|    Oct 21 Sun, 2018 10:28 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നീതി ആയോഗും ഫെഡറല്‍ വ്യവസ്ഥയും

Published : 20th January 2017 | Posted By: fsq

 

അടുത്ത 15 വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി ദര്‍ശനരേഖ തയ്യാറാക്കുന്നതിനു ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാനുള്ള നീതി ആയോഗിന്റെ നീക്കം ശക്തമായ എതിര്‍പ്പ് വിളിച്ചുവരുത്തിയിരിക്കുന്നു. ആസൂത്രണ കമ്മീഷന്റെ സ്ഥാനത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിഷ്‌കാരമായാണ് നീതി (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ) ആയോഗ് രൂപീകൃതമായത്. 12ാം പഞ്ചവല്‍സര പദ്ധതി മാര്‍ച്ച് 31നു സമാപിക്കുന്ന പശ്ചാത്തലത്തില്‍ നീതി ആയോഗ് തയ്യാറാക്കുന്ന രേഖയിലേക്കു പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നതിനായാണ് ജില്ലാ കലക്ടര്‍മാരോട് പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശിച്ചത്. ഓരോ പഞ്ചായത്തിലും വിവിധ മേഖലകളില്‍ പരിഗണന നല്‍കേണ്ട വിഷയങ്ങളില്‍ ഓരോ പൗരന്റെയും അഭിപ്രായങ്ങള്‍ പ്രതിഫലിക്കുന്നതായിരിക്കണം ദര്‍ശനരേഖയെന്ന ആശയം എതിര്‍ക്കപ്പെടേണ്ടതല്ല. എന്നാല്‍, പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണമെന്ന് നീതി ആയോഗ് ജില്ലാ കലക്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കിയ നിര്‍ദേശമാണ് സ്വാഭാവികമായും ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത്. ഫെഡറല്‍ സംവിധാനത്തിനു നിരക്കാത്ത നീക്കമാണ് നീതി ആയോഗ് നടത്തിയതെന്ന വിമര്‍ശനത്തില്‍ കാമ്പുണ്ട്. ഒരു തിങ്ക്ടാങ്കിന്റെ പദവി മാത്രമുള്ള കേന്ദ്ര ഏജന്‍സിയുടെ അധികാരത്തില്‍ പെട്ടതല്ല ഇത്തരം നടപടികള്‍. നിര്‍ദേശത്തോട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈയടക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത് ഇതാദ്യമല്ലെന്നും നീതീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കുന്നതാണ് നീതി ആയോഗിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലും നിയന്ത്രണത്തിലും ഉള്‍പ്പെടുന്നവയാണ്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രം അത്തരം ശ്രമങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. മാത്രമല്ല, ഗ്രാമസഭകളും ദര്‍ശനരേഖയും സംബന്ധമായി കാര്യമായ വിവരമൊന്നും സംസ്ഥാന സര്‍ക്കാരിനു നേരത്തേ ലഭിച്ചിട്ടില്ലെന്നാണ് തെളിയുന്നത്. സ്വന്തമായ പഞ്ചവല്‍സര പദ്ധതിയും ജനകീയാസൂത്രണ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നീതി ആയോഗ് തങ്ങളുടെ ആവശ്യം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിക്കുകയും, അദ്ദേഹം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നതിനു ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കുകയുമായിരുന്നു ശരിയായ നടപടിക്രമം. കേന്ദ്രസര്‍ക്കാരിനും നീതി ആയോഗിലെ ഉന്നതര്‍ക്കും ഇത് അറിയാതിരിക്കാന്‍ വഴിയില്ല. ആ നിലയ്ക്ക് നേരിട്ടുള്ള ഇടപെടല്‍ ബോധപൂര്‍വമാണെന്നുതന്നെ കരുതേണ്ടിവരുന്നു. അതിനു പിന്നിലുള്ള ഉദ്ദേശ്യങ്ങളും വ്യക്തം. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു പോറലേല്‍പിക്കുന്ന ഇത്തരം നടപടികളില്‍ നിന്നു വിട്ടുനില്‍ക്കാനും വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss