യജീവിയോടു കാട്ടാവുന്ന ഏറ്റവും വലിയ ക്രൂരതയോടെ. 13 ദിവസത്തെ ദുരിതത്തിനൊടുവില്‍ അവള്‍ മരണത്തിനു കീഴടങ്ങി. ജീവിച്ചിരുന്നുവെങ്കില്‍ അവള്‍ക്ക് ഇപ്പോള്‍ 28 വയസ്സാവുമായിരുന്നു- ആ അമ്മ പ്രത്യാശിക്കുന്നു. മകള്‍ക്കു നേരിട്ട ദുരന്ത ശേഷം കുടുംബം ഇപ്പോള്‍ ഡല്‍ഹിയിലെ ദ്വാരകയിലാണു താമസം. വീട്ടിലെ മുറിയില്‍ ഒരു അലമാര നിറയെ നിര്‍ഭയക്കു ലഭിച്ച സമ്മാനങ്ങളാണ്. ജീവിതത്തില്‍ അവള്‍ കാണിച്ച ഉല്‍സാഹത്തിനും ശുഭപ്രതീക്ഷയ്ക്കും സ്‌നേഹത്തിനും ധൈര്യത്തിനും ലഭിച്ച അംഗീകാരങ്ങള്‍. ‘ദുരന്തം മറക്കാനും അവളെ മറക്കാനും ആളുകള്‍ എന്നോടു പറയുന്നു. തനിക്കു മറ്റു രണ്ടു മക്കള്‍ കൂടിയുണ്ട്. അവരതു മറക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും താനതു മറക്കില്ലെന്നും അവര്‍ പറഞ്ഞു. കടുത്ത രോഷത്തോടെയാണു നിര്‍ഭയയുടെ അമ്മ സംസാരിച്ചത്. അധികാരികളുടെ ഭാഗത്തു നിന്നുള്ള നടപടികളെല്ലാം അറ്റമില്ലാതെ തുടരുകയാണ്. അല്ലെങ്കില്‍ പരിഗണനയിലാണ്. സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതും പോലിസ് പട്രോളിങും നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപെട്ടുകൊണ്ടേയിരിക്കുന്നു. ഒന്നും മാറിയിട്ടില്ലെന്നും അഞ്ചു വര്‍ഷത്തിനിപ്പുറവും എന്തു സുരക്ഷയാണു പെണ്‍കുട്ടികള്‍ക്കുള്ളതെന്നും അവര്‍ ചോദിച്ചു. 2012 ഡിസംബര്‍ 16നു രാത്രിയായിരുന്നു രാജ്യം കണ്ട ഏറ്റവും ക്രൂരമായ ബലാല്‍സംഗം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss