|    Oct 20 Sat, 2018 8:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നീതി നടപ്പാക്കാനാവാതെ സാമൂഹികനീതി വകുപ്പ്

Published : 25th September 2017 | Posted By: fsq

 

പി എം അഹ്മദ്

തിരുവനന്തപുരം: സാമൂഹിക ക്ഷേമപദ്ധതികളും സേവനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ലക്ഷ്യമിടുന്ന സാമൂഹികനീതി വകുപ്പിന് നീതി നടപ്പാക്കാന്‍ ഇനിയും കടമ്പകളേറെ. ജീവനക്കാരുടെ കുറവുമൂലം കേന്ദ്ര-സംസ്ഥാന പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. പല തസ്തികകളിലും സ്ഥാനക്കയറ്റം നടന്നിട്ടു വര്‍ഷങ്ങളായി. വര്‍ഷങ്ങളായി ക്ലാസ് ഫോര്‍ ജീവനക്കാരായി സേവനമനുഷ്ഠിക്കുന്നവര്‍ അതേ തസ്തികയില്‍ നിന്നു തന്നെ വിരമിക്കേണ്ട അവസ്ഥയിലാണ്. യഥാസമയം സ്ഥാനക്കയറ്റം നടപ്പാക്കാത്തതുമൂലം പുതിയ ഒഴിവുകളും നിയമനവും നടപ്പാക്കാനും കഴിയുന്നില്ല. രണ്ടുവര്‍ഷമായി സീനിയോറിറ്റി പട്ടിക പോലും വകുപ്പില്‍ തയ്യാറാക്കിയിട്ടില്ല. നിലവില്‍ 35ലധികം ജൂനിയര്‍ സൂപ്രണ്ടുമാരുടെയും 10 ലധികം പ്രൊബേഷന്‍ ഓഫിസര്‍മാരുടെയും ഒഴിവുണ്ട്. പിന്നാക്ക, മലയോര, തീരദേശ മേഖലകളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടത് ജൂനിയര്‍ സൂപ്രണ്ടുമാരുടെ ചുമതലയാണ്. നിലവില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യവും അവകാശങ്ങളും പരിരക്ഷയുമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹെഡ് അക്കൗണ്ടന്റുമാരുടെ ഒഴിവുകള്‍ 50 ശതമാനത്തിലധികം വരുമെന്നാണ് കണക്ക്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വകുപ്പില്‍ 73 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു. നിലവിലുള്ള എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകളില്‍ 10 ശതമാനം മാത്രമാണ് ക്ലാസ് ഫോര്‍ ജീവനക്കാരുടെ പ്രമോഷനായി നീക്കിവച്ചിരിക്കുന്നത്. അതായത് സംസ്ഥാനത്ത് ഏകദേശം 22 പേര്‍ക്കു മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജീവനക്കാരില്‍ ആശങ്ക നിലനില്‍ക്കുകയാണ്. കക്ഷിരാഷ്ട്രീയ പരിഗണനയാണ് പലപ്പോഴും പ്രമോഷന്‍ മാനദണ്ഡമാവുന്നതെന്നാണു ജീവനക്കാരുടെ ആക്ഷേപം. വകുപ്പിന്റെ പ്രധാന വിഭാഗമായ ഐസിഡിഎസിന്റെ (സംയോജിത ശിശുവികസന പദ്ധതി) പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിയമം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്യേണ്ടത് ഐസിഡിഎസിന് കീഴിലെ അങ്കണവാടി ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. 95 പുതിയ ഓഫിസുകള്‍ നിര്‍മിച്ചെങ്കിലും അവിടെയൊന്നും ആവശ്യത്തിനു ജീവനക്കാരില്ല. കൂടാതെ അങ്കണവാടികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥര്‍ക്കു വാഹനംപോലുമില്ല. കുട്ടികള്‍ ഉണ്ടോ എന്നുപോലും പരിശോധിക്കാന്‍ സംവിധാനമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss