|    Aug 18 Fri, 2017 6:05 pm
FLASH NEWS

നീണ്ട ശ്രമത്തിനൊടുവില്‍ കാട്ടാനകള്‍ കാടുകയറി

Published : 12th August 2017 | Posted By: fsq

 

പാലക്കാട്: എട്ട് ദിവസമായി പാലക്കാട് ജില്ലയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയ മൂന്നംഗ കാട്ടാന സംഘം ഇന്നലെ രാത്രിയോടെ കാടുകയറി. കാട്ടിലേക്ക് കയറ്റാനുള്ള നീണ്ട ശ്രമത്തിനൊടുവിലാണ് രാത്രി എട്ടോടെ കല്ലടികോടന്‍ മലനിരകളിലൂടെ കാടുകയറിയത്.വ്യാഴാഴ്ച രാത്രിയോടെയാണ് ആനകള്‍ തിരികെ കാട്ടിലേക്ക് പോവാന്‍ ശ്രമം തുടങ്ങിയത്. മങ്കരയ്ക്ക് സമീപം ഭാരതപ്പുഴയില്‍ നിന്ന് കയറിയ ആനകള്‍ കാടിറങ്ങി മുണ്ടൂരിലേക്കാണ് ആദ്യം എത്തിയത്. അതോടെ ദൗത്യസംഘം പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. മുണ്ടൂര്‍ ജങ്ഷനില്‍ ഇന്നലെ രാവിലെ മുതല്‍ ഗതാഗതം തടഞ്ഞത് വന്‍ ഗതാഗതക്കുരുക്കുണ്ടാക്കി. ഇതിനിടെ മുണ്ടൂര്‍ വഴി കല്ലടിക്കോട് വനത്തിലേക്ക് കയറിയ കാട്ടാനകള്‍ തിരിച്ചിറങ്ങിയത് വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇടയ്ക്ക് എത്തിയ മഴ ദൗത്യത്തിന് തടസ്സമായി. കാട്ടാനകള്‍ തിരിച്ച് വീണ്ടും മുണ്ടൂരിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഉച്ചയോടെ ദൗത്യം നിര്‍ത്തിവച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ആലോചനാ യോഗം ചേര്‍ന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും ശ്രമം തുടര്‍ന്നു. കയറാംകോട് മേഖലയില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ തമ്പടിച്ച ആനകള്‍ രാത്രിയോടെ കാടു കയറുമെന്ന പ്രതീക്ഷയിലായിരുന്നു ദൗത്യ സംഘം. നാലു കുങ്കിയാനകളെ കൊണ്ടുവന്നിരുന്നെങ്കിലും പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയും പാട്ട കൊട്ടിയുമാണ് ആനകളെ കാടുകയറ്റിയത്. വൈകീട്ട് നാലരയോടെ ആനകളില്‍ ഒന്ന് കൂട്ടംതെറ്റിയത് വീണ്ടും പ്രതിസന്ധിയുണ്ടാക്കി. കല്ലടിക്കോട് വനമേഖലയിലേക്ക് തുരത്തിയ ആനകളെ 10 കിലോമീറ്ററോളം ഉള്ളിലേക്ക് കയറ്റിയ ശേഷമേ ദൗത്യം അവസാനിപ്പിക്കുകയുള്ളൂ എന്ന് ഡിഎഫ്ഒ പറഞ്ഞു. വീണ്ടും നാട്ടിലേക്ക് ഇറങ്ങാനുള്ള ശ്രമം തടയുന്നതിനാണ് ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നത്. സിസിഎഫ് എംകെ ചന്ദ്രശേഖര്‍,ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.അരുണ്‍ സക്കറിയ, ഒലവക്കോട് ഡിഎഫ്ഒ, ജില്ലാ പോലിസ് മേധാവി പ്രദീഷ് കുമാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനം,  പോലിസ് സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. റവന്യൂ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക