|    Nov 19 Mon, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ സംഘപരിവാര കടന്നുകയറ്റം തടയണം: പോപുലര്‍ ഫ്രണ്ട്

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന സംഘപരിവാരത്തെ തടയാന്‍ സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുടെ ഭാവി പരിഗണിക്കാതെ രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോവുമെന്നാണ് ബിജെപി, ആര്‍എസ്എസ്, അനുബന്ധ സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇത് സുപ്രിംകോടതിയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ്. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഒരു തര്‍ക്കവിഷയത്തെ, തിരഞ്ഞെടുപ്പു വിജയം ലക്ഷ്യം വച്ച് രാജ്യവ്യാപകമായി വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നത് പരമോന്നത നീതിപീഠം ഗൗരവമായി കാണണം. ഇത്തരം രാജ്യവിരുദ്ധ-ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘപരിവാര നേതാക്കള്‍ക്കെതിരേ സുപ്രിംകോടതി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം അടിസ്ഥാനപരമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ്. വസ്തുതകളുടെയും രേഖകളുടെയും പിന്‍ബലമില്ലാതെ ഇക്കാര്യത്തില്‍ പരിഹാരം കാണാനുള്ള ഏതു നീക്കവും നീതിനിഷേധത്തിലേക്ക് നയിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
നിയമം കൈയിലെടുക്കുന്നതില്‍ നിന്ന് സംഘപരിവാരത്തെ തടയുന്നതില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതാണ് സ്ഥിതിഗതികള്‍ വഷളാക്കിയതും അവസാനം 1992 ഡിസംബര്‍ 6ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയതും. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ നൂറുകണക്കിന് നിരപരാധികളായ മുസ്‌ലിംകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ അവഹേളനമാണ്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവിനെ വിമര്‍ശിച്ച ബിജെപി പ്രസിഡന്റ് അമിത്ഷാ, നടപ്പാക്കാനാവാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നു പറഞ്ഞ് കോടതികളെ ഭീഷണിപ്പെടുത്തുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ ആചാരങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന കോടതിവിധികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ആര്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് ശ്രദ്ധേയമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഹാഷിംപുര കൂട്ടക്കൊലക്കേസില്‍ 31 വര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശിലെ പിഎസി ഉദ്യോഗസ്ഥരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒ എം എ സലാം, ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, ഇ എം അബ്ദുര്‍റഹ്മാന്‍, കെ എം ശരീഫ്, അബ്ദുല്‍ വാഹിദ് സേട്ട് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss