|    Nov 19 Mon, 2018 2:16 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിസ്സഹായരായി അസമിലെ ‘ബംഗ്ലാദേശി വിദേശികള്‍’

Published : 28th August 2018 | Posted By: kasim kzm

ദിസ്പൂര്‍: ഒരു തിങ്കളാഴ്ച പ്രഭാതം. അസമിലെ കൊക്രാജര്‍ ജില്ലാ ജയില്‍. കടലാസ് തരാനൊന്നും പറ്റില്ല- ജയിലര്‍ ഉച്ചത്തില്‍ ആക്രോശിച്ചു. മറുഭാഗത്ത് തടിച്ചുകൂടിയവരില്‍ അമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരും അടുത്തിടെ വിവാഹം കഴിഞ്ഞ സ്ത്രീകളുമെല്ലാമുണ്ട്. എല്ലാവരും നിസ്സഹായര്‍. റഹ്്മാന്‍ എന്നു പേരുള്ള മെലിഞ്ഞുനീണ്ട മനുഷ്യന്‍ പുറത്തേക്കു നടക്കുന്നു. ഇതിനകം 300 കിലോമീറ്റര്‍ യാത്രചെയ്തിട്ടുണ്ട് അയാള്‍! ബസ്സിലും തീവണ്ടിയിലുമെല്ലാം യാത്ര ചെയ്താണ് ഇവിടെ എത്തിയത്. മൂന്ന് വലിയ ബാഗുകളിലായി ഏത്തപ്പഴവും ആപ്പിളും ഉപ്പും സോപ്പ്, എണ്ണ തുടങ്ങി ഒരു സാരി വരെ കരുതിയിട്ടുണ്ട്. പക്ഷേ, കടലാസ് മാത്രമില്ല കൈയില്‍.
മൂന്നരവര്‍ഷത്തിലേറെയായി അയാള്‍ കൊക്രാജര്‍ ജയില്‍ സന്ദര്‍ശിക്കുന്നു. മുമ്പ് ഒരു ഒപ്പിടുകയോ വിരലടയാളം പതിപ്പിക്കുകയോ ചെയ്താല്‍ മതിയായിരുന്നു. എന്നാലിപ്പോള്‍ എന്തിന് ഇവിടെ വന്നുവെന്നു കാണിക്കുന്ന അപേക്ഷ എഴുതിനല്‍കാനാണ് അവര്‍ ആവശ്യപ്പെടുന്നത്- അയാള്‍ പറഞ്ഞു. റഹ്മാന്‍ അക്ഷരാഭ്യാസമുള്ളയാളാണ്. പക്ഷേ, അവിടെ കൂടിയവരില്‍ ഭൂരിപക്ഷവും അങ്ങനെയല്ല. പലരും വിതുമ്പുകയാണ്.
അതിനിടെ 28കാരനായ അലി ചോദിച്ചു- ‘ഡി’യാണോ? ജയിലിനകത്തുള്ള സഹോദരിയെ കണ്ട് വരുകയാണയാള്‍. ‘ഡി’ എന്നാല്‍ അസമില്‍ സംശയിക്കപ്പെടുന്ന വോട്ടര്‍ എന്നാണര്‍ഥം. പൗരത്വം തെളിയിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലുമൊരു ജയിലില്‍ അടയ്ക്കപ്പെടാം.
രണ്ടുമാസം മുമ്പാണ് അലിയുടെ സഹോദരി ഇങ്ങനെ ജയിലിലായത്; റഹ്മാന്റെ ഭാര്യാ മാതാവ് മൂന്നുവര്‍ഷം മുമ്പും. കൊക്രാജര്‍ ജയിലിലെ തടങ്കല്‍പ്പാളയങ്ങള്‍ 2012ലാണ് തയ്യാറാക്കിയത്. 1971നു ശേഷം ബംഗ്ലാദേശില്‍ നിന്ന് അതിക്രമിച്ചു കടന്നവരെന്ന പേരില്‍ എത്രയോ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഇവിടെ പാര്‍പ്പിച്ചിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്ന് അതിനകത്തു കടന്നിട്ടുള്ള ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.
ഈ വര്‍ഷം ജനുവരിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടിയെങ്കിലും ആ തടങ്കല്‍കേന്ദ്രങ്ങളിലെ കടുത്ത ക്രൂരതകള്‍ പറയുന്ന 39 പേജുള്ള റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുത്തിട്ടില്ല.
കൊക്രാജര്‍ ജയിലില്‍ ജയിലറുടെ ഡെസ്‌ക്കിനടുത്തുള്ള ബോര്‍ഡില്‍ എഴുതിവച്ചത് ഇങ്ങനെയാണ്: അന്തേവാസികള്‍- 417, വിദേശികളെന്ന് തെളിഞ്ഞവര്‍- 149, യഥാര്‍ഥ ബംഗ്ലാദേശികള്‍- 9, ബംഗ്ലാദേശി കുട്ടികള്‍- 2. ജയിലര്‍ക്കടുത്തുള്ള കൂടിക്കാഴ്ചാ സ്ഥലത്തിനടുത്ത് തടിച്ചുകൂടിയവര്‍ യാത്ര ചെയ്തു ക്ഷീണിച്ചവരാണ്. എങ്കിലും അക്ഷമരായി കാത്തിരിക്കുകയാണ്, ഉറ്റവരെ ഒരുനോക്കു കാണാന്‍.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10നും വൈകീട്ട് 4നും ഇടയിലാണ് സന്ദര്‍ശകര്‍ക്ക് അന്തേവാസികളെ കാണാനുള്ള സമയം. രണ്ടരമണിക്കൂര്‍ കാത്തിരിപ്പിനു ശേഷം റഹ്മാന് തന്റെ ഭാര്യാമാതാവായ ഖാത്തൂനെ കാണാനായി. 56 വയസ്സുണ്ട് അവര്‍ക്ക്. അയാള്‍ ബാഗ് എടുത്ത് അവര്‍ക്ക് കൊടുത്തപ്പോള്‍ ഏങ്ങിക്കരയുന്ന ആ കണ്ണുകള്‍ വിടര്‍ന്നു. 1966 മുതല്‍ പിതാവ് വോട്ട് ചെയ്തതു കാണിക്കുന്ന വോട്ടര്‍പ്പട്ടികയുടെ രേഖയാണത്.
സ്വാതന്ത്ര്യത്തിലേക്കുള്ള തന്റെ ടിക്കറ്റാണ് അതെന്ന് അവര്‍ കരുതുന്നു. എന്നാല്‍, എന്തിനാണ് ‘വിദേശി ട്രൈബ്യൂണല്‍’ 2015ല്‍ ഖാത്തൂനെയും അവരുടെ ഭര്‍ത്താവ് അയ്യൂബ്, രണ്ടു പെണ്‍മക്കള്‍ എന്നിവരെയും വിദേശികളെന്നു മുദ്രയടിച്ച് തടവിലിടാന്‍ ഉത്തരവിട്ടതെന്ന് അവര്‍ക്കറിയില്ല. ഖാത്തൂനും ഭര്‍ത്താവും ജയിലിലായി. മക്കള്‍ രണ്ടുപേരും പേടിച്ചു കഴിയുകയാണ്.
2003ല്‍ ഖാത്തൂന്റെ മൂത്തമകളെ താന്‍ വിവാഹം ചെയ്യുമ്പോള്‍ അവള്‍ ‘ബംഗ്ലാദേശിയെന്ന് സംശയിക്കപ്പെട്ടവള്‍’ ആയിരുന്നില്ലെന്ന് റഹ്മാന്‍ പറയുന്നു. 2005ല്‍ ആദ്യ നോട്ടീസ് കിട്ടി. 2015ല്‍ മാതാപിതാക്കള്‍ പിടിയിലായതോടെ ജീവിതം മാറിമറിഞ്ഞു.
പിടിക്കപ്പെട്ടവരായതിനാല്‍ തന്റെ ഉപ്പയെയും ഉമ്മയെയും അതിനുശേഷം ഇതുവരെ ഖാത്തൂന്‍ കണ്ടിട്ടില്ല. ഇതാണ് ഒരു ജനതയുടെ അവസ്ഥ. നാളുകള്‍ക്കു ശേഷം ഇന്ത്യക്കാരന്‍/ഇന്ത്യക്കാരി എന്നു തെളിഞ്ഞ് ജയിലിനു പുറത്തെത്തുമ്പോഴേക്കും പലരുടെയും പ്രിയപ്പെട്ടവര്‍ മരിച്ചിട്ടുണ്ടാവും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആറ് തടങ്കല്‍ കേന്ദ്രങ്ങളിലായി 899 അന്തേവാസികളുണ്ട്. അതില്‍ 727 പേര്‍ ബംഗ്ലാദേശികളെന്ന് തെളിഞ്ഞവരാണ്.
റഹ്്മാന്റെ ഭാര്യാ പിതാവ് കഴിയുന്ന തെസ്പൂര്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തടവില്‍ കഴിയുന്നത്- 268 പേര്‍. അയാളുടെ അപ്പുറത്തു നില്‍ക്കുന്നയാളുടെ കൂടെയുള്ള രണ്ടു കുട്ടികളും ഇന്ത്യക്കാരാണ്. ‘ബംഗ്ലാദേശി’യെന്ന് ആരോപിച്ച് തടവിലാക്കപ്പെട്ട ഉമ്മയെ കാണാന്‍ വന്നതാണവര്‍.
പെട്ടെന്ന് അയ്യൂബ് എന്നു പേരുള്ള ഒരാള്‍ അഴികള്‍ക്കപ്പുറത്ത് വന്നു. അയാള്‍ റഹ്മാനോട് വിളിച്ചുപറഞ്ഞു: താങ്കള്‍ ദയവായി എന്റെ സ്‌കൂളിലൊന്നു പോവണം. അവിടെ എന്റെ ക്ലാസ് ടീച്ചറുണ്ടാവും- രൂപ്‌റാം സാര്‍. എന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെയടുത്തു കാണും. ഒരുപക്ഷേ അതാവാം എനിക്കു പുറത്തേക്കുള്ള വഴി തുറക്കുന്ന രേഖ!

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss