|    Feb 26 Sun, 2017 11:40 am
FLASH NEWS

നീതിന്യായ സംവിധാനം തകരാന്‍ അനുവദിക്കരുത്

Published : 31st October 2016 | Posted By: SMR

ഉന്നത നീതിപീഠങ്ങളില്‍ വരുന്ന ഒഴിവുകള്‍ നികത്തുന്നതില്‍ കേന്ദ്ര ഭരണകൂടം കാണിക്കുന്ന അനാസ്ഥ പരാമര്‍ശിച്ചുകൊണ്ട് കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍നിന്നുണ്ടായ രൂക്ഷമായ പ്രതികരണങ്ങള്‍ രാജ്യത്ത് നിയമവ്യവസ്ഥ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. നീതിന്യായസംവിധാനം തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് തുടങ്ങിയ കടുത്ത പരാമര്‍ശങ്ങളാണ് പരമോന്നത കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നീതിന്യായസംവിധാനങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥയിലേക്ക് വെളിച്ചംവീശുന്നതാണ് ഈ അഭിപ്രായപ്രകടനങ്ങള്‍.
ജനാധിപത്യ ഭരണഘടന വിഭാവന ചെയ്യുന്ന രീതിയിലുള്ള കുറ്റമറ്റ ഒരു നീതിന്യായസംവിധാനം രാജ്യത്തു നിലനില്‍ക്കണമെന്ന് ഉള്ളില്‍ തട്ടി ആഗ്രഹിക്കുന്ന ഒരു വിഭാഗമല്ല ഇപ്പോള്‍ കേന്ദ്രഭരണം നിയന്ത്രിക്കുന്നത് എന്നതിനാല്‍ സുപ്രിംകോടതിയുടെ ഈ വിമര്‍ശനം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്. പൗരന്മാരെ മുഴുവന്‍ ഒരേ കണ്ണുകൊണ്ട് കാണാനും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഒരേ മാനദണ്ഡമനുസരിച്ചു സമീപിക്കാനും കഴിയുന്നവരല്ല ഭരണത്തില്‍ എന്നതിനാല്‍ മിക്കപ്പോഴും ഇരകളാക്കപ്പെടുന്നവരുടെ അവസാന പ്രതീക്ഷയാണ് രാജ്യത്തെ നിയമസംവിധാനങ്ങള്‍. അതുകൊണ്ടുതന്നെ നീതിന്യായരംഗത്തുണ്ടാവുന്ന ഏതൊരു പ്രതിസന്ധിയും ഈ വിഭാഗങ്ങളെ കൂടുതല്‍ ഉല്‍ക്കണ്ഠാകുലരാക്കും.
അതേസമയം, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന തര്‍ക്കവിതര്‍ക്കങ്ങളെ ജനാധിപത്യമൂല്യങ്ങളോട് ചേര്‍ത്തുവച്ചു പരിശോധിക്കാനും നാം തയ്യാറാവേണ്ടതുണ്ട്. ഭരണഘടനയില്‍ കാണാത്ത കൊളീജിയം സമ്പ്രദായം ഹൈക്കോടതി-സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ അവലംബിക്കാവുന്ന കറകളഞ്ഞ രീതിയല്ലെന്ന വിമര്‍ശനങ്ങള്‍ നേരത്തേ ഉയര്‍ന്നുവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സുപ്രിംകോടതി തന്നെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം കൈവശപ്പെടുത്തുകയായിരുന്നു എന്നോര്‍ക്കണം. ഒട്ടും സുതാര്യതയില്ലാത്ത ഒരു സംവിധാനമാണ് അതെന്ന് റിട്ടയര്‍ ചെയ്ത ന്യായാധിപന്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് നാഷനല്‍ ജുഡീഷ്യല്‍ അപോയിന്റ്‌മെന്റ് കമ്മീഷന്റെ രൂപീകരണമുണ്ടായത്. ഘടനാപരമായി അപോയിന്റ്‌മെന്റ് കമ്മീഷന്‍ കൂടുതല്‍ സുതാര്യവും ഭരണഘടനയുടെ ജനാധിപത്യഭാവത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു. എന്നാല്‍ കൊളീജിയം രീതിയേക്കാള്‍ കുറ്റമറ്റ ഒരു നിയമനരീതി നടപ്പാക്കാന്‍ ഉപകരിക്കുമെന്ന പൊതുനിഗമനത്തെ പരിഗണിക്കാതെയാണ് 2015ല്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പിരിച്ചുവിട്ട് പഴയ കൊളീജിയം സമ്പ്രദായം പുനസ്ഥാപിച്ചത്. ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനുമിടയില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കമാണ് ഇപ്പോള്‍ നിയമനങ്ങള്‍ നടത്തുന്നതിനു തടസ്സമായത്. ഈ യാഥാര്‍ഥ്യം കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള അടിയന്തര പരിഹാരത്തിനാണ് ശ്രമങ്ങള്‍ ഉണ്ടാവേണ്ടത്. അതിനു മുന്‍കൈയെടുക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രിംകോടതി തന്നെയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day