|    Jun 22 Fri, 2018 4:54 pm
FLASH NEWS

നീതിപീഠം കനിഞ്ഞു; ശ്രീകുമാര്‍ വീട്ടിലേക്കു മടങ്ങി

Published : 25th November 2016 | Posted By: SMR

കോവളം: ദുരിതജീവിതത്തിനു നീതിന്യായപീഠത്തിന്റെ കാരുണ്യത്താല്‍ അറുതി വന്ന സന്തോഷത്തില്‍ ഗുജറാത്തി ടഗ്ഗിലെ മലയാളി എന്‍ജിനീയര്‍ വീട്ടിലേക്കു മടങ്ങി. രണ്ടു മാസത്തെ ജോലിക്കായി കപ്പലില്‍ കയറിയ മലയാളിക്കാണു ടഗ്ഗിന്റെ ഉടമസ്ഥരായ കമ്പനിയുടെ നിഷേധാത്മക സമീപനത്തെ തുടര്‍ന്നു വീട്ടിലേക്കു മടങ്ങാന്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പു വേണ്ടിവന്നത്. മാലദ്വീപില്‍ ചരക്കിറക്കിയ ശേഷം മുംൈബയിലേക്ക് മടങ്ങുമ്പോളാണ് ടഗ്ഗ് യന്ത്രത്തകരാറിനെ തുടര്‍ന്നു വിഴിഞ്ഞത്തു നങ്കൂരമിട്ടത്. നാട്ടുകാരനായിട്ടും വിദേശത്ത് ചരക്കിറക്കി വന്ന കപ്പലിലെ ജീവനക്കാരന്‍ എന്ന സാങ്കേതികത്വവും കൊച്ചി എടപ്പള്ളി സ്വദേശിയായ എന്‍ജിനീയര്‍ ശ്രീകുമാറിനു നാട്ടിലിറങ്ങാനുള്ള അനുതി ലഭിക്കാന്‍ തടസ്സമായി. ഉടമസ്ഥര്‍ കൂടി കപ്പലുപേക്ഷിച്ചതോടെ നടപടിക്രമങ്ങള്‍ സങ്കീര്‍ണമായതു തടസ്സമായി. തുടര്‍ന്നാണു മജിസ്‌ട്രേറ്റ് കോടതിയെയും പിന്നീട് ഹൈക്കോടതിെയയും സമീപിച്ച് അനുകൂല വിധി സമ്പാദിച്ച് മടക്കം ഉറപ്പാക്കിയത്. കഴിഞ്ഞദിവസം പോര്‍ട്ടിന്റയും എമിഗ്രേഷന്റെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ശ്രീകുമാര്‍ ഭാര്യയും നാലും അഞ്ചും വയസ്സുള്ള മക്കളും അടങ്ങുന്ന തന്റെ കുടുംബത്തിലേക്കു വെറുംകൈയോടെയാണ് മടങ്ങിയത്. തടവിനു സമാനമായ ദുരിതം അവസാനിച്ചതിന്റെയും സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെട്ടത്തിന്റെയും സന്തോഷത്തിലാണ് എന്‍ജിനീയറുടെ മടക്കം. തുറമുഖ വകുപ്പിലെ എന്‍ജിന്‍ ഡ്രൈവറായിട്ടാണ് നിയമനമെന്നും വീട്ടിലെത്തി ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിച്ചശേഷം ഉടന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു. ടഗ്ഗില്‍ ഉണ്ടായിരുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതജീവിതം താങ്ങാനാവാതെ ദിവസങ്ങള്‍ക്കു മുമ്പ് ആരും അറിയാതെ രഹസ്യമായി സ്ഥലം വിട്ടിരുന്നു. ഇതോടെ അധികൃതര്‍ക്കു വിനയായി മാറിയ ഗുജറാത്തി ടഗ്ഗായ ബ്രഹ്മാക്ഷര തീര്‍ത്തും അനാഥമായ അവസ്ഥയിലാണ്. വിഴിഞ്ഞം തുറമുഖത്തിലെ പുതിയ വാര്‍ഫിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്‍ ടഗ്ഗ് കഴിഞ്ഞവര്‍ഷം നവംബര്‍ 28നാണ് സഹായം അഭ്യര്‍ഥിച്ച് വിഴിഞ്ഞത്ത് എത്തിയത്. ബോംബയിലെ അഫബിള്‍ ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ടഗ്ഗ്. തകരാറിനെ തുടര്‍ന്ന് മറ്റു ജോലികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ടഗ്ഗ് ലേലം ചെയ്യാനുള്ള കോടതിവിധി സമ്പാദിക്കാനുള്ള നടപടികള്‍ പോര്‍ട്ട് ആരംഭിച്ചിട്ടുണ്ട്. ശക്തമായ കടലടിയില്‍ പെട്ട് വാര്‍ഫിനു സംഭവിച്ച കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരവും പോര്‍ട്ടിന്റെ വാടകയും ശ്രീകുമാറടക്കമുള്ള തൊഴിലാളികള്‍ക്കു കിട്ടാനുള്ള ശമ്പളവും ടഗ്ഗ് ലേലം ചെയ്യുന്നതിലൂടെ ഈടാക്കാനാവും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss