|    Oct 21 Sun, 2018 10:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നീതി ഉറപ്പാക്കാന്‍ പത്രപ്രവര്‍ത്തനത്തെ ഉപയോഗിച്ച മഹദ് വ്യക്തിത്വം

Published : 7th September 2017 | Posted By: fsq

 

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഫാഷിസ്റ്റുകളുടെ വെടിയേറ്റ് ബംഗളൂരുവില്‍ ഇന്നലെ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് സാമൂഹിക സേവനത്തിനായി പത്രപ്രവര്‍ത്തനത്തെ ഉപയോഗിച്ച മഹദ് വ്യക്തിത്വമായിരുന്നു. പുരോഗമനവാദിയായ പി ലങ്കേഷിന്റെ മകളായിരുന്നു ഈ 55കാരി. കവിയും നാടകകൃത്തുമായിരുന്ന പിതാവ് ബംഗളൂരു സര്‍വകലാശാലയിലെ അധ്യാപകജോലി രാജിവച്ചാണ് സ്വന്തമായി ലങ്കേഷ് പത്രിക എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള പത്രമെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1980ല്‍ സ്ഥാപിച്ച പത്രത്തിന്റെ പത്രാധിപസ്ഥാനം പിതാവിന്റെ മരണത്തോടെ 2000ലാണ് ഗൗരി ലങ്കേഷ് ഏറ്റെടുത്തത്. പിന്നീട് “ഗൗരി ലങ്കേഷ് പത്രിക’ എന്ന പേരില്‍ വാരികയായി. സംഘപരിവാര തീവ്രവാദത്തിനെതിരേ നിലയുറപ്പിച്ചു നിരന്തരം ആദിവാസി-പിന്നാക്ക-ന്യൂനപക്ഷ-ദലിത് ജനവിഭാഗങ്ങള്‍ക്കു വേണ്ടി തൂലിക പടവാളാക്കി കൊണ്ട് ഗൗരി പത്രത്തിലും പൊതുരംഗത്തും നിറഞ്ഞുനിന്നു. ബംഗളൂരുവില്‍ നിന്നു ബിരുദാനന്തര ബിരുദമെടുത്ത അവര്‍ വിദേശ സര്‍വകലാശാലയില്‍ നിന്നാണ് പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് നേടിയത്. ആദര്‍ശങ്ങളിലും ആശയങ്ങളിലുമുള്ള ഉറച്ച നിലപാടായിരുന്നു ഗൗരി ലങ്കേഷിനെ കന്നഡ പത്രപ്രവര്‍ത്തനരംഗത്ത് വേറിട്ട ശബ്ദമാക്കിയത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ദലിതര്‍, ആദിവാസികള്‍, മുസ്‌ലിംകള്‍ എന്നിവര്‍ക്കു വേണ്ടി അവര്‍ എക്കാലത്തും ശക്തമായിത്തന്നെ ശബ്ദിച്ചിരുന്നു. സ്ത്രീവാദിയും പൊതുപ്രവര്‍ത്തകയുമായിരുന്ന ഗൗരി, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് എല്ലാ കാലത്തും പ്രവര്‍ത്തിച്ചുവന്നത്. കോമു സൗഹാര്‍ദ വേദികയുടെ നേതൃത്വം വഹിക്കുകയായിരുന്നു അവര്‍. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, നാഷനല്‍ വിമന്‍സ് ഫ്രണ്ട് എന്നിവയോടെല്ലാം ഒത്തുചേര്‍ന്നുകൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. മതസൗഹാര്‍ദത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എല്ലാ പൊതുസംഘടനകളുമായും അവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. പ്രഫ. എം എം കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും ധബോല്‍കറുടെയും കൊലപാതകങ്ങളിലെ  പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ തന്നെ ഗൗരി ലങ്കേഷുണ്ടായിരുന്നു. ഗൗരി ലങ്കേഷ് പത്രികയുടെ ലക്കങ്ങളെ സംഘപരിവാരം വലിയ ഭീതിയോടെയാണ് കണ്ടിരുന്നത്. ബിജെപി നേതാക്കളുടെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ അവര്‍ മുന്നിട്ടുനിന്നിരുന്നു. ഇന്നു പുറത്തിറങ്ങുന്ന ഗൗരി ലങ്കേഷ് പത്രികയുടെ പുതിയ ലക്കത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അഴിമതിക്കഥകളാണ് കവര്‍‌സ്റ്റോറി. അടുത്തുതന്നെ യെദ്യൂരപ്പ ജയിലിലാവുമെന്ന പ്രവചനവും അവര്‍ നടത്തിയിരുന്നു. കേരളത്തിലെ ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കടുത്ത വിമര്‍ശനമുന്നയിക്കുന്ന ലേഖനം ഈ ലക്കത്തിലുണ്ട്. പോപുലര്‍ ഫ്രണ്ട് 2007ല്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച ഐതിഹാസികമായ എംപവര്‍ ഇന്ത്യാ സമ്മേളനത്തില്‍ സംഘപരിവാരത്തിനെതിരേ ഉറച്ച ശബ്ദത്തിലാണ് അവര്‍ സംസാരിച്ചത്. കര്‍ണാടക സര്‍ക്കാരിനെ മാവോവാദികളുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് എത്തിക്കുന്നതില്‍ ഗൗരി ലങ്കേഷ് വിജയിച്ചു. സര്‍ക്കാരിനും മാവോവാദികള്‍ക്കുമിടയില്‍ മധ്യസ്ഥയാകാന്‍ അവര്‍ സന്നദ്ധയായി. അനുയോജ്യമായ പുനരധിവാസ മാര്‍ഗങ്ങള്‍ ഗൗരി ലങ്കേഷ് നിര്‍ദേശിച്ചത് കര്‍ണാടക സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പുനരധിവാസരേഖ തയ്യാറാക്കിയതിനു പുറമേ ഘോരവനങ്ങളില്‍ തനിച്ചുപോയി ഇക്കാര്യം മാവോവാദികളെ ബോധ്യപ്പെടുത്താനും ഗൗരിക്കായി. പത്രപ്രവര്‍ത്തനത്തെ പോലെത്തന്നെ സാമൂഹിക മാധ്യമങ്ങളിലും ഗൗരി ലങ്കേഷ് നിരന്തരം ഇടപെട്ടിരുന്നു. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററും ബ്ലോഗും വെബ്‌സൈറ്റുകളും ഉപയോഗിച്ച് സമൂഹത്തിലെ അഴിമതിക്കെതിരേ അവര്‍ പോരാടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss