|    Sep 20 Thu, 2018 7:54 am
FLASH NEWS
Home   >  Editpage  >  Article  >  

നീതിനിഷേധത്തിനെതിരേ അവള്‍ക്കൊപ്പം

Published : 8th October 2017 | Posted By: fsq

അംബിക

നടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ 85 ദിവസം ജയിലില്‍ കിടന്ന നെറികേടുകളുടെ മുടിചൂടാമന്നന് ആരാധകരും ആശ്രിതരും (ഇതില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ എവിടെ വരും എന്നറിയില്ല) നല്‍കിയ സ്വീകരണവും ആഘോഷവും പെണ്ണെന്ന നിലയില്‍ ഒട്ടൊന്നുമല്ല അസ്വസ്ഥയാക്കിയത്. നടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ ആഘോഷങ്ങള്‍ മലയാളിക്കുണ്ടാക്കിയ മാനക്കേട് എന്തായാലും ചെറുതല്ല. മുമ്പൊക്കെ താരാരാധനയുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ആത്മഹത്യകളെ വളരെ മോശം കാര്യമായി ചിത്രീകരിക്കുകയും അവരെ മണ്ടന്‍മാര്‍ എന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്ന മലയാളി ഇന്ന് എവിടെ എത്തിയെന്ന് ആലോചിക്കുന്നതു നന്ന്. ദിലീപിന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തുന്നിടം വരെ തരംതാണു താരാരാധന. മലയാള സിനിമാലോകം എത്തിപ്പെട്ട മാഫിയാവല്‍ക്കരണത്തെക്കുറിച്ച് ഇതേ കോളത്തില്‍ തന്നെ മുമ്പു പരാമര്‍ശിച്ചിട്ടുണ്ട്. ദിലീപിന് കിട്ടിയത് ജാമ്യം മാത്രമാണെന്നു തോന്നുന്ന കാര്യങ്ങളല്ല കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അയാള്‍ അഗ്നിശുദ്ധി വരുത്തി പുറത്തുവന്നവനെന്ന രീതിയിലുള്ള ആഘോഷമാണ് എങ്ങും നടന്നത്. ഇനിയും കുറ്റപത്രം നല്‍കാനായില്ല എന്നതിന്റെ പേരില്‍ മാത്രം പുറത്തുവന്നയാളാണ് ദിലീപ്. ഇതേക്കുറിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ”ബലാല്‍സംഗക്കുറ്റത്തിന് രണ്ടു മാസത്തിലധികം ജയിലില്‍ കിടന്ന ഒരാള്‍ക്ക് ജാമ്യം കിട്ടിയപ്പോഴുള്ള സ്വീകരണവും വ്യാഖ്യാനവും വേദനാജനകവും ജനാധിപത്യത്തോട് പുച്ഛംതോന്നിക്കുന്നതുമാണ്… ഇത്രയും കാലം ജാമ്യം നിഷേധിച്ചത് കേസിന്റെ ആഴവും വ്യാപ്തിയും കൊണ്ടുതന്നെയാണെന്നു തീര്‍ച്ച”. ഈ തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടല്ല പലരും അവനൊപ്പം എന്നു പറയുന്നത്. സ്ഥാനമാനങ്ങള്‍ക്കും സാമ്പത്തിക ലാഭത്തിനും വേണ്ടിതന്നെയാണ്. അതിന്റെ ഭാഗമായി നഷ്ടമാവുന്ന മാനാഭിമാനങ്ങള്‍ക്ക് അത്രയേ വിലയുള്ളൂ എന്നാണോ ഇവരൊക്കെ ധരിക്കുന്നത് എന്നറിയില്ല. തിയേറ്റര്‍ ഉടമകളുടെ സംഘടനാനേതൃത്വത്തിലേക്കും അമ്മയിലേക്കും ഉള്ള തിരിച്ചുവരവിനു ജയില്‍മോചനത്തിനുശേഷം കേവലം മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത് മലയാള സിനിമാലോകം എത്രമാത്രം ദിലീപിന്റെ കാല്‍ച്ചുവട്ടിലാണ് എന്ന വസ്തുതയാണ്. മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ അവസാന നാളുകളിലെ ദുഃഖം ഖനീഭവിച്ച മുഖം ഓര്‍ക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇത്തരം താരരാജാക്കന്‍മാര്‍ക്കും സംഘടനകള്‍ക്കും മാപ്പുകൊടുക്കാനാവുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ കേസ് മലയാള സിനിമയുടെ വഴിത്തിരിവാകും എന്ന തോന്നലുണ്ടായിരുന്നു. ഇന്നതിന് നേരിയ മങ്ങലേറ്റിരിക്കുന്നു. സ്വാധീനിക്കപ്പെടാം നീതിയും നിയമവും ഭരണകൂടവുമെല്ലാം. ജനാധിപത്യത്തിന്റെ പരിമിതികള്‍ എവിടെയും എപ്പോഴും കടന്നുവരാം. പതിവുപോലെ സൂര്യനെല്ലി മുതല്‍ എണ്ണിയാലൊടുങ്ങാത്ത സ്ത്രീപീഡനക്കേസുകളുടെ വിധിതന്നെ ഇതിനും വന്നുചേര്‍ന്നേക്കാം. ഇരകളോടൊപ്പം നില്‍ക്കാന്‍ എപ്പോഴുമുണ്ടാവുന്നത് അധികാരവും പണവും ഇല്ലാത്തവരാണ്. പ്രത്യേകിച്ചും ഈ ആണധികാര, സവര്‍ണ വ്യവസ്ഥയില്‍ പെണ്ണിന്റെ മാനവും അവകാശങ്ങളും നേടിയെടുക്കുക എന്നതു വളരെ ക്ലേശകരമാണ്.അതുകൊണ്ടാണ് ഹാദിയ എന്ന 24 വയസ്സുള്ള ഹോമിയോ ഡോക്ടര്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവരുന്നത്. ഹൈക്കോടതി നടപടിയെ പിന്തുണയ്ക്കുന്നവരുടെ (ഒളിഞ്ഞും തെളിഞ്ഞും സംഘിമനസ്സുള്ളവര്‍) വേവലാതി മുഴുവന്‍ ‘അഖില’യുടെ പിതാവ് അശോകനെക്കുറിച്ചാണ്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി രൂപീകരിച്ച വനിതാ കമ്മീഷന് ഹാദിയയെ സന്ദര്‍ശിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പോലിസിന്റെ അനുമതി വാങ്ങണമെന്നു പറയുന്നതിലെ യുക്തി മനസ്സിലാക്കാനാവുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രാഹുല്‍ ഈശ്വറിനും ഹാദിയയുടെ വീട്ടില്‍ പോവുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമുണ്ടായില്ല എന്നതും നാം കണ്ടു. ഹാദിയ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടത് നാലു കാര്യങ്ങളാണ്. 1. ഭരണഘടന അനുസരിച്ച് മതവിശ്വാസസ്വാതന്ത്ര്യം എനിക്ക് നിഷേധിക്കരുത്. 2. നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന എന്റെ അച്ഛനില്‍ നിന്ന് എനിക്ക് സംരക്ഷണം വേണം. 3. അച്ഛനെ ഉപയോഗപ്പെടുത്തി ഹിന്ദു തീവ്രവാദികള്‍ എന്നെ കൊന്നുകളയും. എന്നെ ജീവിക്കാന്‍ അനുവദിക്കണം. 4. പോലിസിന്റെ പക്ഷപാതപരമായ ഇടപെടലിനെ ഞാന്‍ ഭയപ്പെടുന്നു. പോലിസിന്റെ പീഡനത്തില്‍ നിന്നും അപമാനിക്കലില്‍ നിന്നും എനിക്ക് സുരക്ഷ വേണം. ഇന്ത്യയിലെ ഒരു ശരാശരി പൗരയുടെ മൗലികാവകാശങ്ങള്‍ മാത്രമാണ് ഹാദിയ ആവശ്യപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss