|    Dec 17 Mon, 2018 5:52 am
FLASH NEWS
Home   >  Editpage  >  Editorial  >  

നിസ്സംഗതയോ പലായനമോ അല്ല പരിഹാരം

Published : 26th November 2018 | Posted By: kasim kzm

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യുന്നതിന് ഉതകുന്ന പദ്ധതികളൊന്നും കൈവശമില്ലാത്തതിനാല്‍ സംഘപരിവാരം രാമക്ഷേത്രമെന്ന പഴയ തുറുപ്പുചീട്ട് പൊടിതട്ടിയെടുക്കുകയാണ്. ഇന്നലെ വിശ്വഹിന്ദു പരിഷത്ത് അയോധ്യയില്‍ വിളിച്ചുകൂട്ടിയ സന്യാസിമാരുടെ സമ്മേളനം അക്രമാസക്തമായ ഹിന്ദുത്വ മുന്നേറ്റത്തിനു തുടക്കമിടുമെന്ന ആശങ്ക മതേതര വിശ്വാസികളിലും മുസ്‌ലിംകളിലും വ്യാപകമായിട്ടുണ്ട്. തങ്ങളാണ് കൂടുതല്‍ പ്രതിബദ്ധതയുള്ള ഹിന്ദുക്കള്‍ എന്നു തെളിയിക്കാന്‍ ശിവസേനാ നേതാക്കളും പട്ടണത്തില്‍ എത്തിയിട്ടുണ്ട്.
ഫൈസാബാദ് പ്രദേശത്തു നിന്നു മുസ്‌ലിംകള്‍ കൂട്ടമായി പലായനം ചെയ്യുന്നതായാണ് വാര്‍ത്തകള്‍. 92 ഡിസംബര്‍ 4, 5 തിയ്യതികളില്‍ കണ്ടപോലെ ഭയത്തിന്റെ മൂടല്‍മഞ്ഞ് യുപിയിലെ മുസ്‌ലിം ഗല്ലികളില്‍ കനക്കുകയാണ്. യഥാര്‍ഥത്തില്‍ ഹിന്ദുത്വ പരിവാരം ആഗ്രഹിക്കുന്നതു തന്നെയാണത്. അവരെ സംബന്ധിച്ച് രാമക്ഷേത്രമെന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാമബാണമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന സിവില്‍ നിയമങ്ങള്‍ അനുസരിച്ച് മുസ്‌ലിം കൈവശത്തിലുള്ള വഖ്ഫ് ഭൂമിയില്‍, ഇല്ലാത്ത രാമാവതാരത്തിന്റെ പേരില്‍ അമ്പലം പണിയുക സാധ്യമല്ല. അന്യമതസ്ഥരുടെ ദേവാലയങ്ങള്‍ വിശ്വാസത്തിന്റെ പേരും പറഞ്ഞു തകര്‍ക്കാനും ക്ഷേത്രം പണിയാനും സാധിച്ചെന്നു വരും. പക്ഷേ, അത് രാഷ്ട്രഗാത്രത്തില്‍ ഏല്‍പിക്കുന്ന ചോര വറ്റാത്ത മുറിവായി ശേഷിക്കും. അത്തരം കോപ്രായങ്ങളിലൂടെ അധികാരത്തിന്റെ ഉന്നതിയില്‍ കയറിപ്പറ്റുന്ന മതഭ്രാന്തന്മാരെ പാഠം പഠിപ്പിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.
ബാബരി മസ്ജിദ് ഭൂമിയുടെ പേരില്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇച്ഛിക്കും വിധം പെട്ടെന്നൊരു ഉത്തരവ് നല്‍കാന്‍ സുപ്രിംകോടതി തയ്യാറാവാതിരുന്നത് ഹിന്ദുത്വ നേതാക്കളില്‍ ഇച്ഛാഭംഗം ഉണ്ടാക്കിയിട്ടുണ്ടാവും. അതുകൊണ്ടാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ ബാബരി മസ്ജിദ് നിലനിന്ന വഖ്ഫ് ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള ബില്ല് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു പറയുന്നത്. രാജ്യസഭയില്‍ ബില്ല് പാസാവാന്‍ സാധ്യതയില്ലാത്തതിനാല്‍ അതു സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചെന്നു വരും. അത്തരമൊരു നിയമലംഘനത്തിലൂടെ തങ്ങളാണ് ഹിന്ദുക്കളുടെ യഥാര്‍ഥ സംരക്ഷകര്‍ എന്ന ധാരണ പരത്താനും, ചാണകപ്പലഹാരവും ഗോമൂത്ര മൃദുലപാനീയവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി മൃദുഹിന്ദുത്വം കളിക്കുന്ന കോണ്‍ഗ്രസ്സിനെ താറടിക്കാനും അവര്‍ക്ക് കഴിയും.
യോഗി ആദിത്യനാഥിനെപ്പോലുള്ള ഒരു കൊടും വര്‍ഗീയവാദി യുപിയില്‍ മുഖ്യമന്ത്രിയായതിനാല്‍ മുമ്പ് കല്യാണ്‍സിങ് ചെയ്തതുപോലെ കാവിഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്ന നീക്കങ്ങള്‍ക്കാണ് സാധ്യത. ബാബരി മസ്ജിദിന്റെ മിഹ്‌റാബില്‍ സ്ഥാപിച്ച കൊച്ചു രാമവിഗ്രഹം കണ്ടു വണങ്ങിനില്‍ക്കുന്നവര്‍ യുപി ഭരണകൂടത്തില്‍ ഏറെയുള്ളതിനാല്‍ 92 ഡിസംബറിലെ കറുത്ത ഞായറാഴ്ച അരങ്ങേറിയ ജുഗുപ്‌സാവഹമായ രംഗങ്ങള്‍ക്ക് ഫൈസാബാദ് വീണ്ടും സാക്ഷ്യം വഹിക്കുമെന്നു കരുതണം. ഇന്ത്യ നേരിടുന്ന ഈ മഹാ വെല്ലുവിളിയെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ നാം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള പലായനമോ നിസ്സംഗതയോ പ്രീണനമോ ഒരു നാട്ടിലും ഫാഷിസ്റ്റ് നരാധമന്മാരെ തടഞ്ഞുനിര്‍ത്തിയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss