|    Jan 16 Mon, 2017 4:49 pm

നീതി ആയോഗ് റിപോര്‍ട്ട് സമര്‍പ്പിച്ചു: വിദേശ വാഴ്‌സിറ്റികള്‍ക്ക് കവാടം തുറക്കുന്നു

Published : 17th April 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിന് അവസരമൊരുക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ വിദേശ സര്‍വകലാശാലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവില്‍ വന്ന നീതി ആയോഗിന്റെ ശുപാര്‍ശ. ഇതുസംബന്ധിച്ച റിപോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനും മാനവ വിഭവശേഷി മന്ത്രാലയത്തിനും സമര്‍പ്പിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു നടപടി.
വിദേശ സര്‍വകലാശാലകളെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ മല്‍സരം ശക്തിപ്പെടുമെന്നും ഇതുവഴി ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുമെന്നുമാണ് നീതി ആയോഗിന്റെ അവകാശവാദം. നേരിട്ടുള്ള വിദേശനിക്ഷേപവും സാധ്യമാവും. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ചെലവ് ഇതുവഴി ലാഭിക്കാം. പുതിയ സ്ഥാപനങ്ങള്‍ക്കു വേണ്ട സ്ഥലം, കെട്ടിടം എന്നിവയും പ്രധാനപ്പെട്ട വിഷയമാണ്.
കൂടാതെ, മികച്ച മനുഷ്യവിഭവശേഷിയും നൂതനമായ പാഠ്യരീതികളും രാജ്യത്തെത്തും. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യവാരം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ്, മാനവ വിഭവശേഷി, ധനമന്ത്രാലയം, യുജിസി എന്നിവയുടെ സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ നീതി ആയോഗിനെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് സപ്തംബറില്‍ കരട് ബില്ല് പ്രധാനമന്ത്രിക്ക് കൈമാറി. ഏകജാലകസംവിധാനം വഴി വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്നാണ് കരട് ബില്ലിലെ ശുപാര്‍ശ.
അക്കാദമിക്, മാനേജ്‌മെന്റ് തലങ്ങളില്‍ സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. യുജിസി അംഗീകാരം, പരീക്ഷയും പരിശീലനവും ഇവിടെ തന്നെ നടത്താം തുടങ്ങിയ നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്.
പദ്ധതി നിയമവിധേയമാക്കാന്‍ മൂന്നു മാര്‍ഗങ്ങളാണ് നീതി ആയോഗ് നിര്‍ദേശിക്കുന്നത്. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുക, 1956ലെ യുജിസി ആക്റ്റ്, കല്‍പിത സര്‍വകലാശാലാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഭേദഗതി ചെയ്ത് കല്‍പിത സര്‍വകലാശാലകളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, യുജിസി, എഐസിടിഇ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്ത് ഇന്ത്യന്‍ സ്ഥാപനങ്ങളുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നിവയാണവ.
പുറത്തിറങ്ങാനിരിക്കുന്ന പുതിയ വിദ്യാഭ്യാസനയത്തിലും വിദേശ സര്‍വകലാശാലകളുടെ വിഷയം പരിഗണിക്കുന്നുണ്ട്. ബിജെപി അധികാരത്തിലുള്ള ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ ഇതിനകം പിന്തുണ നല്‍കിയെന്നാണു സൂചന. മുമ്പും വിദേശ സര്‍വകലാശാലകളെ രാജ്യത്ത് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
1995ലായിരുന്നു ആദ്യനീക്കം. അന്ന് ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചെങ്കിലും മുന്നോട്ടുപോയില്ല. 2005-2006 കാലഘട്ടത്തിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്ല് എന്ന പേരില്‍ 2010ല്‍ പിറവിയെടുത്ത ഈ ബില്ല് എന്നാല്‍ ലോക്‌സഭ കടന്നില്ല. ബിജെപി, ഇടതുകക്ഷികള്‍, സമാജ്‌വാദി പാര്‍ട്ടി എന്നിവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2014ല്‍ ബില്ല് ഉപേക്ഷിക്കപ്പെട്ടു.
ഫീസിനത്തിലും മറ്റും വന്‍ തുക ഈടാക്കുമെന്നും ഇത് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാന ആരോപണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ ലോണ്‍, സ്‌കോളര്‍ഷിപ്പ് എന്നിവ ലഭ്യമാക്കാമെന്നാണ് ഇതിന് മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക