|    Jun 23 Sat, 2018 11:33 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നീതിയിലെ അനീതികള്‍

Published : 8th May 2017 | Posted By: fsq

 

പ്രമാദമായ രണ്ടു കേസുകളില്‍ ഈയിടെയുണ്ടായ വ്യത്യസ്തമായ രണ്ടു കോടതിവിധികള്‍ രാജ്യത്തെ നിയമവൃത്തങ്ങളിലും രാഷ്ട്രീയവേദികളിലും സജീവ ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചിരിക്കുകയാണ്. ഈ വിധികള്‍ നമ്മുടെ നീതിന്യായവ്യവസ്ഥയെ കുറിച്ച് ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉണര്‍ത്തുന്നുവെന്നതിനാലാണ് ഈ കോടതിവിധികള്‍ രാജ്യത്ത് ചര്‍ച്ചയാവുന്നത്.2002ലെ ഗുജറാത്ത് വംശഹത്യക്കിടയില്‍ ഹിന്ദുത്വ കലാപകാരികള്‍ മൃഗീയമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ബില്‍ക്കീസ് ബാനുവിന്റെ കേസില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് ഇതില്‍ ആദ്യത്തേത്. ഈ കേസില്‍ മുംബൈ പ്രത്യേക കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 11 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച ബോംബെ ഹൈക്കോടതി പ്രതികളില്‍ ഏഴുപേരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ നടപടി റദ്ദാക്കുകയും ചെയ്തു. എന്നാല്‍, കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും മുഖ്യ പങ്കു വഹിച്ച പ്രതികളില്‍ മൂന്നുപേര്‍ക്ക്് വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയുണ്ടായില്ല. മൂന്നു വയസ്സായ സ്വന്തം മകള്‍ അടക്കം കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല ചെയ്യുകയും അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്ന സിബിഐയുടെ വാദം കോടതി തള്ളിക്കളയുകയാണു ചെയ്തത്.അതേസമയം, ഡല്‍ഹിയിലെ പ്രമാദമായ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും  കീഴ്‌ക്കോടതി പ്രഖ്യാപിച്ച വധശിക്ഷ കഴിഞ്ഞ ദിവസം നടത്തിയ സുപ്രധാന വിധിയിലൂടെ സുപ്രിംകോടതി ശരിവയ്ക്കുകയുണ്ടായി. കുറ്റവാളികള്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുക എന്നത് രാജ്യത്ത് സമാധാനപൂര്‍ണവും സുരക്ഷിതവുമായ സാമൂഹികജീവിതം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. അതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നത് രാജ്യത്തിന്റെ പൊതുതാല്‍പര്യമാണ്. ആ താല്‍പര്യത്തിന്റെ പേരിലാണ് മേല്‍പ്പറഞ്ഞ രണ്ടു കോടതി വിധികളും രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നത്. അതോടൊപ്പം ഈ രണ്ടു കോടതിവിധികളിലും പ്രകടമായി കാണുന്ന ചില രുചികേടുകള്‍ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെക്കുറിച്ച നിറഞ്ഞ പ്രതീക്ഷകള്‍ക്കിടയിലെ ശ്രുതിഭംഗമായി അനുഭവപ്പെടുകയാണ്.നിസ്സഹായയായ ഒരു പെണ്‍കുട്ടിക്ക് സ്വന്തം ജീവിതത്തില്‍ വന്നുഭവിക്കാവുന്ന ദുര്‍വിധികളുടെ പരമാവധിയാണ് ബില്‍ക്കീസ് ബാനു അവളുടെ 19ാം വയസ്സില്‍ അനുഭവിച്ചത്. മനുഷ്യരെന്ന നിലയ്ക്കുള്ള നമ്മുടെ പ്രകൃതിദത്തമായ നീതിബോധത്തെ ഈ കോടതിവിധികളില്‍ പ്രകടമാവുന്ന വൈരുധ്യങ്ങള്‍ അസ്വസ്ഥമാക്കുകയാണ്. മനുഷ്യരുടെ വേദനകള്‍ക്ക്് അതിര്‍വരമ്പുകള്‍ ഇല്ലെന്നു രാജ്യത്തെ പൗരന്മാരെ  ബോധ്യപ്പെടുത്താനാവുമ്പോഴാണ് ഒരു നീതിവ്യവസ്ഥ നിസ്സഹായരായ മനുഷ്യര്‍ക്ക് പ്രതീക്ഷയായി മാറുന്നത്. ആ പ്രതീക്ഷകള്‍ക്കുമേല്‍ ഇരുള്‍പരന്നാല്‍ ഇരുളിലകപ്പെടുന്നത് രാജ്യം മുഴുവനുമായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss