|    Dec 16 Sun, 2018 5:37 am
FLASH NEWS
Home   >  Editpage  >  Editorial  >  

നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷത വീണ്ടെടുക്കണം

Published : 27th April 2018 | Posted By: kasim kzm

രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിലും ഭരണഘടനയിലും പ്രതീക്ഷ പുലര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം അസ്വസ്ഥജനകമായ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൗരന്‍മാരുടെ വിഹ്വലതകളെ ഭരണകൂടം അവഗണിക്കുമ്പോള്‍, നീതിന്യായസംവിധാനമാണ് ഈ ദുരവസ്ഥയെ മറികടക്കാന്‍ രാഷ്ട്രത്തെ പല ഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളത്.
എന്നാല്‍, ജനാധിപത്യത്തിന്റെ അടിത്തറയായി വര്‍ത്തിച്ച നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സുതാര്യതയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടുന്ന നിരവധി സംഭവങ്ങള്‍ക്ക് സമീപകാലത്തായി രാജ്യം സാക്ഷ്യംവഹിക്കുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ആരോപണമുന്നയിച്ച് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയ സംഭവം രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. അന്നു ന്യായാധിപന്‍മാര്‍ ഉന്നയിച്ച ആരോപണങ്ങളെ ബലപ്പെടുത്തുന്ന സംഭവപരമ്പരകളാണ് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായത്. ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഫലപ്രദമോ ആത്മാര്‍ഥമോ ആയിരുന്നില്ലെന്നാണ് കാര്യങ്ങളുടെ പരിണതി നമുക്ക് വ്യക്തമാക്കിത്തരുന്നത്.
ബിജെപി അധ്യക്ഷനായ അമിത് ഷാ പ്രതിയായ കേസ് വിചാരണ നടത്തിയ ജഡ്ജി ലോയയുടെ ദുരൂഹമരണം സംബന്ധിച്ച ഹരജി സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് താരതമ്യേന ജൂനിയറായ ജഡ്ജിയുടെ ബെഞ്ചിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു മുതിര്‍ന്ന ന്യായാധിപന്‍മാര്‍ രംഗത്തുവന്നത്. ഇക്കാര്യത്തില്‍ പരമാധികാരി താന്‍ തന്നെയെന്ന് തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് പ്രസ്തുത ഹരജി തന്നെ ചീഫ് ജസ്റ്റിസ് തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസിന് ഉപരാഷ്ട്രപതി അനുമതി നിഷേധിച്ചത് പുതിയ വിവാദത്തിനു തിരികൊളുത്തി.
ഇതിനെല്ലാം പുറമെയാണ് കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയില്‍ നടത്തുന്ന ഇടപെടലുകള്‍. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒപ്പം പേര് നിര്‍ദേശിക്കപ്പെട്ട ഇന്ദു മല്‍ഹോത്രയുടെ നിയമനം നടത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജസ്റ്റിസ് ജോസഫ് റദ്ദുചെയ്തതാണ് കേന്ദ്രത്തിന്റെ അപ്രീതിക്ക് കാരണമായതെന്നു പറയപ്പെടുന്നു. ജഡ്ജി നിയമനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനു വേണ്ടി നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കാനുള്ള നിയമനിര്‍മാണത്തിന് തടയിട്ടത് സുപ്രിംകോടതിയാണ്. ജുഡീഷ്യറിയില്‍ രാഷ്ട്രീയ ഇടപെടലിന് കളമൊരുക്കുമെന്നാണ് നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷനെ എതിര്‍ത്തവരുടെ നിലപാട്. എന്നാല്‍, ഇപ്പോള്‍ പ്രകടമായി ജുഡീഷ്യറിയില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ഉദാഹരണങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും വീണ്ടെടുക്കേണ്ടത് നീതിന്യായ സംവിധാനത്തെക്കുറിച്ചുള്ള പൗരന്‍മാരുടെ പ്രതീക്ഷ അരക്കിട്ടുറപ്പിക്കാന്‍ അനിവാര്യമാണ്. ആ നിലയ്ക്കുള്ള നീക്കങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടതും ജുഡീഷ്യറി തന്നെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss